പ്രധാനമന്ത്രി നരേന്ദ്രമോദി നേമം മണ്ഡലം സന്ദർശിക്കാനിരിക്കെ കേന്ദ്രത്തിൽനിന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നേരിട്ട അവഗണകൾ തുറന്ന കത്തിലൂടെ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളം ബമ്പർ ലോട്ടറിയ്ക്ക് ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുമ്പോൾ വിദ്യാഭ്യാസത്തിനായി കേന്ദ്രം നൽകുന്നത് ആറു കോടി രൂപയാണെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
''ആർ.ടി.ഇ. നിയമപ്രകാരം സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയ്ക്കായി സംസ്ഥാനം ചെലവഴിച്ച തുകയിൽ, കേന്ദ്ര വിഹിതമായ 266.52 കോടി രൂപയിലേക്ക് ആകെ 6.86 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതേസമയം, സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മാർച്ച് 27-ന് നടന്ന യോഗത്തിൽ 129.31 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിരുന്നുവെങ്കിലും, പിന്നീട് അതൊന്നും ലഭിച്ചില്ല,'' ശിവൻകുട്ടി തുറന്ന കത്തിൽ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസം അടിസ്ഥാന അവകാശമായിരിക്കെ, രാജ്യത്തിന്റെ ഭാഗമായ കേരളത്തിലെ കുട്ടികളുടെ പഠനാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 2023-24 വർഷത്തിൽ അംഗീകരിച്ച 702.72 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 421.62 കോടിയിൽ നിന്ന് 141.06 കോടി രൂപ മാത്രമാണ് ലഭിച്ചത്, 188.58 കോടി രൂപ ഇപ്പോഴും കുടിശികയാണ്. 2024-25 വർഷത്തേക്കുള്ള 855.90 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 513.50 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 2025-26 വർഷത്തേക്കുള്ള 446.01 കോടി രൂപയും കൂടി ചേർന്നാൽ, ആകെ 1158.13 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.
കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇത്ര കുറഞ്ഞ തുക അനുവദിക്കുന്നത് ഗുരുതരമായ അനീതിയാണെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ ന്യായമായ പരിഗണന ലഭിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
പ്രിയപ്പെട്ട മോദിജി,
കേരളത്തിന് കേന്ദ്രം നൽകിയത് വെറും ആറു കോടി രൂപ..!!
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആർ.ടി.ഇ വ്യവസ്ഥ പ്രകാരം സൗജന്യ പാഠപുസ്തകം, യൂണിഫോം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സഹായം എന്നിവയ്ക്കായി സംസ്ഥാനം ചെലവഴിച്ച തുകയിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടിയിരുന്ന 266.52 കോടി രൂപ അനുവദിക്കണമെന്ന് നമ്മൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകുന്നതിന് പകരം വെറും 6.86 കോടി രൂപ മാത്രം അനുവദിച്ചുകൊണ്ട് അങ്ങേയറ്റം വിവേചനപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകും: 2023 - 2024 വർഷം ആകെ അംഗീകരിച്ച പദ്ധതി 702.72 കോടി രൂപയായിരുന്നു. ഇതിൽ കേന്ദ്ര വിഹിതമായി (60 ശതമാനം) ലഭിക്കേണ്ട 421.62 കോടി രൂപയിൽ വെറും 141.06 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 188.58 കോടി രൂപ ഇപ്പോഴും കുടിശികയാണ്. 2024 - 2025 വർഷം അംഗീകരിച്ച 855.90 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 513.50 കോടി രൂപയിൽ ഒരു പൈസ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. 2025 - 2026 വർഷം 446.01 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കാനുണ്ട്. ഇങ്ങനെ 2023 - 2024 മുതൽ ആകെ 1158.13 കോടി രൂപയാണ് കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത്.
സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യപ്രകാരം മാർച്ച് 27-ന് ചേർന്ന സപ്ലിമെന്ററി പി.എ.ബി മീറ്റിംഗിൽ 129.31 കോടി രൂപ നൽകാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സമ്മതിച്ചതാണ്. എന്നാൽ മാർച്ച് 30-ന് പുറത്തിറക്കിയ മിനിട്സിൽ ഇത് അട്ടിമറിക്കപ്പെട്ടു. ഈ അനീതിക്കെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ശക്തമായ ഭാഷയിൽ കത്തു നൽകിയിട്ടുണ്ട്.പി.എ.ബി മീറ്റിംഗിൽ നടന്ന ചർച്ചകളോ എടുത്ത തീരുമാനങ്ങളോ അല്ല മിനിട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സെക്രട്ടറി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ കണക്കുകളും കേന്ദ്രത്തിന്റെ പ്രബന്ധ് പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടും അത് പരിശോധിക്കാതെയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. അതിനാൽ ഇപ്പോൾ പുറപ്പെടുവിച്ച മിനിട്സ് റദ്ദാക്കണമെന്നും കേരളവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനമെടുക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ബമ്പർ ലോട്ടറിക്ക് പോലും ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുമ്പോഴാണ് ഒരു വലിയ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേന്ദ്രം കേവലം 6.86 കോടി രൂപ അനുവദിക്കുന്നത്. ഇത് കേരളത്തോടുള്ള അങ്ങേയറ്റത്തെ അനീതിയാണ്.
നേമത്ത് റോഡ് ഷോ നടത്താൻ എത്തുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി, അങ്ങയോട് കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ചോദിക്കാനുള്ളത് ഇതാണ്: എന്തിനാണ് ഞങ്ങളുടെ പഠനം മുടക്കാൻ ശ്രമിക്കുന്നത്? ഞങ്ങളും ഈ ഇന്ത്യയിലെ കുട്ടികളല്ലേ? നന്നായി പഠിക്കുന്നു എന്നതാണോ ഞങ്ങൾ ചെയ്ത അയോഗ്യത? ഭിന്നശേഷി കുട്ടികൾക്കും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും മറ്റ് പാർശ്വവൽകൃത വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കും കൂടി അവകാശപ്പെട്ട പണമാണിത്. ഈ വിവേചനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും.
English Summary: Kerala Education Minister V Sivankutty accuses the Central government of financially strangling public education and delaying RTE funds. In an open letter to PM Narendra Modi, he highlights pending dues over Rs 1158 crore affecting students and welfare schemes.