പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?

കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപക ആക്രമണം
പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?
Published on

ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വിദ്വേഷ ആക്രമണങ്ങളുടെ ഒരു തരംഗം തന്നെ ഉണ്ടായേക്കാമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നല്‍കി. കുടിയേറ്റക്കാരെ പ്രത്യേകിച്ച് സിംബാബ്വെക്കാരെ ലക്ഷ്യമിട്ട് പ്രതിഷേധങ്ങളും ആക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ജോഹന്നാസ്ബര്‍ഗ്, പ്രിട്ടോറിയ, ഡര്‍ബന്‍ എന്നിവയുള്‍പ്പെടെയുള്ള ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളിലാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്.

രേഖകളില്ലാത്ത കുടിയേറ്റത്തിനെതിരെ കര്‍ശനമായ നിയമനിര്‍മാണം ആവശ്യപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങളായ 'മാര്‍ച്ച് ആന്‍ഡ് മാര്‍ച്ച്', 'ഓപ്പറേഷന്‍ ഡുഡുല' തുടങ്ങിയ ഗ്രൂപ്പുകളാണ് പല നഗരങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭീഷണിപ്പെടുത്തലുകള്‍, ഉപദ്രവങ്ങള്‍, നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കല്‍, ജോലിസ്ഥലങ്ങളിലെ വിവേചനം, പണം തട്ടിയെടുക്കല്‍, ആരോഗ്യ സംരക്ഷണവും മറ്റ് അടിസ്ഥാന സേവനങ്ങളും നിഷേധിക്കല്‍, വാടകവീടുകളില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങിയ അതിക്രമങ്ങള്‍ കുടിയേറ്റക്കാര്‍ക്കെതിരെയും അഭയാര്‍ഥികള്‍ക്കെതിരെയും നടക്കുന്നുണ്ട്.

ഈ ജനരോഷത്തിന് കാരണമെന്ത്?

ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ എന്നിവ പിടിമുറുക്കിയ ചില ടൗണ്‍ഷിപ്പുകളിലും നഗരപ്രദേശങ്ങളിലും കുടിയേറ്റ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണയേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാട്രിയോട്ടിക് അലയന്‍സ്, ആക്ഷന്‍ എസ്എ, ഉംഖോന്റോ വെ സിസ്വെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റക്കാരെ എതിരാളികളായാണ് കണക്കാക്കുന്നത്. തൊഴിലവസരങ്ങളും പൊതുസേവനങ്ങളും കുടിയേറ്റക്കാര്‍ കവരുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ജൂണ്‍ 30-നകം വിദേശ പൗരന്മാര്‍ ദക്ഷിണാഫ്രിക്ക വിട്ടുപോകണമെന്നാണ് കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?
എണ്ണ പ്രതിസന്ധിയും പുകയുന്ന യുവത്വവും; രാജ്യത്ത് 1973 ആവര്‍ത്തിക്കുമോ?

രാജ്യത്തുണ്ടാകുന്ന വലിയ സാമൂഹിക നിരാശകളുടെ പ്രതിഫലനമാണ് ഇത്തരം ഗ്രൂപ്പുകളുടെ വളര്‍ച്ചയെന്ന് കണ്‍സോര്‍ഷ്യം ഫോര്‍ റഫ്യൂജീസ് ആന്‍ഡ് മൈഗ്രന്റ്‌സ് ഇന്‍ സൗത്ത് ആഫ്രിക്കയിലെ അംഗം എംഫോ മഖുബേല പറഞ്ഞു. തൊഴിലില്ലായ്മയും സാമൂഹിക-സാമ്പത്തിക തകര്‍ച്ചയും അസമത്വങ്ങള്‍ പരിഹരിക്കുന്നതിലെ വീഴ്ചകളും കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് അടിത്തറ പാകിയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും നിയമവാഴ്ച നിലനിര്‍ത്താനും വിദേശ പൗരന്മാരെ സംരക്ഷിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. 1994-ന് ശേഷമുള്ള നയങ്ങള്‍ കുടിയേറ്റക്കാരെ കര്‍ശനമായി തടഞ്ഞുവെക്കുന്നതിന് പകരം സാമൂഹികമായ ഒത്തുചേരലിനാണ് മുന്‍ഗണന നല്‍കിയതെന്ന് സര്‍ക്കാര്‍ വക്താവ് നോമോണ്ടെ മ്‌നുക്വ പറഞ്ഞു. അതുകൊണ്ട് ദക്ഷിണാഫ്രിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ സ്വഭാവം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റ നിയമങ്ങള്‍ പുനഃപരിശോധിച്ചുവരികയാണെന്നും അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയാണെന്നും ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്നും മ്‌നുക്വ അറിയിച്ചു. ദേശീയത ഏതായാലും, രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും അന്തസ്സും മനുഷ്യാവകാശങ്ങളും ദക്ഷിണാഫ്രിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ആക്ടിവിസത്തിന്റെയും പ്രതിഷേധങ്ങളുടേയും മറവില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് നിയമവിരുദ്ധമാണെന്ന് പ്രസിഡന്റ് സിറില്‍ റമാഫോസയും വ്യക്തമാക്കിയിട്ടുണ്ട്.

പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?
വംഗ നാട്ടില്‍ അടിവേര് തകര്‍ന്ന് തൃണമൂല്‍, പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിസന്ധി; യൂത്ത് ബ്രിഗേഡിലൂടെ തിരിച്ചുവരാന്‍ ഇടതുപക്ഷം

തൊഴിലില്ലായ്മ, വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം, രേഖകളില്ലാത്ത കുടിയേറ്റം, കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ നിരാശ അംഗീകരിക്കുന്നുണ്ടെങ്കിലും കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ശത്രുതാപരമായ നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നിരുന്നാലും, പ്രതിഷേധക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത്. രേഖകളില്ലാത്ത കുടിയേറ്റം രാജ്യത്തെ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ക്കും പൊതുസേവനങ്ങള്‍ക്കും മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും 'ദുഡുല ഓപ്പറേഷന്‍സ് മൂവ്മെന്റ്' വക്താവ് പാറ്റ് മൊക്ഗാലുസി പറഞ്ഞു.

രേഖകളില്ലാത്ത കുടിയേറ്റം കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം, നിയമങ്ങള്‍ പാലിച്ചുകൊണ്ട് വരുന്ന നിയമപരമായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 'മാര്‍ച്ച് ആന്‍ഡ് മാര്‍ച്ച്' സംഘടനയുടെ സ്ഥാപകയായ ജസീന്ത എന്‍ഗോബെസെ സുമ പറഞ്ഞത്, രേഖകളില്ലാത്ത കുടിയേറ്റം രാജ്യത്തെ വിഭവങ്ങളുടെ വിതരണത്തെ ദോഷകരമായി ബാധിക്കുമെന്നും നഗരങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, തൊഴില്‍ വിപണി എന്നിവടങ്ങളില്‍ അമിതമായ തിരക്കിന് കാരണമാകുകയും ചെയ്യുന്നു എന്നാണ്. ശക്തമായ തിരിച്ചറിയല്‍ രേഖകള്‍, കര്‍ശനമായ നിയമപാലന സംവിധാനങ്ങള്‍ എന്നിവയിലൂടെ കുടിയേറ്റം കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് അവര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ സംഘര്‍ഷങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നു സിംബാബ്വെയുടെ നീതിന്യായ, നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി സിയാംബി സിയാംബി പറഞ്ഞു. എന്നാല്‍ ആഭ്യന്തര കാര്യങ്ങളില്‍ സിംബാബ്വെ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികള്‍ നേരിടുന്ന തങ്ങളുടെ പൗരന്മാരെ സഹായിക്കാന്‍ നയതന്ത്ര ചാനലുകളിലൂടെയും എംബസികളിലൂടെയും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയും തൊഴിലില്ലായ്മയും, ഭീതിയുടെ നിഴലിൽ കുടിയേറ്റക്കാർ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നതെന്ത്?
ജെഇഇയും നീറ്റും ഒന്നാകുന്നു; ചോദ്യപേപ്പർ ചോർച്ചക്കിടയിൽ സംയുക്ത പ്രവേശന പരീക്ഷയ്ക്ക് നീക്കം, കേന്ദ്രത്തിന്റെ ലക്ഷ്യമെന്ത്?

കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ ആന്‍ഡ് പീപ്പിള്‍സ് റൈറ്റ്സും തങ്ങളുടെ ആശങ്കകള്‍ രേഖപ്പെടുത്തുകയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കുടിയേറ്റക്കാര്‍ക്ക് നീതിയും സേവനങ്ങളും ലഭ്യമാക്കുന്നത് ഉറപ്പാക്കാനും ദക്ഷിണാഫ്രിക്കന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും മോശം സേവനങ്ങള്‍ക്കും കുടിയേറ്റക്കാരെ പഴിചാരുന്നത് വിദ്വേഷം വര്‍ദ്ധിപ്പിക്കാനും മനുഷ്യാവകാശ സംരക്ഷണങ്ങളെ തകര്‍ക്കാനും ഇടയാക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും മുന്നറിയിപ്പ് നല്‍കി.

English Summary: South Africa is witnessing growing anti-immigrant tensions as protests and hostility increasingly target migrants, particularly Zimbabweans. Human Rights Watch has warned that the situation could escalate into broader hate-driven violence. Demonstrations led by anti-immigration groups are demanding stricter laws and stronger action against undocumented migration. Migrants and refugees reportedly face intimidation, discrimination, forced evictions, denial of services and workplace abuse.

Madism Digital
madismdigital.com