International

ദീർഘായുസിന് അവയവങ്ങളുടെ 3ഡി പ്രിന്റിങ് മുതൽ പന്നിവളർത്തൽ വരെ; പുടിന്റെ 26 ബില്യൻ ഡോളർ പദ്ധതി

ജനിതക ചികിത്സ (Gene Therapy) ഉൾപ്പെടുന്ന ദീർഘായുസ് പദ്ധതി 2024-ലാണ് റഷ്യ ആരംഭിച്ചത്

Madism Desk

ആഭ്യന്തര തിരഞ്ഞെടുപ്പുകളുടെയും ആഗോള ബന്ധങ്ങളുടെയും കാര്യത്തിൽ ശാന്തനും ആത്മവിശ്വാസിയുമായി കാണപ്പെടുന്നയാളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. എന്നാൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉയർന്ന മരണനിരക്കുകളും അത് മറികടക്കാനുള്ള 26 ബില്യൺ ഡോളറിന്ർറെ 'ദീർഘായുസ്' പദ്ധതിയും അദ്ദേഹത്തിൻറെ ഉറക്കം നഷ്ടപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ മുൻഗണനാ ലിസ്റ്റിലുള്ള ദീർഘായുസ് പദ്ധതിയിൽ ബയോ പ്രിന്റിം​ഗ്, സെനോ ട്രാൻസ്പ്ലാൻ്റേഷൻ എന്നിവയടക്കം ഉൾപ്പെടുന്നുണ്ട്. ജീവനുള്ള കോശത്തിന്റെ 3 D പ്രിന്റിംഗും അവയവങ്ങൾ ഗിനി പന്നികളിൽ വളർത്തിയെടുക്കുന്ന മാർഗവും പദ്ധതിയിലുള്ളതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ജനിതക ചികിത്സ (Gene Therapy) ഉൾപ്പെടുന്ന ദീർഘായുസ് പദ്ധതി 2024-ലാണ് ആരംഭിച്ചത്. റിപ്പോർട്ട് പ്രകാരം, 2030-ഓടെ 1.75 ലക്ഷം ജീവനുകൾ രക്ഷിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ് എന്നാണ് പേര്.

പദ്ധതിയിലൂടെ, ബയോപ്രിന്റ് ചെയ്ത് തരുണാസ്ഥി, മൌസ് തൈറോയ്ഡ് ഗ്രന്ഥി എന്നിവ വികസിപ്പിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പത്ത് വർഷത്തിനുള്ളിൽ അവയവങ്ങൾ മനുഷ്യശരീരത്തിൽ ഉപയോഗിക്കാനാവുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യം.

പുടിന്റെ മകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ വോറോൺസ്തോവയും ഫിസിസിസ്റ്റ് മിഖായേൽ കോവൽചുക്കുമാണ് പദ്ധതിയുടെ മാസ്റ്റർമൈൻഡ്സ്. മനുഷ്യാവയവങ്ങളുടെ തകരാറുകൾ പരിഹരിക്കാനും വേണമെങ്കിൽ അവയെ റീപ്ലേസ് ചെയ്യാനുമുള്ള കഴിവ് ശാസ്ത്രത്തിന് മാത്രമേയുള്ളൂവെന്നാണ് പദ്ധതിയോട് മരിയയുടെ പ്രതികരണം.

മരണമില്ലാത്ത അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും അത്ര എളുപ്പമല്ലെന്നും, എന്നാൽ മനുഷ്യശരീരത്തിന് പകരമായി മറ്റൊന്ന് പുനസ്ഥാപിക്കുന്ന ട്രെൻഡ് അധികം വൈകാതെ ഉണ്ടാകുമെന്ന് കോവൽചുക്കും പ്രതികരിച്ചു. കോവിഡ്-19 മഹാമാരിക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുൻപ് വലിയ രീതിയിൽ വിമർശനം നേരിട്ട വ്യക്തിയാണ് കോവൽചുക്ക്.

ഗവൺമെന്റ് ഫണ്ടിംഗ്, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ ശാസ്ത്ര ശൃംഖലകൾ എന്നിവയെ സംയോജിപ്പിച്ചുള്ള ദീർഘകാല ദേശീയ മുൻഗണനാ പദ്ധതിയാണ് റഷ്യ നടപ്പാക്കാനൊരുങ്ങുന്നത്. ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ ആഗോള വ്യവസായികൾ സമാനമായ ആയുർദൈർഘ്യ ഗവേഷണങ്ങൾക്ക് നിലവിൽ ധനസഹായം നൽകുന്നുണ്ട്. റഷ്യയുടെ പദ്ധതി വിജയിച്ചാൽ ഈ രംഗത്ത് വൻ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് റഷ്യയും എത്തും.

നിലവിൽ 73 വയസ്സുള്ള വ്ലാഡിമിർ പുടിൻ തന്റെ കായികക്ഷമത നിലനിർത്താൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണ്. കോവിഡ് സമയത്ത് കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്ന അദ്ദേഹം, ശരീരം കടുത്ത തണുപ്പിൽ ക്രമീകരിക്കുന്ന ക്രയോതെറാപ്പി പോലുള്ള ആരോഗ്യരീതികളിൽ താല്പര്യം കാണിക്കുന്നതായും വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

കുതിരസവാരി, ഐസ് ഹോക്കി, ജിം ട്രെയിനിംഗ് എന്നിവയൊക്കെ ചെയ്യുന്ന പുടിന്ർറെ ചിത്രങ്ങൾ നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്. അവയവമാറ്റത്തിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പുടിൻ ചർച്ച നടത്തിയതായും വാൾ സറ്റ്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

English Summary: Russia’s longevity programme, a priority initiative for the country, includes technologies such as bioprinting and xenotransplantation. According to The Wall Street Journal, the project also envisions 3D printing of living cells and growing organs in guinea pigs for transplantation.