Kerala

'കിഫ്ബിയെ തകര്‍ത്ത ചതിയന്‍ ചന്തു, എഴുപതിനായിരം കോടിയുടെ ബാധ്യത': സഭയില്‍ വാക്പോര്

കിഫ്ബി പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Madism Desk

കിഫ്ബിയെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍ ആരോപിച്ചു. നിലവില്‍ കിഫ്ബി മൂലം എഴുപതിനായിരം കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാനത്തിനുളളത്. മുന്‍ സര്‍ക്കാര്‍ ഉയര്‍ന്ന പലിശയ്ക്കാണ് കടമെടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ തുക എങ്ങനെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബി പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കിഫ്ബിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, ഇനി മുതല്‍ കാര്യങ്ങള്‍ ആ രീതിയിലായിരിക്കില്ലെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും കര്‍ശന നിയന്ത്രണത്തില്‍ മാത്രമായിരിക്കും ഇനി മുതല്‍ കിഫ്ബി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഫ്ബി പദ്ധതികള്‍ സ്തംഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാക്‌പോരിന് വഴിവച്ച വിഷയത്തില്‍ കിഫ്ബി സംസ്ഥാനത്തിന് ബാധ്യത മാത്രമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ നിലവില്‍ കരാര്‍ ഒപ്പിട്ടിട്ടുള്ള പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ നിയമപരമായ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാല്‍ നിലവില്‍ എഗ്രിമെന്റ് വെച്ചിട്ടുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കിഫ്ബിയുടെ എല്ലാ വര്‍ക്കുകളും തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിലവില്‍ 31,761 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 25,000 കോടി രൂപയുടെ പദ്ധതി നിലവില്‍ പൂര്‍ത്തിയായി. ഇനി പൂര്‍ത്തിയാക്കാനുള്ളവയ്ക്ക് വേണ്ടുന്ന പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂര്‍ത്തിയാക്കാന്‍ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികള്‍ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടമെടുപ്പ് പരിധി കുറച്ചപ്പോള്‍ തന്നെ സംസ്ഥാനത്തിന് 12000 കോടി കുറവുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന് അന്നത്തെ ധനവകുപ്പ് തന്നെ പറഞ്ഞതാണ്. കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുന്നതില്‍ ധനമന്ത്രിയായിരിക്കെ കെ എന്‍ ബാലഗോപാല്‍ ഉയര്‍ത്തിയ എതിര്‍പ്പ് ആയുധമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. കിഫ്ബിയുടെ പല നീക്കങ്ങളെയും എതിര്‍ത്ത കെ എന്‍ ബാലഗോപാലിനെ കൊണ്ട് തന്നെ നോട്ടീസ് അവതരിപ്പിച്ചു.

വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെയാണ് കോര്‍പറേറ്റ് വല്‍കരണ അജണ്ടയാകുന്നത്. അന്ന് ബാലഗോപാല്‍ അത് എതിര്‍ത്തതും കോര്‍പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പിന് ബാധിക്കും എന്നതുകൊണ്ടാണ് ബാലഗോപാല്‍ അങ്ങനെ പറഞ്ഞത്. കൊച്ചിയിലെ സിയാല്‍ ആണ് കേരളത്തിന്റെ വിസ്മയം. ഗോശ്രീ പാലവും ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും മുതല്‍ വിഴിഞ്ഞം തുറമുഖം വരെ കിഫ്ബിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ കെ എന്‍ ബാലഗോപാല്‍ പത്ത് വര്‍ഷം മുമ്പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും അതിന് കാരണം കിഫ്ബിയാണെന്നും അവകാശപ്പെട്ടു. ദേശീയപാതയ്ക്ക് സ്ഥലമെടുക്കാന്‍ പണം കൊടുക്കേണ്ടി വന്നതാണ്. മലയോരമേഖലയില്‍ അടക്കം യാത്രാ സൗകര്യം മെച്ചപ്പെട്ടു. ഇപ്പോള്‍ ചിരിക്കുന്ന എംഎല്‍എമാര്‍ മലയോരമേഖലയില്‍ നിന്ന് ഇവിടെ വരാന്‍ എട്ടുമണിക്കുര്‍ എടുത്തിരുന്നെങ്കില്‍ ഇപ്പോ ഇവിടെ വന്നിരിക്കാന്‍ അഞ്ച് മണിക്കൂര്‍ മതിയെന്ന് കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു. കിഫ്ബിയെ ഇപ്പോഴത്തെ ഭരണപക്ഷം ആദ്യം മുതല്‍ കണ്ടത് ചതുര്‍ത്ഥി കാണും പോലെയാണ്. കിഫ്ബിയെ തകര്‍ത്ത ചതിയന്‍ ചന്തു യുഡിഎഫ് ആണെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.

Kerala Chief Minister V. D. Satheesan alleged in the Assembly that the Kerala Infrastructure Investment Fund Board (KIIFB) had created a financial liability of ₹70,000 crore for the state. Responding to the Opposition’s adjournment motion, he criticised the previous government for borrowing at high interest rates and questioned how the liability would be repaid. He also rejected allegations that KIIFB projects were being deliberately derailed.