മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോൾ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കങ്ങൾക്ക് മൗന സമ്മതം നൽകിയാൽ കോൺഗ്രസിനെ കാനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഐഎം. ദേശീയ തലത്തിൽ ചെറു പാർട്ടികൾ മുതൽ ഓപ്പറേഷൻ ലോട്ടസിന് വരെ ഇ ഡിയെ ബിജെപി കരുവാക്കുന്നുവെന്ന് വാദിക്കുന്ന കോൺഗ്രസിന് കേരളത്തിൽ സമാന ആരോപണം ഉയർത്താൻ സാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്ന വാദമാണ് സിപിഐഎം കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്.
ഇ ഡിയെ വിശ്വസിക്കുന്നില്ലെന്ന് കെ. മുരളീധരൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വി.ഡി സതീശൻ സർക്കാരിന്റെ നിലപാടിന് നിർണായക പങ്കുണ്ട്. സംസ്ഥാന സർക്കാരിന് മാസപ്പടി കേസിലെ ഇ ഡി നീക്കങ്ങളെ ഒരുവിധത്തിലും അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാൻ രാഷ്ട്രീയമായി സാധിക്കില്ലെന്ന വസ്തുത നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ധൃതിയെ തള്ളിക്കളയാൻ പ്രയാസമുണ്ടാവില്ല. എന്നാൽ അങ്ങനൊരു നീക്കവും സതീശൻ സർക്കാർ നടത്തില്ലെന്ന് ഏതാണ്ട് സ്ഥിരീകരിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിപിഐഎം വാദിക്കുന്നുണ്ട്.
ഇ ഡി റെയ്ഡിനെ പ്രതിരോധിച്ചില്ലെങ്കിൽ കോൺഗ്രസിന് ക്ഷീണമുണ്ടാകുമോ?
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടകളിൽ ഏറ്റവും പ്രധാന നീക്കങ്ങളിലൊന്നായിട്ടാണ് സിപിഐഎം നിലവിലെ നീക്കങ്ങളെ കാണുന്നത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണിതെന്നും ഇത്തരം ഭീഷണികൾ ഒരുകാലത്തും സി.പി.എമ്മിന് മുന്നിൽ വിലപ്പോകില്ലെന്നും സിപിഐഎം നയം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി ബിജെപി നേരിടുന്ന പ്രസ്ഥാനമെന്ന ഖ്യാതിയും ഇ ഡി വിരുദ്ധ സമരങ്ങളിലൂടെ സിപിഐഎമ്മിന് സ്ഥാപിച്ചെടുക്കാൻ സാധിക്കും.
കേരളത്തിലെ കോൺഗ്രസിന്റെ ബിജെപി ബന്ധവുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും ഇതോടെ സൈബറിടങ്ങളിൽ ശക്തിപ്പെടും. കരുവന്നൂർ ബാങ്ക് വിഷയമുൾപ്പെടെ വരും ദിവസങ്ങളിൽ സിപിഐഎമ്മിനെതിരെ ശക്തമായ നീക്കങ്ങൾക്ക് ഇ ഡി ശ്രമിച്ചാൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനും പ്രവർത്തകരുടെ തകർന്ന പാർട്ടി മനോവീര്യം തിരിച്ചുപിടിക്കാനും പിണറായിക്കും സംഘത്തിനും സാധിക്കും. യുഡിഎഫ് മന്ത്രിസഭയിൽ അംഗങ്ങളായ രണ്ട് പേര് സി.എം.ആർ.എല്ലിൽ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇ ഡിയും കൂടുതൽ നീക്കങ്ങൾ നടത്താൻ തീരുമാനിച്ചാൽ ബൂമറാങ് പോലെ ഇ ഡി കോൺഗ്രസിന് പിന്നാലെയെത്തും.
അതേസമയം സിഎംആർഎൽ വിവാദത്തിൽ സിപിഐഎമ്മിനെ ന്യായീകരിക്കാതെ തന്നെ ഇ ഡി നടത്തുന്ന നീക്കങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുകയെന്നതാവും കോൺഗ്രസിന് മുന്നിലുള്ള രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അധ്യക്ഷൻ രത്തൻ ഖേൽക്കറുടെ നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾക്കൊപ്പം ഇ ഡി അനുഭാവിത്വവും ആരോപണമായി സിപിഐഎം ഉന്നയിക്കാനിടയുണ്ട്. എന്നാൽ നിലവിൽ ഉണ്ടായിട്ടുള്ള ഇടതുവിരുദ്ധ തരംഗത്തിൽ കേന്ദ്ര സർക്കാർ വിരുദ്ധ നിലപാടുകളെടുക്ക് സിപിഐഎമ്മിനെ സംരക്ഷിക്കേണ്ടതില്ലെന്നും സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നുമാണ് കോൺഗ്രസിൽ പൊതുവെ ഉയർന്നിട്ടുള്ള നിലപാട്.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഉന്നയിച്ച് പ്രധാന വിമർശനങ്ങൾ
പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാൻ കോൺഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാകാലം മുതൽ അദ്ദേഹത്തിന് നേർക്ക് നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ് ഇത്. ആ നീക്കങ്ങളെ തകർത്ത് മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ഉറപ്പാണ്.
സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഏത് കേസും ഏത് രൂപത്തിൽ വേണമെങ്കിലും അന്വേഷിക്കുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ, രാഷ്ട്രീയ പ്രേരണയോടെയാണ് നിരന്തരമായ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ഉന്നത കോടതികളിൽ പോലും വെളിപ്പെട്ടതാണ്. വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത് പറഞ്ഞതാണ്. അതേസമയം, ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായ രണ്ട് പേര് സിഎംആർഎല്ലിൽ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അവരും സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും സിപിഐഎം ഓർമ്മിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളിൽ ഒരു ശതമാനത്തിൽ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക് അടിവരയിടുന്നു. ഈ സമീപനം തന്നെയാണ് കോൺഗ്രസ് പിന്തുണയോടെ കേരളത്തിൽ സിപിഐ എമ്മിനെതിരെ ബിജെപി ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും സിപിഐഎം ആരോപിക്കുന്നു.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ നടക്കുമ്പോൾ ബിജെപി പാളയത്തിൽ അഭയം തേടുന്ന കോൺഗ്രസ് ഉന്നതനേതാക്കളെയാണ് രാജ്യമെങ്ങും കണ്ടത്. ഹിമന്ത ബിശ്വ ശർമയും, അശോക് ചവാനും, നവീൻ ജിൻഡാലും, ക്യാപ്‌റ്റൻ അമരീന്ദർ സിംഗും, ദിഗംബർ കാമത്തും മുതൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിലെത്തിയ ഏതാണ്ട് എല്ലാ കോൺഗ്രസ് നേതാക്കളും ബിജെപിയിലെത്തി. ഇത്തരം ഭീഷണികൾ ഒരുകാലത്തും പക്ഷേ, സിപിഐ എമ്മിന് മുന്നിൽ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നിൽ ജീവൻ കൊടുത്ത് പോരാടിയവരാണ് സിപിഐ എം പ്രവർത്തകർ. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
English Summary: CPM has intensified its attack against Congress over the Enforcement Directorate’s actions targeting former Kerala Chief Minister Pinarayi Vijayan. The party claims the ED is being politically weaponized by the BJP and warns that Congress could face serious political consequences if it silently supports the investigation. CPM leaders argue that similar agency actions have been criticized nationally by Congress itself, making Kerala’s stance contradictory.