Kerala

കുടി, ദേഷ്യം തീർക്കാൻ ഭാര്യമാരിൽ ക്രൂരമായ ലൈംഗിക പീഡനം! കേരളത്തിലെ ഗാർഹിക പീഡന കേസുകളിൽ വൻ വർധനവ്

ഭർത്താക്കന്മാരുടെ ക്രൂരതകൾ വിവരിച്ച് മുന്നോട്ട് വരുന്ന സ്ത്രീകളിൽ പലരും ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയാറില്ല

Madism Desk

കേരളത്തിലെ ഗാർഹിക പീഡന കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഭർത്താക്കന്മാരിൽ നിന്ന് ശാരീരികവും മാനസികവും അതിക്രൂരമായ ലൈംഗിക പീഡനങ്ങളുമാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 10,000 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പുറത്തുവന്ന കേസുകൾ മാത്രമാണിതെന്നിരിക്ക, അടച്ചിട്ട മുറികളിൽ നടക്കുന്ന ക്രൂരതകൾ ഇതിലും ഇരട്ടിയാവുമെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

കേരള പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 2024ൽ 4,515, 2025ൽ 3,986 2026ൽ ഇതുവരെ 2,228 എന്നിങ്ങനെയാണ് കേസുകൾ. ഭർത്താക്കന്മാരുടെ ക്രൂരതകൾ വിവരിച്ച് മുന്നോട്ട് വരുന്ന സ്ത്രീകളിൽ പലരും ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയാറില്ല. കൌൺസിലിംഗിലൂടെയാണ് പിന്നീടിത് മനസ്സിലാക്കുന്നതെന്ന് ‘സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്‌സ് റിസർച്ച് ആൻഡ് അഡ്വക്കസി’ (CCRRA) ഡയറക്ടർ അഡ്വ. സന്ധ്യ രാജു പറയുന്നു.

'ഭർത്താക്കന്മാർ കുടിക്കുമ്പോൾ മാത്രമാണ് പ്രശ്നക്കാർ. അല്ലാത്തപ്പോൾ നല്ല സ്നേഹമാണ്- ഇതാണ് പല സ്ത്രീകളുടെയും വാക്കുകൾ. പക്ഷേ ദൌർഭാഗ്യകരമായ കാര്യമെന്തെന്നാൽ ഈ ഭർത്താക്കന്മാരൊക്കെയും മാസത്തിൽ 28 ദിവസവും കുടിക്കുന്നവരായിരിക്കും എന്നതാണ്.

പോണോഗ്രഫിയും ലൈംഗികപീഡനങ്ങൾക്ക് കാര്യമായി വഴിയൊരുക്കുന്നുണ്ട്.

പോൺ സിനിമകളിലെ ക്രൂരവും അസാധാരണവുമായ ലൈംഗികവേഴ്ചകളിലേർപ്പെടാൻ അവർ ഭാര്യമാരെ നിർബന്ധിക്കും. അതിനവർ തയ്യാറാകാതിരിക്കുകയോ അല്ലെങ്കിൽ അവർ ഭാവന ചെയ്യുന്നത് പോലെ അത് നടക്കാതിരിക്കുകയോ ചെയ്താൽ പിന്നെ ക്രൂരമായ ഉപദ്രവമായി' - സന്ധ്യ പറയുന്നു.

വീട്ടുകാരിൽ നിന്നുള്ള പിന്തുണയില്ലാത്തത് ഇത്തരം ബന്ധങ്ങളിൽ തുടരാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നുണ്ട്. അഭിമാനം ചൂണ്ടിക്കാട്ടി ഭർത്താവിനൊപ്പം നിൽക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കളുടെ കഥയാണ് മിക്ക സ്ത്രീകൾക്കും പറയാനുള്ളതെന്ന് സന്ധ്യ ചൂണ്ടിക്കാട്ടുന്നു. മധ്യവയസിനോടടുത്ത സ്ത്രീകളാണ് ഇത്തരത്തിൽ കുടുംബബന്ധങ്ങളിൽ കുടുങ്ങിപ്പോകുന്നത്. പുതിയ പെൺകുട്ടികൾ ആ കെട്ട് പൊട്ടിച്ച് ടോക്സിക് ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാറുണ്ടെന്നും വൈവാഹിക ബന്ധങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടതെന്തെന്നും ആ ബന്ധത്തിലേക്ക് തങ്ങൾക്ക് നൽകാൻ കഴിയുന്നതെന്തെന്നും കൃത്യമായ വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.

