International

‘ഇന്ത്യ ജനാധിപത്യമാണ്, കോളനിയല്ല’; ഇലോൺ മസ്‌കിന് മറുപടിയുമായി കമൽഹാസൻ

ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ടെന്നും, ഇന്ത്യയുടെയോ അമേരിക്കയുടെയോ നയങ്ങൾ തീരുമാനിക്കേണ്ടത് ശതകോടീശ്വരന്മാരല്ലെന്നും രാജ്യസഭാംഗം കൂടിയായ നടൻ എക്സിൽ കുറിച്ചു.

Madism Desk

ഇന്ത്യയിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി വൈകുന്നതിന് പിന്നിൽ കുത്തക താൽപര്യങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഇലോൺ മസ്‌ക് ആരോപിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പരോക്ഷമായി പരാമർശിച്ച മസ്‌ക്, ‘ഇന്ത്യയുടെ യഥാർഥ അധികാരി അംബാനിയാണോ?’ എന്നും എക്സിലൂടെ ചോദിച്ചു. 165-ലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലെ നിയമങ്ങളും സർക്കാർ നിർദേശങ്ങളും പാലിക്കാൻ അഞ്ചുവർഷം ചെലവഴിച്ചിട്ടും ലൈസൻസ് ലഭിക്കാത്തതിനാലായിരുന്നു മസ്‌കിന്റെ വിമർശനം.

ഇപ്പോഴിതാ ഇലോൺ മസ്‌കിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കമൽഹാസൻ. ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം തീരുമാനിക്കേണ്ടെന്നും, ഇന്ത്യയുടെയോ അമേരിക്കയുടെയോ നയങ്ങൾ തീരുമാനിക്കേണ്ടത് ശതകോടീശ്വരന്മാരല്ലെന്നും രാജ്യസഭാംഗം കൂടിയായ നടൻ എക്സിൽ കുറിച്ചു.

കമൽഹാസന്റെ എക്സിലെ കുറിപ്പ്:

"മിസ്റ്റർ മസ്‌ക്, ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കരുത്.

ഇന്ത്യൻ കമ്പനികളായാലും വിദേശ കമ്പനികളായാലും, വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ഏറ്റവും പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിയുന്നവർക്കാണ് ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ഇന്ത്യ അവസരം നൽകേണ്ടത്. പ്രതിശീർഷ വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ഉപഗ്രഹ ഇന്റർനെറ്റ് സാധാരണക്കാർക്കും താങ്ങാനാകുന്ന നിരക്കിലായിരിക്കണം. ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ നിരക്കും ഉപകരണങ്ങളുടെ വിലയും കാരണം സാധാരണ കുടുംബങ്ങൾക്ക് ഈ സേവനം ലഭിക്കാതിരിക്കരുത്. ഡിജിറ്റൽ വിടവ് കുറയ്ക്കുകയാണ് ഇന്റർനെറ്റ് ചെയ്യേണ്ടത്, അല്ലാതെ കൂട്ടുകയല്ല. ഇന്ത്യയുടെ ഇന്റർനെറ്റ് ശൃംഖലകളും സ്പെക്ട്രവും വാണിജ്യ ആവശ്യങ്ങൾക്കുള്ളവ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാന സൗകര്യങ്ങൾ കൂടിയാണ്. ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല.

ഓരോ രാജ്യവും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. സ്വന്തം രാജ്യത്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരോട് സ്വതന്ത്ര വിപണിയെക്കുറിച്ച് ഉപദേശിക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിയില്ല. സ്വന്തം വാഹനവ്യവസായത്തെ സംരക്ഷിക്കാൻ അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും സ്വന്തം വാഹന നിർമാതാക്കളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയും അമേരിക്കയും ഹുവായിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം താൽപര്യങ്ങൾക്ക് അനുകൂലമാകുമ്പോൾ മാത്രം മറ്റുള്ളവരോട് തുല്യ അവസരം ആവശ്യപ്പെടാനാവില്ല.

ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ് ഭാരത്‌നെറ്റ്. 2026ലെ സിഎജി. ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതുപോലെ, പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ച് പൗരൻമാർ ചോദ്യം ചെയ്യും. അതേസമയം, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ഓൺലൈനിലെത്തിക്കുകയും ചെയ്ത ഇന്ത്യയുടെ ടെലികോം മേഖലയെയും നിയന്ത്രണസംവിധാനങ്ങളെയും അഭിനന്ദിക്കാനും നമുക്കറിയാം. ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ശക്തികളും പോരായ്മകളും ഇന്ത്യക്കാർ തന്നെ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യും.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്, കോളനിയല്ല. ലോകോത്തര കമ്പനികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. പാശ്ചാത്യരുടെ നിക്ഷിപ്ത താൽപര്യങ്ങളോ അവരുടെ ഇരട്ടത്താപ്പുകളോ ഏതെങ്കിലും ശതകോടീശ്വരനോ, അത് ഇന്ത്യക്കാരനായാലും അമേരിക്കക്കാരനായാലും ഇവിടെ നടത്താൻ സമ്മതിക്കില്ല"

അംബാനിയെക്കുറിച്ചുള്ള പരാമർശത്തിൽ ഇലോൺ മസ്‌കിനെ പിന്തുണച്ചായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘ഇന്ത്യയിലേക്ക് സ്വാഗതം, ഇലോൺ. അമ്പാനിയുടെ ചങ്ങിതിയെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും’ എന്നായിരുന്നു രാഹുൽ എക്സിൽ കുറിച്ചത്.

പിന്നാലെ കൂടുതൽ വിമർശനങ്ങളുമായി മസ്‌കും രംഗത്തെത്തി. ‘പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാർഥ അധികാരി താങ്കളാണെന്ന് തിരിച്ചറിയാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു’ എന്ന പരിഹാസത്തോടെയായിരുന്നു മസ്‌കിന്റെ മറ്റൊരു പോസ്റ്റ്. ഇന്ത്യയിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കുത്തക നിലനിർത്താനായിരിക്കും താൽപര്യമെന്നും എന്നിരുന്നാലും സ്റ്റാർലിങ്കിന് മത്സരിക്കാൻ അവസരം നൽകുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യതയില്ലാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ചെറുകിട സംരംഭങ്ങൾക്ക് ആഗോള വിപണിയിലെത്താനുള്ള അവസരങ്ങളെയും ബാധിക്കുന്നുണ്ടെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. സ്റ്റാർലിങ്കിന്റെ സേവനം ഇവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Kamal Haasan has responded to Elon Musk’s allegations over delays in Starlink’s India launch, asserting that no billionaire should dictate a nation’s policies. The actor and Rajya Sabha MP highlighted affordable satellite internet, fair competition and national security, emphasizing that India’s future must be decided by its people, not foreign interests or billionaires.