Kerala

ഇതെന്തൊരു മഴ! ഒഴുക്കിൽപ്പെട്ടും മണ്ണിടിഞ്ഞും ആറ് മരണം, അർണബ് ചുഴലിക്കാറ്റും ഭീഷണി

സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്

Madism Desk

കനത്ത ചൂടിന് ആശ്വാസമെന്ന് കരുതിയ മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. വിവിധയിടങ്ങളിലായി ആറ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒഴുക്കിലും മണ്ണിടിച്ചിലിലും പെട്ട നാലുപേരെ കണ്ടെത്താനുമുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് വിവരം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

വടക്കൻ ആൻഡമാൻ കടലിൽ രൂപം കൊണ്ട് ന്യൂനമർദത്തിന്ർറെ സ്വാധീനഫലമായാണ് ശക്തമായ മഴ. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ഓടെ തീവ്ര ന്യൂനമർദമായും, സെപ്റ്റംബർ 22-ന് അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കും. തുടർന്ന് സെപ്റ്റംബർ 23-ഓടെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമെത്താനാണ് സാധ്യത. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ 2026ലെ ആദ്യ ചുഴലിക്കാറ്റാവുമിത്. ചുഴലിക്കാറ്റായാൽ അർണബ് എന്ന പേരിലാണിത് അറിയപ്പെടുക- സമുദ്രം എന്നർഥം. ഇതിന്റെ സ്വാധീനത്താൽ സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം മിക്ക ജില്ലകളിലും ഇന്നലെ മിന്നലോടു കൂടിയ മഴയും കാറ്റുമുണ്ടായി. തുടക്കത്തിൽ യെല്ലോ അലർട്ട് നൽകിയിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടിലേക്ക് ഉയർത്തിയിരുന്നു. ഈ ജില്ലകളിൽ കിഴക്കൻ മേഖലകളിലും മലയോര പ്രദേശങ്ങളിലും നദികളിൽ ജലനിരപ്പ് ഉയരുകയും റോഡുകളിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തിട്ടുണ്ട്

മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്. ഒരു സ്ത്രീയടക്കം നാലുപേരെ കാണാതായി. മരിച്ചവർ വിനോദസഞ്ചാരികളാണെന്ന് കരുതുന്നു. അവധിദിവസമായതിനാൽ ഒട്ടേറെപ്പേർ ടി.കെ. കോളനി വിനോദസഞ്ചാരമേഖല കാണാനും പുഴയിൽ കുളിക്കാനുമായി എത്തിയിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.

മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31) ആണ് മരിച്ച ഒരാൾ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുവാരക്കുണ്ട് സ്വദേശി റഹീം (35), വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച നാലരയോടെ മൂന്നാർ കൊട്ടാക്കമ്പൂർ അമ്മൻകോവിൽ ഭാഗത്തെ കൃഷിസ്ഥലത്തെ ഷെഡ്ഡിലേക്ക് മഴവെള്ളപ്പാച്ചിലിനൊപ്പം മണ്ണിടിഞ്ഞ് കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ(50), ചിന്നു (36) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ(46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ ഞായറാഴ്ച അഞ്ചോടെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ്, മറ്റൊരു യുവതിയുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെന്നൈ സ്വദേശിനി സംഗീതാ അരുൾ ലാൽ (35) മരിച്ചു.

പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) മരിച്ചു. മണ്ണിനടിയിൽപ്പെട്ട ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The rain that was expected to bring relief from the scorching heat has caused heavy damage across the state. Six deaths have been reported so far, while four people caught in strong currents and landslides are still missing. Heavy rain is expected to continue over the coming days. A yellow alert has been issued today in Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Thrissur districts.