നിയമപരമായ സംരക്ഷണവും യഥാർത്ഥ സുരക്ഷയും തമ്മിലുള്ള അന്തരത്തെക്കുറിച്ചും സന്ധ്യ ചൂണ്ടിക്കാട്ടി. ഭർത്താവ് ലഹരിമരുന്നിന് അടിമയാണെന്നും അയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ആരോപിക്കപ്പെടുന്ന ഒരു കേസിൽ, ഭാര്യ കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. എന്നാൽ, അയാൾ തിരികെ എത്തിയതോടെ അവർക്ക് വീണ്ടും ഉപദ്രവം നേരിടേണ്ടി വന്നു. പൊലീസ് ഒരു തരത്തിലുള്ള സുരക്ഷയും ഒരുക്കിയില്ല.

സാമ്പത്തിക ചൂഷണമാണ് മറ്റൊരു ഘടകം. മദ്യപാനിയായ ഭർത്താവ് കോടതി ഉത്തരവുണ്ടായിട്ടും സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്, ജീവനാംശത്തിനായി വർഷങ്ങളോളം പോരാടുകയും മക്കളുടെ സ്കൂൾ ഫീസ് അടക്കാൻ ബുദ്ധിമുട്ടുകയും ചെയ്ത ഒരു സ്ത്രീയുടെ കേസും സന്ധ്യ ഓർത്തെടുത്തു.

വീട്ടുചെലവുകൾ നടത്താനും നാല് കുട്ടികളെ നോക്കാനും ആവശ്യമായ പണത്തിന് പകരമായി ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് നിർബന്ധിത ലൈംഗിക ഉപദ്രവം നേരിടേണ്ടി വന്നതാണ് മറ്റൊരു സംഭവം. വിവാഹേതര ബലാത്സംഗത്തെ സാധാരണ ബലാത്സംഗം പോലെ നിയമം കുറ്റകരമാക്കുന്നില്ലെങ്കിലും, ഇത്തരം പെരുമാറ്റങ്ങൾ ലൈംഗികാതിക്രമത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും ഭാഗമാണെന്ന് സന്ധ്യ പറയുന്നു..

ഗാർഹിക പീഡനം, മദ്യപാനം, ഭർത്താവിൽ നിന്നുള്ള പീഡനം, ചില സന്ദർഭങ്ങളിൽ അമ്മായിയമ്മമാരിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള ഉപദ്രവം എന്നിവയാണ് പരാതികളിൽ പൊതുവായി വരാറുള്ളതെന്ന് പൊലീസ് വനിതാ സെല്ലിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൃപ്പൂണിത്തുറയിലെ ഒരു വാടക ഫ്ലാറ്റിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ട് അടുത്തിടെ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഉദ്യോഗസ്ഥൻ ഓർത്തെടുത്തു. ജോലിയൊന്നുമില്ലാത്ത, രണ്ട് കുട്ടികളുടെ അമ്മയായ ഈ സ്ത്രീ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. മുൻപ് പരിക്കുകളോടെ ആശുപത്രി സന്ദർശിച്ചപ്പോൾ പൊലീസ് കേസിന് പോകാൻ അവർ വിസമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ച ഈ സ്ത്രീക്ക് ക്രൂരമായ മർദ്ദനമേൽക്കുകയും, ശരീരമാസകലം പരിക്കേൽക്കുകയും രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തതോടെ സാഹചര്യം വഷളായി. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തത്.

നിയമപരമായ സംരക്ഷണ സംവിധാനങ്ങളും ഹെൽപ്പ് ലൈനുകളും നിലവിലുണ്ടെങ്കിലും, ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് യഥാർത്ഥ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ ഇനിയും വലിയ വിടവുകളുണ്ട്. കോടതി ഉത്തരവുകൾ കൃത്യസമയത്ത് നടപ്പിലാക്കുന്നതിലെ കാലതാമസം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ, സാമ്പത്തിക പരാധീനത, മദ്യപാനവും ലഹരി ഉപയോഗവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവ പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നു.

ശക്തമായ നിയമ നിർമ്മാണത്തിനൊപ്പം തന്നെ, പരാതി ലഭിച്ചാലുടൻ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ, ജീവനാംശ കേസുകളിലെ വേഗത്തിലുള്ള നടപടികൾ, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും കൃത്യമായ ബോധവൽക്കരണവും ഉറപ്പാക്കൽ എന്നിവയിലൂടെ മാത്രമേ ഗാർഹിക അതിക്രമങ്ങൾക്ക് പൂർണ്ണമായൊരു പരിഹാരം കണ്ടെത്തുവാൻ സാധിക്കൂ.

A report says domestic violence cases in Kerala have increased significantly. Women are facing physical, psychological and extremely severe sexual abuse at the hands of their husbands. Police have registered 10,000 cases over the past three years. The New Indian Express reported on the issue. Since these figures account only for reported cases, reports suggest that the violence taking place behind closed doors could be twice as high.