International

'ഇസ്ലാംപുര കൃഷൻ നഗർ ആയി'; വിഭജന കാലത്തെ പ്രതാപത്തിലേക്ക് മടങ്ങാന്‍ ലാഹോർ, മാറാനൊരുങ്ങി പാകിസ്ഥാൻ നഗരങ്ങള്‍

വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇസ്ലാമിക ശൈലിയിലെ പേരുകൾ നൽകിയിരുന്നു

Madism Desk

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ പേരുമാറ്റം ഇന്ന് നമുക്കൊരു വാർത്തയല്ല! ഇസ്ലാമികമോ മുഗൾ രാജഭരണവുമായി ബന്ധമുള്ളതോ ആയ പേരുകളെല്ലാം തന്നെ സംഘപരിവാർ അധികാരത്തിലെത്തിയ ശേഷം ഹിന്ദുനാമങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടാറുണ്ട്. ഫൈസാബാദിന്‍റെ പേര് അയോധ്യയായതും അലഹബാദ് പ്രയാഗ്രാജായതുമൊക്കെ ഇത്തരത്തിലാണ്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു പേരുമാറ്റമാണ് പാകിസ്ഥാനിൽ ഇപ്പോള്‍ നടക്കുന്നത്. ലാഹോറിലെ ഇസ്ലാംപുര കൃഷൻനഗർ ആയി, ബാബരി മസ്ജിദ് ചൌക്ക് ജെയ്ൻ മന്ദിർ ചൌക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ ഇസ്ലാമിക നാമമുള്ള ഒമ്പത് സ്ഥലങ്ങളുടെ പേരാണ് ഹിന്ദു, സിഖ്, കൊളോണിയൽ പേരുകളിലേക്ക് മാറ്റിയിരിക്കുന്നത്.

വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇസ്ലാമിക ശൈലിയിലെ പേരുകൾ നൽകിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെ കെട്ടിടങ്ങൾ മിക്കതും വേണ്ട സംരക്ഷണം നൽകാത്തതിനാൽ നശിക്കുകയും ചെയ്തു. എന്നാൽ വിഭജനത്തിന് മുമ്പത്തെ രാജ്യത്തിന്റെ ചരിത്രം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, പതിറ്റാണ്ടുകളായി മറഞ്ഞുകിടന്നിരുന്ന പഴയ പേരുകൾ തിരിച്ചുകൊണ്ടുവരാനും ലാഹോറിനെയുൾപ്പടെ പുനരുജ്ജീവിപ്പിക്കാനും പഞ്ചാബ് പ്രവിശ്യ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായാണ് പേരുമാറ്റം.

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്ർറെ സ്വപ്നപദ്ധതി ആയിരുന്നു ലാഹോറിന്റെ പ്രൌഢി വീണ്ടെടുക്കുക എന്നത്. ലാഹോറിന്റെ ഗല്ലികളുടെ ഹിന്ദു, സിഖ്, ബ്രിട്ടീഷ് കാലത്തെ പേരുകൾ തിരിച്ചുനൽകി, കെട്ടിടങ്ങൾ പുനരുദ്ധാരണം ചെയ്ത്, ആ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു.

പതിറ്റാണ്ടുകളായുള്ള അവഗണന, ക്രമരഹിതമായ നഗരവത്കരണം, ആശയപരമായ ചരിത്രമാറ്റങ്ങൾ എന്നിവയ്ക്ക് പിന്നാലെ ലാഹോറിന്റെ ശില്പ-സാംസ്കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള, ഏകദേശം 50 ബില്യൺ പാകിസ്ഥാൻ രൂപയുടെ, 'ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവൽ' (LAHR) പദ്ധതിയുടെ ഭാഗമായാണ് നിലവിലെ പേരുമാറ്റം. 2025ൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ആണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ നവാസ് ഷരീഫ് മുഖ്യരക്ഷാധികാരി ആണ്.

