കിം ജോങ് ഉന്നിന്റെ വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങൾ അങ്ങനെ പരസ്യമാക്കാറില്ല ഉത്തരകൊറിയ. സുരക്ഷാകാരണങ്ങൾ മുൻനിർത്തി അത്തരം കാര്യങ്ങളൊക്കെ അതീവരഹസ്യമായാണ് ഉത്തരകൊറിയ സൂക്ഷിക്കുന്നത്. കിമ്മിന്റെ ഭാര്യയോ അടുത്ത ബന്ധുക്കളോ പോലും അങ്ങനെ പൊതുവിടത്തിൽ പ്രത്യക്ഷപ്പെടാറുമില്ല.
എന്നാൽ 13കാരിയായ മകളെ, താൻ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പങ്കെടുപ്പിക്കാറുണ്ട് കിം. ഭാവി ഭരണാധികാരിയാണ് കിം ജൂ ഏയ് എന്ന ഈ കുട്ടിയെന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന തരത്തിൽ, ഉത്തരകൊറിയയുടെ ഉന്നതതല പരിപാടികളിലെല്ലാം കിമ്മിനൊപ്പം കിം ജൂ പങ്കെടുക്കാറുമുണ്ട്. മിലിട്ടറി പരേഡുകൾക്കും മിസൈൽ ലോഞ്ചുകൾക്കുമെല്ലാം കിമ്മിനൊപ്പം മകളുമുണ്ടാകും. ഇതോടെ, മകൾ തന്നെയാകും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയെന്ന് ഏറെക്കുറെ വ്യക്തമാവുകയുമാണ്.
എന്നാൽ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ തല പുകയ്ക്കുകയാണ് ദക്ഷിണ കൊറിയ. കിമ്മിന് മകൾ മാത്രമേയുള്ളോ, അതോ മകനുണ്ടോ, ഇനി മകനില്ലെങ്കിൽ മകൾ തന്നെയാകുമോ അടുത്ത ഭരണാധികാരി എന്നൊക്കെ നാലുപാടും അന്വേഷിക്കുകയാണ് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ്. കിം ജോങ് ഉന്നിന്റെ അടുത്ത പിൻഗാമി ആരായിരിക്കും എന്ന് അറിയാനും, അതിലൂടെ രാജ്യത്തിന്റെ ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്താനുമാണ് എൻഐഎസിന്റെ അന്വേഷണം.
ആണവശക്തിയുള്ള ഒരു അയൽരാജ്യത്ത് അധികാരം ആരുടെ കൈകളിലേക്ക് മാറുന്നു എന്നത് ദക്ഷിണ കൊറിയയ്ക്കും മറ്റ് രാജ്യങ്ങൾക്കും തങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ അത്യാവശ്യമാണ്. ഉത്തരകൊറിയയിലെ ഭരണപരമായ കാര്യങ്ങൾ അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കപ്പെടുന്നത് കൊണ്ടാണ് ദക്ഷിണ കൊറിയൻ ഏജൻസികൾ ഈ വിഷയത്തിൽ വിശദമായ അന്വേഷണങ്ങൾ നടത്തുന്നത്.
മുമ്പ് വന്ന ചില രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ കിമ്മിന് ഒരു മൂത്ത ആൺകുട്ടിയുണ്ട് എന്ന അവകാശവാദങ്ങളുണ്ടായിരുന്നു. എന്നാൽ ഭാര്യ റി സോൾ ജുവിൽ ആൺമക്കളില്ലെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ദക്ഷിണകൊറിയ മുന്നിട്ടിറങ്ങിയത്. കിം ജൂ എയ്ക്ക് താഴെ ഒരു മകനുണ്ടെന്ന സംശയം ഏജൻസി പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ പിൻഗാമിയാകാനുള്ള പ്രായം ഈ കുട്ടിയ്ക്കില്ലാത്തതിനാൽ അടുത്ത ഭരണാധികാരി മകൾ തന്നെയെന്നാണ് ഏജൻസി ചൂണ്ടിക്കാട്ടുന്നത്.
കിമ്മിന് മകനുണ്ടെന്ന സംശയം നേരത്തേ തന്നെ എൻഐഎസ് പങ്കുവച്ചിരുന്നു. പക്ഷേ ഇത് മൂത്തയാളാണെന്ന നിഗമനത്തിലായിരുന്നു ഇതുവരെ എല്ലാവരും. 2010ലാണ് ഈ കുട്ടി ജനിച്ചതെന്നും രണ്ടാമതായാണ് മകൾ ജനിച്ചത് എന്നുമായിരുന്നു നിഗമനം. എന്നാൽ ഈ വാദം ശരിയല്ലെന്ന് 2023ൽ ഏജൻസി തന്നെ തിരുത്തിപ്പറഞ്ഞു. വിവരം സ്ഥിരീകരിക്കാൻ സാധിച്ചില്ല എന്നായിരുന്നു വിശദീകരണം. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.
കിം ജൂ എയ് തന്നെയാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയെന്നും ഇനി മകനുണ്ടെങ്കിൽ തന്നെ അതിനെ പിൻഗാമിയായി കിം പരിഗണിക്കുന്നില്ലെന്നും ഏജൻസി അടിവരയിടുന്നുണ്ട്. ആൺകുട്ടിയുണ്ടെങ്കിൽ അയാൾ രാജ്യത്തെ അധികാര കൈമാറ്റത്തിനായുള്ള സ്ഥാനത്തോ രാഷ്ട്രീയ മുൻഗണനയിലോ ഇല്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
ഇനി, കിമ്മിന്റെ മകളാണ് അടുത്ത ഭരണാധികാരിയെങ്കിൽ പതിറ്റാണ്ടുകൾ നീണ്ട പുരുഷാധിപത്യ ഭരണത്തിനാവും ഉത്തരകൊറിയയിൽ അവസാനമാവുക. 1948ൽ ഉത്തര കൊറിയ രൂപീകൃതമായത് മുതൽ പുരുഷന്‍മാരായ ഭരണാധികൾ മാത്രമാണ് രാജ്യം ഭരിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഒരു സ്ത്രീ പിൻഗാമിയായി എത്തുന്നത് സൈനിക രംഗത്തെയും പാർട്ടിയിലെയും മുതിർന്ന നേതാക്കൾ എങ്ങനെ സ്വീകരിക്കും എന്നത് ദക്ഷിണ കൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
South Korea’s National Intelligence Service (NIS) is investigating whether Kim Jong Un has only a daughter or also has a son, and whether his daughter could become the country’s next leader if he has no son. The NIS is trying to determine who Kim Jong Un’s successor might be and, through this, assess North Korea’s future political moves.
For South Korea and other countries, knowing who will take power in a nuclear-armed neighbouring country is crucial for planning their defence strategies. Since North Korea’s internal affairs are kept extremely secretive, South Korean intelligence agencies are conducting detailed investigations into the issue.