International

'കാണാൻ പറ്റുന്ന ഒരു പിശാചേ ഉള്ളൂ, അത് വൈറ്റ് ഹൗസിൽ ഇരിപ്പുണ്ട്'- ട്രംപിനെതിരെ ആഞ്ഞടിച്ച് യുവതി, സോഷ്യൽ മീഡിയയിൽ കയ്യടി

നവംബർ 3നാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ്... രാഷ്ട്രീയ പ്രസംഗങ്ങളും പോർവിളികളും തീവ്രമാകുന്ന സമയമാണിത് എന്നത് കൊണ്ടു തന്നെ, ഈ വീഡിയോ ക്ലിപ്പ് വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുമുണ്ട്

Madism Desk

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷഭാഷയിൽ വിമർശിച്ച യുവതിയുടെ വീഡിയോ കുറച്ച് ദിവസങ്ങളായി വൈറലാണ് സോഷ്യൽ മീഡിയയിൽ. ട്രംപ് ഒരു പിശാചാണെന്നും അമേരിക്കയുടെ നിലവിലെ പരിതാപാവസ്ഥയ്ക്ക് കാരണം ട്രംപാണെന്നുമൊക്കെ തുറന്നടിക്കുന്നതാണ് വീഡിയോ. ഒരു പ്രതിഷേധപ്രകടനത്തിനിടെ പ്രതികരണത്തിനായി സമീപിച്ച മാധ്യമത്തോടാണ് യുവതി തന്റെ രോഷം പ്രകടിപ്പിച്ചത്. പിന്നാലെ ഈ വീഡിയോ വലിയ രീതിയിൽ പ്രചാരം നേടുകയും ചെയ്തു.

1 മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ട്രംപിനും റിപ്പബ്ലിക്കൻ ഭരണത്തിനുമെതിരെ യുവതി ആഞ്ഞടിക്കുന്നുണ്ട്. അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഇപ്പോൾ യാതൊരു വ്യത്യാസവുമില്ലെന്നുമൊക്കെ അവർ വിമർശനമുയർത്തുന്നു. നിലവിലെ ഭരണത്തിൽ അസ്വസ്ഥരല്ലാത്തവർ ഒരു കാര്യത്തിലും ശ്രദ്ധ പുലർത്തുന്നവരല്ല എന്ന് വേണം കരുതാൻ എന്നാണ് യുവതി ചൂണ്ടിക്കാട്ടുന്നത്. വീഡിയോ വൈറലായതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. അടുത്ത തവണ തിരഞ്ഞെടുപ്പിലേക്ക് 'മഞ്ഞ ബാൻഡ് കെട്ടിയ ഈ യുവതി' മത്സരിക്കണം എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

നവംബർ 3നാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പ്രസംഗങ്ങളും പോർവിളികളും തീവ്രമാകുന്ന സമയമാണിത് എന്നത് കൊണ്ടു തന്നെ, ഈ വീഡിയോ ക്ലിപ്പ് വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.. ഉത്തരവാദിത്തം, ജനങ്ങളുടെ അമർഷം എന്നീ വിഷയങ്ങളെ സ്പർശിക്കുന്നതാണ് പ്രസംഗം. അതിൽ ഭരണകൂട പരാജയത്തോടുള ജനങ്ങളുടെ അമർഷത്തെ, അടിച്ചമർത്തേണ്ട ഒന്നായല്ല, മറിച്ച് ആവശ്യമായ ഒരു പ്രതികരണമായാണ് അവതരിപ്പിക്കുന്നത്. മിനുക്കിയെടുത്ത ഒരു രാഷ്ട്രീയ പ്രസ്താവന എന്നതിനേക്കാൾ, ജനവികാരത്തിന്റെ നേരിട്ടുള്ള പ്രകടനമായി പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നു.

വീഡിയോയിലുള്ള യുവതി ആരാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തെത്തിയിട്ടില്ല. കൂടാതെ, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരിച്ചു എന്നതിനപ്പുറം ഈ പ്രസംഗം എവിടെ, എപ്പോൾ നടന്നു എന്നതിലും വ്യക്തതയില്ല.