പദ്ധതിപ്രകാരം നിലവിൽ സുന്നത്നഗർ ശാന്ത്നാനഗർ ആയും മൌലാനാ സഫർ അലി ഖാൻ ചൌക്ക് ലക്ഷ്മി ചൌക്ക് ആയും മുസ്തഫാബാദ് ധരംപുരയായും സർ അഗ ഖാൻ ചൌക്ക് ഡേവിസ് റോഡ് ആയും അല്ലമാ ഇഖ്ബാൽ റോഡ് ജെയിൽ റോഡ് ആയും ഫാത്തിമാ ജന്ന റോഡ് ക്വീൻസ് റോഡ് ആയും ബാഗ്-ഇ-ജിന്ന ലോറൻസ് ഗാർഗൻസ് ആയും പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കെട്ടിടങ്ങളുടെ പുനരുദ്ധാരണവും പൂർത്തിയാകുന്നതോടെ ലാഹോറിന് വിഭജനത്തിന് മുമ്പുള്ള സൌന്ദര്യവും പ്രൌഢിയും വീണ്ടെടുക്കാനാകും.

പൈതൃകപ്പട്ടികയിലുൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന 115ഓളം കെട്ടിടങ്ങൾ ലാഹോറിൽ മാത്രമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ 75 കെട്ടിടങ്ങളിൽ 48ലും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പദ്ധതി ഇപ്പോൾ പഴയ നഗരമതിലുകൾക്കപ്പുറത്തേക്കും വ്യാപിക്കുകയാണ്. മാൾ റോഡിനോട് ചേർന്നുള്ള കൊളോണിയൽ കാലഘട്ടത്തെ പ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നുണ്ട്. ചരിത്രപ്രസിദ്ധമായ നടപ്പാതകൾ പുനർനിർമിക്കും. മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനുകൾ ഭൂഗർഭത്തിലേക്ക് മാറ്റും. മലിനജല-ഡ്രെയിനേജ് സംവിധാനങ്ങൾ പുനർനിർമിക്കും. ചരിത്രപ്രധാനമായ തോട്ടങ്ങൾക്കും സ്മാരകങ്ങൾക്കും സമീപമുള്ള കയ്യേറ്റങ്ങൾ നിലവിൽ ഒഴിപ്പിക്കപ്പെടുന്നുണ്ട്. പഴയ നഗരത്തെ ചുറ്റിപ്പറ്റിയുള്ള ഏഴ് കിലോമീറ്റർ നീളമുള്ള മതിലിന്റെ വലിയ ഭാഗങ്ങളും പുനർനിർമിക്കും.

നിലവിൽ പുനർനിർമാണം പൂർത്തിയായിരിക്കുന്നതിൽ ചർച്ചുകളും ഗുരുദ്വാരകളും ക്ഷേത്രങ്ങളുമൊക്കെയുണ്ട്. 19ാം നൂറ്റാണ്ടിലെ മഹാരാജ രഞ്ജിത്ത് സിങ്ങിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായ സിഖ് പ്രതിമകളുടെയും പുനർനിർമാണം നടക്കുകയാണ്. നേരത്തേ രണ്ട് തവണ ഈ പ്രതിമകൾ സ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നശിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായതായാണ് വാൾഡ് സിറ്റി ഓഫ് ലാഹോർ ഡയറക്ടർ ജനറൽ കമ്രാൻ ലശരി വ്യക്തമാക്കുന്നത്. എന്നാൽ സമീപകാലങ്ങളിൽ ഈ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിലവിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്ന സമീപനമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സിഖ് രാജവംശത്തിന്റെ അവസാന പിന്‍ഗാമിയായ രാജകുമാരി ബാംബ സതർലൻഡിന്റെ ചിത്രവും ലാഹോർ കോട്ടയിലെ സിഖ് ഗാലറിയിൽ പുനരുദ്ധരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.. രഞ്ജിത് സിംഗിന്റെ മൂത്ത മകന്റെ പേരിലുള്ള ഖരക് സിംഗ് ഹവേലിയും അതിന്റെ യഥാർത്ഥ പേരിൽ തന്നെ നവീകരിച്ചു. ബാദ്ഷാഹി മസ്ജിദിന് സമീപമുള്ള ഗുരുദ്വാരങ്ങളിലും സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ലശരി അറിയിക്കുന്നത്.

English Summary: With the aim of preserving the country’s pre-partition history, Pakistan's Punjab province decided to revive Lahore and restore old names that had remained forgotten for decades. The renaming initiative is part of this effort. Over the past two months, the names of nine places bearing Islamic names have been changed to Hindu, Sikh, and colonial-era names.