International

റോഹിങ്ക്യൻ വംശഹത്യ; അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇസ്രായേലിനുള്ള മുന്നറിയിപ്പോ?

ഗാസയിൽ വംശഹത്യ നടന്നെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിലും മ്യാൻമറിനെതിരായ വിധി നിർണായകമായേക്കും

Madism Desk

മ്യാൻമറിലെ വടക്കൻ റാഖൈൻ മേഖലയിൽ റോഹിങ്ക്യൻ വംശജർക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നവംബർ 19നാണ് പുറത്തുവന്നത്. പലസ്തീനിലിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിലിരിക്കെ മ്യാൻമറിലെ വംശഹത്യ ശരിവെച്ചുള്ള വിധി ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഐസിജെ വിധിയോടെ വംശഹത്യാ കുറ്റത്തിന് നേരിട്ട് ഉത്തരവാദിയാകുന്ന ചരിത്രത്തിലെ ആദ്യത്തെ പരമാധികര രാഷ്ട്രമായി മ്യാൻമർ മാറി.

മ്യാൻമർ വിധി ഇസ്രയേലിനെതിരായ കേസിൽ നിർണായകമാകുമോ?

ഐസിജെ നേരത്തെ പുറപ്പെടുവിപ്പിച്ചുട്ടുള്ള വിധികൾ മറ്റ് കേസുകളിൽ പിന്തുടരണമെന്നില്ല. ഐസിജെയിലെ ആർട്ടിക്കിൾ 59 പ്രകാരം ഒരു വിധി അതത് കേസിലെ കക്ഷികൾക്കും ആ കേസിനും മാത്രമാണ് ബാധകമാകുക.

മ്യാൻമറിനെതിരായ വിധിയിൽ 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചിൽ ഒൻപത് പേർ അനുകൂലിച്ചും ആറ് പേർ എതിർത്തുമാണ് വോട്ട് ചെയ്തത്. രാജ്യങ്ങളെ വംശഹത്യക്കേസിൽ നേരിട്ട് ഉത്തരവാദികലാക്കുന്നതിൽ ജഡ്ജിമാർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് വോട്ടിലെ വ്യത്യാസം വ്യക്തമാക്കുന്നത്.

എങ്കിലും ഈ കേസിൽ തെളിവുകൾ വിലയിരുത്തപ്പെട്ട രീതി സമാനമായ മറ്റ് കേസുകളിലും നിർണായകമാകാമെന്ന ചർച്ചകളും സജീവമാണ്. ഗാസയിൽ വംശഹത്യ നടന്നെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിലും മ്യാൻമറിനെതിരായ വിധി നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. മ്യാൻമർ സൈന്യം 2017ൽ റോഹിങ്ക്യകൾക്കെതിരെ നടത്തിയ ക്ലിയറൻസ് ഓപ്പറേഷനുകളാണ് വംശഹത്യയുടെ ഉദ്ദേശ്യം കണ്ടെത്തുന്നതിൽ നിർണായകമായി മാറിയത്. ഈ സൈനിക നടപടികളിൽ ഏകദേശം 10,000 റോഹിങ്ക്യക്കാർ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വയസിൽ താഴെയുള്ള 2,000ലധികം കുട്ടികളുടെ കൊലപാതകം, മറ്റ് അതിക്രമങ്ങൾ എന്നിവയും കോടതി പരിഗണിച്ചു.

സൈനികവിരുദ്ധ നടപടികൾ പോലുള്ള മറ്റ് ലക്ഷ്യങ്ങളും ഒരു സൈനിക നീക്കത്തിന് പിന്നിലുണ്ടെന്നത് വംശഹത്യാ ഉദ്ദേശ്യം ഇല്ലാതാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാ്ടി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളിലും സമാനമായ സാഹചര്യങ്ങളുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഹമാസിനെതിരായ ഭീകരവിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് ​ഗാസയിലെ ആക്രമണങ്ങളെന്നാണ് തുടക്കം മുതൽ ഇസ്രായേൽ ന്യായീകരിച്ചിരുന്നത്.

എന്നാൽ 2026ലെ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ പ്രകാരം 2023 ഡിസംബർ മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 20,179 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ നടപടികൾ ഗാസയിലെ കുട്ടികളുടെ ബാല്യത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ തകർത്തുവെന്നാണ് അന്വേഷണ കമ്മിഷന്റെ വിലയിരുത്തൽ.

മ്യാൻമർ കേസിലും കുട്ടികളുടെ കൊലപാതകങ്ങളാണ് ഒരു വിഭാ​ഗത്തെ ഇല്ലാതാക്കാൻ സൈന്യം ശ്രമിച്ചുവെന്നതിൽ തെളിയിക്കാൻ നിർണായകമായത്. മ്യാൻമർ കേസിൽ പരിഗണിച്ച ഇത്തരം തെളിവുകൾക്ക് ഗാസയിലെ യുദ്ധവുമായി സമാനതകൾ ഉള്ളതിനാൽ അവ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഐസിജെയിൽ നൽകിയ കേസുകളെ സ്വാധീനിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വംശഹത്യയ്ക്ക് ഒരു രാഷ്ട്രത്തെ ഉത്തരവാദിയാക്കുന്നതിന്റെ പ്രാധാന്യം

1948ലെ വംശഹത്യാ കൺവെൻഷൻ പ്രകാരം ഒരു വിഭാഗത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുക, അവർക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ആഘാതങ്ങൾ സൃഷ്ടിക്കുക, കുട്ടികളെ ബലമായി മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുക എന്നിവ വംശഹത്യയുടെ പരിധിയിൽ വരും. അന്താരാഷ്ട്ര നിയമരംഗത്തെ സുപ്രധാന ചുവടുവെപ്പായിരുന്നു ഈ നിയമം.

ഏതെങ്കിലും രാഷ്ട്രം വ്യവസ്ഥകൾ ലംഘിച്ചാൽ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അത് പരിഗണിക്കാനുള്ള അവകാശം 1948ലെ കൺവെൻഷനിൽ ഉറപ്പ് നൽകിയിരു്നനെങ്കിലും വ്യക്തികളുടെ മേൽ മാത്രമേ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ പാടുള്ളുവെന്ന അഭിപ്രായവും അന്ന് മുതൽ തുടരുന്നുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ പതാകയ്ക്ക് കീഴിൽ നടന്ന കുറ്റകൃത്യങ്ങളിൽ എങ്ങനെ ഒരു വ്യക്തിയെ ഉത്തരവാദിയാക്കാനാകുമെന്നതായിരുന്നു പ്രധാന ചോദ്യം.

The International Court of Justice's historic ruling holding Myanmar directly responsible for the Rohingya genocide could have significant implications for South Africa's genocide case against Israel. Although the verdict is not legally binding on other cases, the court's approach to evaluating evidence, genocidal intent and the killing of children may influence its consideration of the situation in Gaza.