International

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം

മാർപാപ്പയുടെ അഭാവത്തിൽ ബുധനാഴ്ചകളിലെ പതിവ് കൂടിക്കാഴ്ചകൾക്ക് ഫിലിപ്പീൻസിൽ നിന്നുള്ള കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ നേതൃത്വം നൽകും.

Madism Desk

കത്തോലിക്കാ സഭയുടെ പരമാധികാരിയായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. റോമിലെ പ്രശസ്തമായ ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് നാളായി അദ്ദേഹം ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്നുള്ള മെഡിക്കൽ പരിശോധനയിലാണ് വലത്തെ ശ്വാസകോശത്തിൽ ഒരു മുഴയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ മാർപാപ്പ തന്നെ ഈ വിവരം പൊതുജനങ്ങളെ അറിയിച്ചിരുന്നു. വളരെ ചെറിയ മുഴയാണെന്നും തുടക്കത്തിൽ തന്നെ അത് കണ്ടെത്തിയതിനാൽ ഭയപ്പെടാനില്ലെന്നും ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് താൻ വിധേയനാകുകയാണെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു. ഏകദേശം 90 മിനിറ്റോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. വലത്തെ ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം ഡോക്ടർമാർ നീക്കം ചെയ്തു. വീഡിയോ-അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തതത്. തുടർന്ന് അവിടെയുള്ള കോശങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലങ് അഡിനോകാർസിനോമ എന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് നടത്തിയ പരിശോധനകളിൽ തന്നെ ഡോക്ടർമാർ അർബുദ സാധ്യത സംശയിച്ചിരുന്നു എങ്കിലും, ശസ്ത്രക്രിയയിലൂടെയാണ് ഇത് ഔദ്യോഗികമായി ഉറപ്പിച്ചത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ഒക്ടോബർ 20 വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

71 വയസ്സുള്ള ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് പുകവലിക്കുന്ന ശീലമില്ല. ടെന്നീസ് കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം നല്ല ആരോ​ഗ്യവാനായ ഒരാളായാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ 1985-ൽ പെറുവിൽ ഒരു യുവ പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഗുരുതരമായി ടൈഫോയ്ഡ് ബാധിച്ചിരുന്നു. അന്ന് വേദന സഹിക്കാനാകാതെ മരണം പോലും താൻ ആഗ്രഹിച്ചിരുന്നതായും, പിന്നീട് ആ അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ദൈവം തനിക്കായി കരുതിവെച്ച മറ്റൊരു നിയോഗമാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുന്നറിയിപ്പ് എന്ന നിലയിൽ ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. മാർപാപ്പയുടെ അഭാവത്തിൽ ബുധനാഴ്ചകളിലെ പതിവ് കൂടിക്കാഴ്ചകൾക്ക് ഫിലിപ്പീൻസിൽ നിന്നുള്ള കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ നേതൃത്വം നൽകും. വത്തിക്കാന്റെ ദൈനംദിന ഭരണകാര്യങ്ങളെ മാർപ്പാപ്പയുടെ ആശുപത്രി വാസം ബാധിക്കില്ല. നവംബർ 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് 11 ദിവസത്തെ പര്യടനത്തിന് മാർപ്പാപ്പ തയ്യാറെടുക്കുന്നുണ്ട്. ഇതിന് മുൻപായി അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

Pope Leo XIV has been diagnosed with lung cancer following a successful 90-minute surgery at Rome's Gemelli Hospital to remove the lower lobe of his right lung. The 71-year-old pontiff is recovering well in his hospital room, and all his public engagements have been canceled until October 20.