Kerala

കുതിക്കാൻ കൗമാരം; 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് വർണ്ണാഭമായ തുടക്കം

അത്‌ലറ്റിക്‌സ് മത്സരങ്ങൾ 27 മുതൽ 31 വരെ എൻഐടി സ്റ്റേഡിയത്തിൽ നടക്കും.

Sports Desk

അതിതീവ്ര മഴയുടെയും റെഡ് അലർട്ടിന്റെയും മുന്നറിയിപ്പുകൾക്കിടയിലും ആവേശത്തിന് ഒട്ടും മങ്ങലേൽക്കാതെ 68-ാമത് കേരള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാകും. ന​ഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ ചാത്തമം​ഗലത്തുള്ള എൻഐടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയമാണ് ഒക്ടോബർ 25 മുതൽ 31 വരെ നീളുന്ന കായിക മാമാങ്കത്തിന്റെ പ്രധാന വേദി. 'കുട്ടു' എന്ന ഭാഗ്യചിഹ്നവുമായി എത്തുന്ന ഈ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. 'സേ നോ ഡ്രഗ്സ്' എന്ന ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ തെളിയിക്കും.

കോഴിക്കോട് കടപ്പുറത്തെത്തുന്ന സ്വർണക്കപ്പും ദീപശിഖയും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഏറ്റുവാങ്ങും. തുടർന്ന്, ഊട്ടുപുരയിലെ പാലുകാച്ചലും വൈകീട്ട് മൂന്നിന് വിദ്യാഭാസ മന്ത്രി നിര്‍വഹിക്കും. 4000 കായിക താരങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റും 3000 വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സാംസ്കാരിക വിരുന്നും ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടും.

ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങൾ ഉണ്ടായിരിക്കില്ല. പത്ത് വേദികളിലായി 12 കായിക ഇനങ്ങളിലായാണ് പോരാട്ടങ്ങൾ നടക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സിനും ​ഗെയിംസ് ഇനങ്ങൾക്കും നാളെ തുടക്കമാകും. മേളയിൽ ഇത്തവണ ഇൻക്ലൂസീവ് സ്പോർട്സിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ മാത്രം രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരിക്കുന്നത്.

ഏവരും ഉറ്റുനോക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങൾ 27 മുതൽ 31 വരെ എൻഐടി സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2800 താരങ്ങളാണ് ട്രാക്കിലിറങ്ങുക. കായിക താരങ്ങളും ഒഫീഷ്യലുകളും ടീം മാനേജർമാരുമടക്കം പതിനയ്യായിരത്തോളം പേരാണ് മേളയുടെ ഭാഗമാകാൻ കോഴിക്കോട്ടേക്ക് എത്തിയിരിക്കുന്നത്.

നാട്ടിലെ കായികതാരങ്ങൾക്കൊപ്പം പ്രവാസി വിദ്യാർത്ഥികളും ട്രാക്കിലിറങ്ങുന്നു എന്നത് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. യുഎഇയിലെ വിവിധ കേരള ബോർഡ് സ്‌കൂളുകളിൽ നിന്നായി 26 കായിക പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്നത്. ദുബായ് ഗൾഫ് മോഡൽ സ്കൂൾ, അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വളരെ പ്രതീക്ഷയോടെയാണ് പങ്കെടുക്കുന്നത്.

ഇതിൽ ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ നിന്ന് മാത്രം ഏഴ് കുട്ടികളും രണ്ട് അധ്യാപകരും സംഘത്തിലുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി വിദ്യാർഥികൾക്ക് സംസ്ഥാന മേളയിൽ പങ്കെടുക്കാൻ നൽകിയ അവസരം ഉപയോഗപ്പെടുത്തിയാണ് ഇവർ നാട്ടിലെത്തിയിരിക്കുന്നത്.

ആറുനാൾ നീളുന്ന കായികമേളയുടെ സമാപന സമ്മേളനം ഒക്ടോബർ 31-ന് വൈകിട്ട് നാലിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

The 68th Kerala State School Sports Meet kicks off at the NIT floodlit stadium in Kozhikode, spanning from October 25 to 31. Despite heavy rain alerts, the event will be inaugurated by Chief Minister V. D. Satheesan, with Olympian P. T. Usha lighting the torch. Promoting an anti-drug message, the meet brings together around 15,000 participants across 12 sports disciplines in 10 venues. A major highlight this year is the special focus on inclusive sports and the participation of 26 NRI students from various Kerala board schools in the UAE.