Kerala

കേരളത്തിലെ നെല്‍വയലുകള്‍ 80 ശതമാനം കുറഞ്ഞു; കർഷകരുടെ വരുമാനത്തിലും ഇടിവ്

സംസ്ഥാനത്തെ ആകെ കൃഷിഭൂമിയില്‍ നെല്‍കൃഷിയുടെ പങ്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്

Madism Desk

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ഭാവിയെന്ത്? സംസ്ഥാനത്തെ നെല്‍ വയലുകളുടെ വിസ്തൃതിയില്‍ ഉണ്ടായിട്ടുള്ള കുറവ് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി കുത്തനെ കുറഞ്ഞു. 1975-76 കാലയളവില്‍ 8.76 ലക്ഷം ഹെക്ടറായിരുന്ന നെല്‍കൃഷി ഭൂമി 2024-25ല്‍ 1.77 ലക്ഷം ഹെക്ടറായി ചുരുങ്ങിയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ 'അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2024-25' റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ആകെ കൃഷിഭൂമിയില്‍ നെല്‍കൃഷിയുടെ പങ്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

1975-76ല്‍ കേരളത്തിലെ ആകെ കൃഷിഭൂമിയുടെ 29.4 ശതമാനമായിരുന്നു നെല്‍കൃഷിയെങ്കില്‍ 2024-25ല്‍ അത് വെറും ഏഴ് ശതമാനമായി ചുരുങ്ങി. പാലക്കാട്, ഇടുക്കി ജില്ലകളുടെ ആകെ വിസ്തൃതിയോളം ഉണ്ടായിരുന്ന നെല്‍കൃഷി ഭൂമി ഇന്ന് കാസര്‍കോട് ജില്ലയുടെ വിസ്തൃതിയേക്കാള്‍ താഴെയെത്തിയെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ വിസ്തൃതിയിലും കുറവുണ്ടായിട്ടുണ്ട്. 1975-76ല്‍ 29.81 ലക്ഷം ഹെക്ടറായിരുന്ന മൊത്തം കൃഷിഭൂമി 2024-25ല്‍ 25.15 ലക്ഷം ഹെക്ടറായി കുറഞ്ഞു. അഞ്ച് പതിറ്റാണ്ടിനിടെ 15.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

വരുമാനം കുറവ്; നെല്‍കൃഷി ഉപക്ഷിക്കുന്ന കര്‍ഷകര്‍

മറ്റ് വിളകളെ അപേക്ഷിച്ച് നെല്‍കൃഷിയില്‍ നിന്നുള്ള ലാഭം വളരെ കുറവാണെന്ന സാഹചര്യമാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹെക്ടര്‍ നെല്‍കൃഷിയില്‍നിന്ന് എല്ലാ ചെലവുകളും കഴിഞ്ഞ് കര്‍ഷകന് ലഭിച്ച വരുമാനം ഏകദേശം 12,500 രൂപ മാത്രമാണെന്നാണ് 2024-25ലെ കണക്കുകള്‍ പറയുന്നത്.

തെങ്ങ്, വാഴ, മരച്ചീനി കൃഷികള്‍ നെല്ലിനേക്കാള്‍ ആദാകരമാണെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. ഒരു ഹെക്ടര്‍ തെങ്ങുകൃഷിയില്‍നിന്ന് ഏകദേശം 78,000 രൂപയും മരച്ചീനിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയും വാഴക്കൃഷിയില്‍നിന്ന് 3.60 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് ആദായം ലഭിക്കും. ഇതാണ് കര്‍ഷകര്‍ നെല്‍കൃഷിയോട് മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

നെല്ലുല്‍പ്പാദനത്തില്‍ 60.2 ശതമാനം കുറവ്

നെല്‍കൃഷിയുടെ വിസ്തൃതി കുറഞ്ഞതിന് അനുപാതമായി സംസ്ഥാനത്തെ നെല്ലുല്‍പ്പാദനത്തിലും വലിയ ഇടിവുണ്ടായി. 1975-76ല്‍ 13.31 ലക്ഷം ടണ്ണായിരുന്ന ഉല്‍പ്പാദനം 2024-25ല്‍ 5.30 ലക്ഷം ടണ്ണായി കുറഞ്ഞു. അഞ്ച് പതിറ്റാണ്ടിനിടെ 60.2 ശതമാനത്തിന്റെ ഇടിവാണ് കണക്കിലുള്ളത്. എന്നാല്‍ ഉല്‍പ്പാദനക്ഷമത ഏകദേശം ഇരട്ടിയായത് മൊത്തം ഉല്‍പ്പാദനത്തിലെ ഇടിവിന്റെ തോത് കുറയ്ക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

