അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന. ഗൾഫ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയ അമേരിക്ക, ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ലോക രാജ്യങ്ങൾ അമേരിക്കയെയാണോ അതോ ഇറാനെയാണോ പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതോടെ ആഗോള രാഷ്ട്രീയ രംഗം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പുതിയ ഉപരോധങ്ങൾ കൊണ്ടുവന്നരിക്കുന്നത്. ഇറാൻ ഭരണകൂടത്തിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും പൂർണ്ണമായി വിച്ഛേദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടൺ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രഖ്യാപിച്ചു. ഡിജിറ്റൽ അസറ്റുകൾ, സാങ്കേതികവിദ്യ, സ്വർണ്ണം, വ്യോമയാനം, കപ്പൽ ഗതാഗതം എന്നീ അഞ്ച് സുപ്രധാന മേഖലകളെയാണ് പ്രധാനമായും ഈ പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ വ്യാപാരത്തെയും, ഇറാൻ ഭരണകൂടത്തിന് സഹായമൊരുക്കുന്ന അറുപതോളം സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവരെയും അമേരിക്ക ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ഈ കടുത്ത നടപടികളെ പിന്തുണയ്ക്കാൻ അമേരിക്കയുടെ സഖ്യരാജ്യങ്ങളോട് ട്രംപ് ശക്തമായി ആവശ്യപ്പെടുന്നതായും സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കി. ഉപരോധങ്ങളിൽ അമേരിക്കയെ പൂർണ്ണമായി പിന്തുണയ്ക്കാത്ത യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കെതിരെയും ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. തങ്ങൾക്കൊപ്പം നിൽക്കാത്തവർ ഇറാനൊപ്പമാണെന്ന് കണക്കാക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.
എന്നാൽ അമേരിക്കയുടെ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായി, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ ഭീഷണികൾ മുഴക്കി. കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും വിദേശ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നുമാണ് ഇറാന്റെ അവകാശവാദം. ഈ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, അമേരിക്കൻ സൈന്യത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. കപ്പലുകൾക്ക് നേരെയുള്ള ഏതൊരു പ്രകോപനത്തിനും അതിശക്തമായ തിരിച്ചടി നൽകുമെന്നും ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്ക് വൈകാതെ ഒരു അമേരിക്കൻ പ്രദേശമാക്കി മാറ്റുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും വ്യോമസേനാ വിമാനങ്ങളും അയക്കാൻ ട്രംപ് പെന്റഗണിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, യുദ്ധം കനക്കുന്നതിനിടെ അമേരിക്കയ്ക്കുള്ളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ധന വില റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നതിനാലും യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകൾ കാരണവും യുദ്ധത്തിനുള്ള പൊതുജന പിന്തുണ ഗണ്യമായി കുറഞ്ഞുവെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. യുദ്ധവിരുദ്ധ വികാരം ശക്തമായതോടെ ട്രംപിന്റെ ജനപ്രീതി വലിയ തോതിൽ ഇടിഞ്ഞു. എങ്കിലും, ഈ ഘട്ടത്തിലുള്ള പിന്മാറ്റം അമേരിക്കയുടെ ബലഹീനതയായി കണക്കാക്കപ്പെടുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
യുദ്ധം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും സമാധാന ചർച്ചകളിലെ സ്തംഭനാവസ്ഥ മറികടക്കാനുമായി പാകിസ്ഥാൻ സൈനിക മേധാവി ടെഹ്റാനിലെത്തിയിട്ടുണ്ട്. ഈ നയതന്ത്ര നീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. അതേസമയം, പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലും സ്ഥിതിഗതികൾ രൂക്ഷമാണ്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ തെക്കൻ ലെബനനിലും ഗാസയിലും ആക്രമണങ്ങൾ തുടരുന്നത് പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
Tensions between the US and Iran are escalating toward a full-scale war. The US has imposed severe economic sanctions targeting Iran's digital assets, technology, shipping, and oil sectors, with President Trump issuing an ultimatum to global allies to sever ties with Tehran. In retaliation, Iran has threatened to take control of the Strait of Hormuz. In response, the US is increasing its military presence in the Gulf, despite facing domestic backlash over soaring fuel prices and prolonged conflict fears.