വീഡിയോയിൽ യുവതി പറയുന്നത് ഇങ്ങനെ:

2016ൽ ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഞാനോർക്കുന്നുണ്ട്. മിസൈലുകളും റോക്കറ്റുകളും പ്രദർശിപ്പിച്ചതും മറ്റും. അന്നത് എന്ത് തരം അജണ്ടയാണ് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ വാഷിംഗ്ടൺ ഡിസിയിലും അത്തരം പ്രോപഗാൻഡകൾ കാണേണ്ടി വരികയാണ് എനിക്ക്. ഇപ്പോൾ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

നിലവിലെ അമേരിക്കൻ ഭരണം അമേരിക്കൻ ജനതയ്ക്ക് തന്നെ ഭീഷണിയാണ്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ ഭരണകൂടത്തിന് എതിരെ സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ, അവരെ വിമർശിച്ചാൽ നമ്മെ ഇല്ലാതാക്കും എന്ന രീതി എങ്ങനെ ശരിയാകും? ആ അജണ്ടയിൽ വീഴാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. അമേരിക്കൻ ജനത ഇല്ലാതെ അമേരിക്കയില്ല, സർക്കാരുമില്ല.

ഈ ഭരണം കൊണ്ട് നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുന്നില്ല, ദേഷ്യം വരുന്നില്ല എന്നൊക്കെയാണെങ്കിൽ ഇവിടെ നടക്കുന്ന ഒന്നിനെ കുറിച്ചും ബോധവാന്മാരല്ല നിങ്ങൾ എന്നാണർഥം. പൌരന്‍മാരെന്ന നിലയിൽ അനീതിയ്ക്കെതിരെ പ്രതികരിക്കുക നിങ്ങളുടെ കടമയാണ്. ഡെമോക്രാറ്റ് ആണോ റിപ്പബ്ലിക്കൻ ആണോ നിങ്ങൾ എന്നത് എന്നെ ബാധിക്കുന്ന കാര്യമേയല്ല.

നിങ്ങൾക്കായി ഇവിടെ ഒരു ഭരണഘടനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എന്നിവയൊക്കെ ഉറപ്പാക്കുന്ന ഒരു ഭരണഘടന. എന്നാൽ അതിനെ ചൂഷണം ചെയ്യുകയാണ് നിലവിലെ ഭരണകൂടം. എൽജിബിടിക്യൂ, ആഫ്രിക്കൻ സമൂഹം, ഇവരൊക്കെ പിശാചുക്കളാണെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ എന്ർറെ അഭിപ്രായത്തിൽ, കാണാൻ പറ്റുന്ന ഒരു പിശാചേ ഉള്ളൂ. അത് വൈറ്റ് ഹൌസിലിരിക്കുന്ന ട്രംപ് ആണ്.

തീർച്ചയായും നിങ്ങൾക്ക് രോഷമുണ്ടാവണം. നിങ്ങളെ പ്രതിനിധീകരിക്കാനാണ് സർക്കാരുകളെ രൂപീകരിക്കുന്നത്. അതിനവർ തയ്യാറാകുന്നില്ല എങ്കിൽ നിങ്ങൾ നിങ്ങളെ സ്വയം പ്രതിനിധീകരിക്കേണ്ടി വരും. അമർഷവും അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ഇനിയുള്ള കാലം അവകാശങ്ങൾ മാനിക്കപ്പെടുകയില്ല.

പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരൂപകനായ ബ്രയാൻ ക്രാസെൻസ്റ്റൈൻ ഉൾപ്പെടെയുള്ള പ്രമുഖരും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിലെ നിർണായകമായ ഈ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഭാവി തലമുറകൾക്ക്, അക്കാലത്തെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ ഈ ഒറ്റ വീഡിയോ ക്ലിപ്പിന് സാധിക്കുമെന്ന് ക്രാസെൻസ്റ്റൈൻ നിരീക്ഷിച്ചു. വരുംകാലങ്ങളിൽ വിദ്യാർത്ഥികൾ ചരിത്ര ക്ലാസുകളിൽ അമേരിക്കൻ രാഷ്ട്രീയ കാലാവസ്ഥ പഠിക്കുമ്പോൾ ഈ പ്രതിഷേധാത്മക പ്രസംഗം ഒരു റഫറൻസായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A video of a young woman harshly criticising US President Donald Trump has been going viral on social media for the past few days. In the video, she openly calls Trump a devil and blames him for America's current miserable state. The woman expressed her anger while speaking to a media outlet that approached her for a comment during a protest. The video subsequently gained widespread attention on social media.