നെല്‍കൃഷിയുടെ വിസ്തൃതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞെങ്കിലും സമീപകാലത്ത് ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാത്തിരിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍

നെല്‍കൃഷിയുടെ വിസ്തൃതി കുറയുന്നത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല, പരിസ്ഥിതിയെയും ഗൗരവമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂഗര്‍ഭജലത്തിന്റെ അളവ് നിലനിര്‍ത്തുന്നതിലും പ്രളയനിയന്ത്രണത്തിനും കേരളത്തില്‍ നെല്‍വയലുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. കൃഷി ഉപേക്ഷിക്കപ്പെടുകയും ദീര്‍ഘകാലം തരിശുകിടക്കുകയും ചെയ്യുന്ന ഭൂമി പിന്നീട് നികത്തുകയും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യപ്പെടുന്ന നില സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്.

ഈ അവസ്ഥ ഒഴിവാക്കാന്‍ നെല്‍വയലുകളുടെ സ്വാഭാവിക സ്വഭാവം നിലനിര്‍ത്തുന്ന മറ്റ് കൃഷികള്‍ ഉള്‍പ്പെടെ പോത്സാഹിപ്പിക്കുന്നത് പാരിസ്ഥിതിക സേവനങ്ങള്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.

കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തിലും ഇടിവ്

2024-25ല്‍ സംസ്ഥാനത്തെ തേങ്ങയുടെ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.77 ശതമാനം ഇടിഞ്ഞു. 5,149 ദശലക്ഷം തേങ്ങയാണ് 2024-25ല്‍ ലഭിച്ചത്. വാഴക്കുല , അടയ്ക്ക, മരച്ചീനി എന്നിവയുടെ ഉല്‍പ്പാദനത്തിലും കുറവുണ്ടായി. വാഴക്കുല ഉല്‍പ്പാദനം 17.51 ശതമാനവും അടയ്ക്ക ഉല്‍പ്പാദനം 17.49 ശതമാനവും മരച്ചീനി ഉല്‍പ്പാദനം 11.03 ശതമാനവും കുറഞ്ഞു.

ചക്ക ഉള്‍പ്പെടെയുള്ള വിളകളുടെ ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായതും റിപ്പോര്‍ട്ട് പറയുന്നു. ചക്കയുടെ ഉല്‍പ്പാദനം ഏകദേശം 16 ശതമാനം വര്‍ധിച്ച് 293 ദശലക്ഷം പഴങ്ങളിലെത്തി. ചക്ക ഉല്‍പ്പാദനത്തില്‍ ഇടുക്കിയാണ് മുന്നില്‍. റബര്‍ ഉല്‍പ്പാദനം 16.7 ശതമാനം വര്‍ധിച്ച് 6.22 ലക്ഷം ടണ്ണായി.

Kerala’s paddy cultivation area has declined by nearly 80% over the past five decades, falling from 8.76 lakh hectares in 1975-76 to 1.77 lakh hectares in 2024-25, according to the latest Agricultural Statistics report. Paddy cultivation now accounts for just 7% of the state's total cropped area, compared with 29.4% in 1975-76.

Low profitability is a major reason behind the decline. Farmers earned only around ₹12,500 per hectare from autumn paddy cultivation in 2024-25, compared with ₹78,000 from coconut, ₹3 lakh from tapioca and ₹3.60 lakh from bananas. Rice production also dropped by 60.2% during the period, although improved productivity helped limit the decline.

Experts warn that the shrinking paddy fields pose significant environmental concerns, as they play a crucial role in groundwater recharge and flood control. Meanwhile, coconut, plantain, arecanut and tapioca production recorded annual declines, while jackfruit and rubber production registered notable growth.