Kerala

വിശദീകരിക്കാനാകുമോ വീണയ്ക്ക്? ചോദ്യശരങ്ങളൊരുക്കി ഇഡി, കനത്ത സുരക്ഷയിൽ വിശദമായ ചോദ്യംചെയ്യൽ

കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്

Madism Desk

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30ഓടെ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.

ഇതാദ്യമായാണ് കേസിൽ വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്, വെള്ളിയാഴ്ച ഹാജരാകാനായിരുന്നു വീണയ്ക്ക് ഇഡി നൽകിയ സമൻസ്. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം ചോദിച്ചതിന് പിന്നാലെയാണ് ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെ സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വീണയുടെ ചോദ്യംചെയ്യൽ നടക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ഇഡി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്.

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്നു 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ‍ വരുമെന്നാണ് ഇ.ഡിയുടെ വാദം.

പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യംചെയ്യൽ നടപടിയിലേക്കു കടക്കുന്നത്.

ലഭിച്ച തെളിവുകളിലും രേഖകളിലും വ്യക്തത വരുത്തുകയാണ് ആദ്യ ഘട്ടത്തിൽ ഇഡി ചെയ്യുക. അന്വേഷണവുമായി സഹകരിക്കാതിരിക്കുക, വിവരങ്ങൾ മറച്ച് വെക്കുക എന്നിവ ചെയ്താൽ മാത്രമാമേ അറസ്റ്റിലേക്ക് ഇഡി കടക്കൂ.

ചോദ്യംചെയ്യപ്പെടുന്ന വ്യക്തി കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാലും ഇഡി അറസ്റ്റിലേക്ക് കടക്കും. എന്നാൽ ഈ സാഹചര്യങ്ങളൊന്നും നിലവിലില്ല എന്നാണ് വിവരം.

എന്താണ് മാസപ്പടി കേസ്?

പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് മാസപ്പടി കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് പണം നൽകിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനാണെന്നാണ് പരാതി.

2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപ വീണ വിജയന്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ.

ഈ തുക ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമായിരുന്നോ, അതോ യാതൊരു സേവനവും നൽകാതെ നൽകിയ "മാസപ്പടി" ആയിരുന്നോ എന്നതാണ് വിവാദത്തിന്റെ കാതൽ. ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചില നിരീക്ഷണങ്ങളാണ് ഈ ആരോപണങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്.

English Summary: In connection with the money laundering case related to the CMRL-Exalogic financial dealings, Opposition Leader Pinarayi Vijayan's daughter T. Veena appeared before the ED. Veena arrived at the Kochi ED office around 10:30 AM along with her husband Mohammed Riyas. This is the first time Veena is appearing before the ED in the case. The ED had issued a summons to Veena to appear on Friday. However, after she requested more time citing ill health, the questioning was postponed to today.