International

ട്രംപിന്റെ ഭീഷണി വിലപ്പോയില്ല! പിക്‌ആക്സിലെ നിർമാണപ്രവർത്തനം ദ്രുതഗതിയിൽ, ഇറാന്റെ ഉദ്ദേശമെന്ത്?

രാജ്യാന്തര ആറ്റോമിക് എനർജി ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് ഈ സ്ഥലത്തേക്ക് പ്രവേശനം നൽകാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല

Madism Desk

ഇറാൻ-യുഎസ് യുദ്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയവേ, ഇറാന്റെ ഭാഗത്ത് നിന്നുള്ള ഒരു നിർണായക നീക്കത്തിന്റെ വിവരങ്ങൾ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇറാന്റെ പ്രധാന ആണവനിലയമായ നതാൻസിന് സമീപം പിക്ആക്സ് മൌണ്ടനിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. അമേരിക്കൻ തിങ്ക് ടാങ്കായ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്’ (സിഎസ്ഐഎസ്) ആറുവർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇസ്രായേൽ ഇന്റലിജൻസും പാശ്താത്യ രാജ്യങ്ങളും തുടർച്ചയായി നിരീക്ഷണവിധേയമാക്കുന്ന ഒരു മേഖലയാണ് പിക്ആക്സ് മൌണ്ടൻ. ഭാവിയിലെ വലിയ വിപത്ത് എന്ന് കരുതിപ്പോരുന്ന, ഇറാന്റെ ആണവ പദ്ധതികളുടെ സുപ്രധാനകേന്ദ്രമാണിത്. ഇവിടെ 2026ൽ മാത്രം നിർമാണപ്രവർത്തനങ്ങളിൽ കാര്യമായ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുമ്പത്തെ ഖനനപ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ടണലുകളിലേക്കുള്ള കവാടങ്ങൾ ബലപ്പെടുത്തുന്നതിലും പാതകൾ നിർമിക്കുന്നതിലുമൊക്കെയാണ് ഇറാൻ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതിവേഗമാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും.

മുമ്പ് വ്യോമാക്രമണങ്ങളിലും അട്ടിമറി ശ്രമങ്ങളിലും നതാൻസിലെ ഉപരിതല കേന്ദ്രങ്ങൾ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനും യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ അത്യാധുനിക സെൻട്രിഫ്യൂജുകൾ സുരക്ഷിതമായി നിർമിക്കാനും സൂക്ഷിക്കാനും വേണ്ടിയാണ് ഈ ഭൂഗർഭ കേന്ദ്രം നിർമിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ അവസാനം വലിയ തോതിൽ യുറേനിയം സെൻട്രിഫ്യൂജുകൾ ഇറാൻ ഇവിടേക്ക് മാറ്റി എന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാലിത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഏറെക്കുറെ തകർന്ന നതാൻസ് ആണവ കേന്ദ്രത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രമകലെ, നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത് അത്ര ശുഭകരമല്ലെന്നാണ് ഇന്ർറലിജൻസ് വൃത്തങ്ങൾ കണക്കുകൂട്ടുന്നത്.

പ്രദേശത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും കൂടുതൽ തവണ 'റോഡ് ആക്ടിവിറ്റി' നടന്നത് ഈ വർഷമാണെന്ന് സിഎസ്ഐഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സാധാരണ മിസൈലുകൾക്കോ ബങ്കർ ബസ്റ്റർ ബോംബുകൾക്കോ പോലും എളുപ്പത്തിൽ തകർക്കാൻ കഴിയാത്ത തരത്തിലാണ് മല തുരന്നുള്ള ഈ നിർമാണം.

രാജ്യാന്തര ആറ്റോമിക് എനർജി ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് ഈ സ്ഥലത്തേക്ക് പ്രവേശനം നൽകാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. 2020-ലാണ് ഈ മേഖലയിൽ ഇറാൻ വൻതോതിലുള്ള തുരങ്ക നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഉപഗ്രഹ ചിത്രങ്ങൾ (Satellite Imagery) നൽകുന്ന സൂചനകൾ പ്രകാരം, പാറക്കെട്ടുകൾ നിറഞ്ഞ മലനിരകൾക്ക് 80 മുതൽ 100 മീറ്റർ വരെ ആഴത്തിലാണ് ഈ ഭൂഗർഭ സമുച്ചയം സ്ഥിതി ചെയ്യുന്നത്.

