Kerala

'കണ്‍വീനര്‍ ഒന്നും അറിയുന്നില്ല, യുഡിഎഫില്‍ കൂടിയാലോചനകളില്ല', തുറന്നടിച്ച് അടൂര്‍ പ്രകാശ്; ലക്ഷ്യം മുഖ്യമന്ത്രി?

മുന്നണിയെ അറിയിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Madism Desk

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ കലുഷിതമായ സംസ്ഥാന രാഷ്ട്രീയത്തിന്റെ അലയൊലികള്‍ മുന്നണിയ്ക്ക് അകത്തേക്കും വ്യാപിക്കുന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തന്നെ രംഗത്തെത്തുന്ന കാഴ്ചയാണ് ഇതില്‍ ഏറ്റവും പ്രധാനം. മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യമിട്ടുകൊണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി സംവിധാനത്തില്‍ തനിക്കുള്ള അതൃപ്തി പരസ്യപ്പെടുത്തുന്നത്. കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

യുഡിഎഫുമായി കൂടിയാലോചനകള്‍ നടക്കാതെയാണ് സര്‍ക്കാരില്‍ പല തീരുമാനങ്ങളെടുക്കുന്നതെന്നാണ് അടൂര്‍ പ്രകാശ് പ്രധാനമായും ഉയര്‍ത്തുന്ന ആരോപണം. മാധ്യമങ്ങളിലൂടെയാണ് പല സുപ്രധാന വിവരങ്ങളും അറിയുന്നത്. അത് ദുഖകരമാണ്. മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ തന്നോട് പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ഒരു കാര്യവും ആലോചിക്കുന്നില്ലെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ വാദം.

ചര്‍ച്ച ചെയ്യാതെ ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടപ്പിലാക്കിയത്. മുന്നണിയെ അറിയിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം തുറന്നടിച്ചു. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ തന്നോട് ആലോചിക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടക്കുന്നത്. വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതിലും അടൂര്‍ പ്രകാശ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. വിമാന യാത്ര സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് പറയണം. അതിന് അദ്ദേഹം ബാധ്യസ്ഥനാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പില്‍ വേണ്ടത്ര സംഘാടനമുണ്ടായില്ലെന്നും, കണ്‍വീനര്‍ എന്ന നിലയില്‍ വിവിധ ജില്ലകളില്‍ പോയത് ആരുടെയും നിര്‍ദ്ദേശപ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ട് നാലുമാസമായെന്നും, മുന്നണിയുടെ കാര്യങ്ങളില്‍ വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട കണ്‍വീനര്‍ക്ക് അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ഈ അഭിപ്രായഭിന്നതകളും കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ടതുണ്ട്. അതിനാലാണ് എല്ലാം തുറന്നുപറയുന്നത്. ഇക്കാര്യങ്ങള്‍ എഐസിസി നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും എന്നും അടൂര്‍ പ്രകാശ് പറയുന്നു.

വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് സംസ്ഥാനതല ഏകോപന സമിതി യോഗം ദീര്‍ഘകാലം ചേരാത്തതില്‍ നേരത്തെ തന്നെ വിമര്‍ശമങ്ങള്‍ ഉയര്‍ന്നിരുന്നു. ചില സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുന്നണി സ്വീകരിച്ചിരുന്ന നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന പരാതിയും ചില ഘടകകക്ഷികളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ബോര്‍ഡ്/കോര്‍പ്പറേഷന്‍, ക്യാബിനറ്റ് റാങ്ക് സ്ഥാനങ്ങളുടെ പങ്കിടല്‍, സ്റ്റാഫ് നിയമനം എന്നിവയിലും നേരത്തെ തന്നെ മുന്നണിയിലും പാര്‍ട്ടിയിലും നേതൃത്വത്തിന് എതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രധാന തീരുമാനങ്ങളില്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു എന്നാതായിരുന്നു മറ്റൊരു ആക്ഷേപം. പിഎം ശ്രീ പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം മുന്‍ നിലപാടുകളില്‍ നിന്നുള്ള യുടേണ്‍ ആണെന്ന വിമര്‍ശനവും ശക്തമായിരുന്നു.

Three months into the UDF government in Kerala, differences within the ruling front have come into public view. UDF convenor Adoor Prakash has openly expressed dissatisfaction with the functioning of the front, particularly over what he described as a lack of consultation and communication regarding key decisions taken by Chief Minister V. D. Satheesan. Prakash made the remarks at a press conference held at the KPCC headquarters.