International

മിസൈല്‍ ആക്രമണങ്ങള്‍ റദ്ദാക്കി ട്രംപ്, സമാധാന കരാര്‍ യൂറോപ്പില്‍ വെച്ച് ഒപ്പിടുമെന്ന് വാഗ്ദാനം; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാന്‍

കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് തന്നെ അത് ഉടന്‍ ഉണ്ടാകുമെന്ന് ഡസന്‍ കണക്കിന് തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്

Madism Desk

ഇറാനും അമേരിക്കയും തമ്മില്‍ സമാധാന കരാര്‍ ഒപ്പിടുന്നതിന്റെ തൊട്ടടുത്താണെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ലംഘിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ഇറാനുമേല്‍ നടത്താനിരുന്ന പുതിയ മിസൈല്‍ ആക്രമണങ്ങള്‍ റദ്ദാക്കിയതായും സമാധാന കരാര്‍ ഉടന്‍ ഒപ്പിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാന്റെ വിദേശകാര്യ മന്ത്രാലയം, സമാധാന കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ചര്‍ച്ചകള്‍ ഇറാന്റെ പരമോന്നത നേതൃത്വവുമായി നേരിട്ട് നടത്തുകയും അവര്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ന് വൈകുന്നേരം ഇറാനെതിരെ നടത്താനിരുന്ന ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും ഞാന്‍ റദ്ദാക്കിയിരിക്കുന്നു', സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. ഇറാനുമായി ഒരു സമാധാന കരാറിലെത്താന്‍ വൈറ്റ് ഹൗസ് ഏറെ നാളായി ശ്രമിക്കുന്നുണ്ട്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് തന്നെ അത് ഉടന്‍ ഉണ്ടാകുമെന്ന് ഡസന്‍ കണക്കിന് തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.

ചര്‍ച്ചയിലുള്ള കരാറിന്റെ വലിയൊരു ഭാഗവും പൂര്‍ത്തിയായിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ നിര്‍ണായക നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇറാന്‍ തയ്യാറാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. സാദ്ധ്യമായ ഒരു ധാരണയെക്കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഈ വിഷയത്തില്‍ ട്രംപ് പറയുന്ന വാദങ്ങളെല്ലാം തള്ളിക്കളയണമെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ 'തസ്‌നിം' അറിയിച്ചു.

പുതിയ കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള സമയക്രമം നിശ്ചയിക്കും. ഈ സമയമത്രയും അമേരിക്കയുടെ നാവിക ഉപരോധം തുടരും. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും ആണവ ചര്‍ച്ചകള്‍ തുടരുന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയായിട്ടില്ല. എന്നിരുന്നാലും കരാറിലെത്തിയെന്ന അവകാശവാദവുമായി ട്രംപ് മുന്നോട്ട് പോവുകയാണ്. ഈ വാരാന്ത്യത്തില്‍ യൂറോപ്പില്‍ വെച്ച് കരാര്‍ ഒപ്പിട്ടേക്കുമെന്നും അതിനുശേഷം ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുനല്‍കുമെന്നുമാണ് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഇറാനുമായുള്ള കരാറിന് വിമുഖത കാണിക്കുന്ന ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ ഈ ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും പ്രാദേശിക ശക്തികളായ തുര്‍ക്കിയും പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. കരാറില്‍ ഇസ്രായേല്‍ കക്ഷിയല്ലെന്ന് ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇറാന്റെ എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്ക കൈക്കലാക്കുമെന്നും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് സമാധാന കരാറില്‍ തീരുമാനം ആയതെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

'വളരെ വിദൂരമല്ലാത്ത ഭാവിയില്‍, ഞങ്ങള്‍ ഖാര്‍ഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കും. അവരുടെ എണ്ണ-വാതക വിപണിയുടെ പൂര്‍ണ്ണ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. വെനിസ്വേലയില്‍ ഞങ്ങള്‍ ചെയ്തതുപോലെ തന്നെയാണിത്', എന്നാണ് ട്രംപ് പറഞ്ഞത്. പിന്നീട് ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന ഭീഷണിയില്‍ നിന്ന് ട്രംപ് അല്‍പം പിന്മാറി. ദ്വീപ് പിടിച്ചെടുക്കാനായിരുന്നു തനിക്ക് താല്പര്യമെങ്കിലും അതിനുള്ള ധൈര്യം അമേരിക്കയ്ക്ക് ഉണ്ടോ എന്ന് അറിയില്ലെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാന്റെ പാലങ്ങളും പവര്‍ പ്ലാന്റുകളും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത് ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വെച്ച് യുഎസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും കഴിഞ്ഞ മൂന്നു ദിവസമായി പരസ്പര ആക്രമണം നടത്തുന്നത്. ഏപ്രില്‍ ആദ്യം സ്ഥാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്തുകയും ഇടയ്ക്കിടെയുള്ള തിരിച്ചടികള്‍ കാരണം അത് ദുര്‍ബലമാവുകയും ചെയ്തിരുന്നു. താല്ക്കാലിക വെടിനിര്‍ത്തല്‍ സ്ഥിരമായ സമാധാന കരാറാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ ഇറാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതാണ് വ്യാഴാഴ്ചത്തെ ആക്രമണത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചത്.

English Summary: US President Donald Trump has claimed that the United States and Iran are on the verge of signing a peace agreement and announced that planned missile and air strikes against Iran had been cancelled. Trump said negotiations had been conducted directly with Iran's top leadership and suggested a formal agreement could be signed in Europe as early as this weekend.