ഇസ്രായേലിൻ്റെയും യു.എസ്. ഇന്റലിജൻസിന്റെയും പ്രധാന ആശങ്ക ഇവിടുത്തെ നിർമാണം പൂർത്തിയായാൽ, ആയുധ നിലവാരത്തിലുള്ള യുറേനിയം (90% enriched uranium) ഉത്പാദിപ്പിക്കാൻ കഴിയുന്ന അത്യാധുനിക IR-6 സെൻട്രിഫ്യൂജുകൾ ഈ ഭൂഗർഭ കേന്ദ്രത്തിൽ സ്ഥാപിക്കും എന്നതാണ്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഈ നിർമാണം തങ്ങളുടെ "റെഡ് ലൈൻ" (Red Line) ലംഘിക്കുന്നതാണെന്ന് കണക്കാക്കുന്നു.

എന്താണ് പിക്ആക്സ് മൌണ്ടൻ? എങ്ങനെ പ്രധാനമാകുന്നു?

പേർഷ്യൻ ഭാഷയിൽ 'കൂഹ്-ഇ കൊളംഗ് ഗാസ് ലാ' എന്നറിയപ്പെടുന്ന 'പിക്ആക്സ് മൗണ്ടൻ', നതാൻസ് ആണവ നിലയത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്ററും ടെഹ്‌റാനിൽ നിന്ന് തെക്കോട്ട് 220 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന ഒരു ഭൂഗർഭ തുരങ്ക സമുച്ചയമാണ്. നതാൻസിന് സമീപം ഒരു ഭൂഗർഭ സെൻട്രിഫ്യൂജ് കേന്ദ്രം വികസിപ്പിക്കാൻ ടെഹ്‌റാൻ ആരംഭിച്ചതോടെയാണ് ഇറാന്റെ ആണവ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഈ കേന്ദ്രം ശ്രദ്ധേയമായ ഒരു ഭാഗമായി മാറിയത്.

നതാൻസിലെ ഉപരിതല വർക്ക്‌ഷോപ്പിന് നേരെ ഇസ്രായേൽ നടത്തിയെന്ന് സംശയിക്കുന്ന അട്ടിമറി ശ്രമത്തിന് പിന്നാലെ, 2020-ൽ ഇറാന്റെ ആണവ പദ്ധതിയുടെ അന്നത്തെ തലവനായ അലി അക്ബർ സലേഹി ഒരു ഭൂഗർഭ സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചു.

ഏറ്റവും സംവേദനക്ഷമമായ ഉപകരണങ്ങൾ ഭൂഗർഭത്തിലേക്ക് മാറ്റുന്നത് വ്യോമാക്രമണങ്ങളിൽ നിന്ന് ഇറാന് കൂടുതൽ സംരക്ഷണം നൽകുമെന്നതിനാൽ, ഈ സ്ഥലം ഇന്റലിജൻസ് ഏജൻസികളുടെയും ആണവ വിദഗ്ധരുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പിക്ആക്സ് മൗണ്ടനെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ഈ കേന്ദ്രം സന്ദർശിക്കാൻ അനുമതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഈ ആവശ്യങ്ങളോട് ഇറാൻ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശയവിനിമയത്തിലെ ഈ വീഴ്ച ചൂണ്ടിക്കാട്ടി, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയുടെ ബോർഡ് ബുധനാഴ്ച, 20 വർഷത്തിനിടെ ആദ്യമായി ഇറാന്റെ വിഷയം യുഎൻ രക്ഷാസമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തു.

2025 സെപ്റ്റംബർ 26-ന് ഈ സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഉപഗ്രഹ ചിത്രങ്ങൾക്ക് മാത്രം അവിടെ എന്താണ് നടക്കുന്നതെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വാദിക്കുകയും, ഇതിന്റെ ലക്ഷ്യം എന്താണെന്ന് നിർണ്ണയിക്കാൻ പദ്ധതി പ്രദേശം സന്ദർശിക്കാൻ ഐ.എ.ഇ.എ ഇൻസ്പെക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Iran-US tensions are back in the headlines, and details of a crucial move by Iran have now emerged. Shocking reports suggest that construction work is underway at Pickaxe Mountain, near Iran’s key nuclear facility at Natanz. The information was revealed by the US think tank Center for Strategic and International Studies (CSIS) after analysing six years of satellite imagery.