Kerala

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കൽ തീർന്നില്ല; സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരും

സത്യപ്രതിജ്ഞ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്കു ക്ലിഫ് ഹൗസിൽ താമസിക്കാൻ സാധിച്ചിട്ടില്ല

Madism Desk

മുഖ്യമന്ത്രി വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരുന്നത് ക്ലിഫ് ഹൗസിലെ മോടിപിടിപ്പിക്കൽ കഴിയാത്തതിനാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. സത്യപ്രതിജ്ഞ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്കു ക്ലിഫ് ഹൗസിൽ താമസിക്കാൻ സാധിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവാണ് കന്റോൺമെന്റ് ഹൗസിൽ താമസിക്കേണ്ടത്. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സതീശൻ കന്റോൺമെന്റ് ഹൗസിൽ തുടരുന്നതിനാൽ നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.

ഏതാനും ദിവസത്തെ പണികൾ കൂടി ക്ലിഫ് ഹൗസിൽ ശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊതുമരാമത്ത് നൽകിയ എസ്റ്റിമേറ്റിൽ 1.72 കോടി രൂപയുടെ മോടിപിടിപ്പിക്കലും അറ്റകുറ്റപ്പണികളുമാണ് ക്ലിഫ് ഹൗസിലുള്ളതെന്നാണ് വിവരം. പണികൾ പൂർത്തിയായശേഷം മാത്രമേ സതീശൻ ക്ലിഫ് ഹൗസിലേക്കു താമസം മാറൂ. അപ്പോൾ പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേക്കും മാറും. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ക്ലിഫ് ഹൗസിൽ മോടിപിടിപ്പിക്കൽ ഉണ്ടാകില്ലെന്നും അറ്റകുറ്റപ്പണികൾ മാത്രമേ ചെയ്യൂവെന്നും സതീശൻ പറഞ്ഞിരുന്നു.

അതേസമയം, കന്റോൺമെന്റ് ഹൗസിൽ ഏതാനും ദിവസത്തേക്കു മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണിത്. മാധ്യമപ്രവർത്തകരെ അകത്തേക്കു കയറ്റിവിടരുതെന്നാണ് മുഖ്യമന്ത്രി പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കു ക്ലിഫ് ഹൗസിലേക്കു പ്രവേശനമുണ്ട്.

English Summary: Chief Minister VD Satheesan continues to stay at Cantonment House as renovation work at Cliff House, the official residence of the Chief Minister, remains incomplete. Even ten days after taking oath, he has not been able to move into Cliff House. Cantonment House is officially meant for the Leader of the Opposition. Since Satheesan, the former Opposition leader, continues to stay there, current Opposition leader Pinarayi Vijayan is residing in a rented house near Bakery Junction in Thiruvananthapuram.