International

50 ദിവസം നീണ്ട പശ്ചിമേഷ്യൻ സംഘർഷം; ആഗോള ഊർജ വിപണിക്ക് നഷ്ടം ഏകദേശം 4 ലക്ഷം കോടി രൂപയുടെ അസംസ്കൃത എണ്ണ

ട്രംപ് ഭരണകൂടം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഹോർമൂസ് കടലിടുക്കില്‍ ലഭിച്ചത്. പാത അടച്ചിട്ടതോടെ ചരക്ക് നീക്കങ്ങള്‍ പൂർണമായും നിലച്ചു

Madism Desk

പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് 50 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ഊർജ വിപണി ഗുരുതര പ്രത്യാഘാതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപാദനത്തിൽ വൻ ഇടിവ് ഉണ്ടായതോടെ, ഏകദേശം 4.1 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ധനമാണ് ഉത്പാദിപ്പിക്കപ്പെടാതെ പോയത്. ഈ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ ഒരു വർഷത്തിലധികം വിപണിയിലുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം, ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിന് പിന്നാലെ 50 കോടി ബാരലിലധികം ക്രൂഡ് ഓയിലും കണ്ടൻസേറ്റും വിപണിയിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഊർജ വിതരണ പ്രതിസന്ധികളിലൊന്നായിട്ടാണ് ഇപ്പോള്‍ ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ നഷ്ടം അമേരിക്കയുടെ ഏകദേശം ഒരു മാസത്തെ എണ്ണ ആവശ്യത്തിനും, യൂറോപ്പിന്റെ ഒരു മാസത്തിലധികം ആവശ്യത്തിനും തുല്യമാണ്. കൂടാതെ, ആഗോള കപ്പൽ ചരക്ക് ഗതാഗതത്തിനായി നാല് മാസത്തേക്ക് ഉപയോഗിക്കാനാവശ്യമായ ഇന്ധനമാണ് ഉത്പാദന കുറവായി രേഖപ്പെടുത്തിയിരിക്കുന്നത്.

മാർച്ചിൽ ഗൾഫ് അറബ് ഉൽപാദകർക്ക് പ്രതിദിനം ഏകദേശം 80 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപാദന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ലോകത്തിലെ പ്രമുഖ ഊർജ കമ്പനികളായ എക്സോൺ മൊബിൽ, ഷെവ്രോൺ എന്നിവയുടെ സംയുക്ത ഉൽപാദനത്തിന് തുല്യമായ വൻ ഇടിവാണിതെന്നാണ് വിലയിരുത്തൽ. വിമാന ഇന്ധന കയറ്റുമതിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന ഇന്ധന കയറ്റുമതി ഫെബ്രുവരിയിൽ 19.6 മില്യൺ ബാരൽ രേഖപ്പെടുത്തിയപ്പോൾ, മാർച്ചിലും ഏപ്രിൽ ആദ്യ പകുതിയിലും 4.1 മില്യൺ ബാരലായി കുത്തനെ ഇടിഞ്ഞു. ഈ നഷ്ടം ഏകദേശം 20000 അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ ആവശ്യമായ ഇന്ധനത്തിനോട് തുല്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സംഘർഷം ശമിച്ചാലും, ഹോർമുസ് കടലിടുക്ക് തുറന്നാലും, എണ്ണ വിതരണത്തിന്റെ പുനഃസ്ഥാപനം വേഗത്തിൽ നടക്കില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണപ്പാടങ്ങൾ സാധാരണ നിലയിലാകാൻ 4 മുതൽ 5 മാസം വരെ എടുക്കാനിടയുണ്ട്. അതേസമയം, ഖത്തറിലെ റാസ് ലാഫാൻ എൽഎൻജി സമുച്ചയം ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ വർഷങ്ങൾ വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിപണിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

English Summary: The 50-day Middle East conflict has caused a massive disruption in global energy markets, leading to over $50 billion in lost oil production. Supply shortages, falling exports, and slow recovery are expected to impact global economies for years.