Kerala

മരണങ്ങള്‍ കുറയുന്നു, വിവാഹബന്ധത്തിനുള്ളിലെ ക്രൂരതകള്‍ കൂടുന്നു; സ്ത്രീധന പീഡനങ്ങള്‍ അവസാനിക്കാത്ത കേരളം

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് സ്ത്രീധന പീഡന പരാതികളിലും ഗാർഹിക അതിക്രമങ്ങളിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം കൊല്ലം ജില്ലകളാണ്

Jamsheena Mullappatt

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും അതിക്രൂരമായ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പുത്തന്‍തുറ സ്വദേശിയായ അഞ്ജുവാണ് ഭര്‍ത്താവിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ എന്നിവര്‍ക്കെതിരെ ചവറ പൊലിസ് കേസെടുത്തു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കേവലം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സ്ത്രീധനം പോരെന്നാരോപിച്ച് പീഡനം ആരംഭിച്ചതായി അഞ്ജു പരാതിയില്‍ പറയുന്നു. നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും 'കാണാന്‍ കൊള്ളില്ല' എന്നും പറഞ്ഞായിരുന്നു നിരന്തരമായ പരിഹാസവും ഉപദ്രവവും.

വിവാഹശേഷം ജോലിസ്ഥലമായ സൗദി അറേബ്യയിലേക്ക് മടങ്ങിയ നന്ദു, പിന്നീട് അഞ്ജുവിനെയും കൊണ്ടുപോയി. വിദേശത്തെത്തിയിട്ടും പീഡനങ്ങള്‍ തുടര്‍ന്നു. വീട്ടിലുണ്ടായിരുന്ന പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അഞ്ജുവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെയും ആഴത്തിലുള്ള മുറിവുകളുടെയും പാടുകളുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് അഞ്ജു പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് സ്ത്രീധന പീഡന പരാതികളിലും ഗാർഹിക അതിക്രമങ്ങളിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളാണ്. വനിതാ കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായി കൊല്ലവുമുണ്ട്. ഔദ്യോഗികമായി രേഖപ്പെടുത്തുന്ന സ്ത്രീധന മരണങ്ങളുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങാണ് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങൾ. ഈ രണ്ട് തെക്കൻ ജില്ലകളിലെയും സ്ത്രീധന-ഗാർഹിക പീഡനങ്ങളുടെ കണക്കുകള്‍ പരിശോധിക്കാം.

തിരുവനന്തപുരത്തെ കണക്കുകള്‍

തിരുവനന്തപുരം റൂറൽ പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 മുതൽ 2024 വരെ അഞ്ച് വർഷത്തിനിടെ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ബിഎൻഎസ്/ഐപിസി 304(ബി) പ്രകാരം എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020-ൽ ഒരു കേസും 2021-ൽ ഒരു കേസും 2022-ൽ ഒരു കേസും 2023-ൽ മൂന്ന് കേസുകളും 2024-ൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഭർത്താവോ ബന്ധുക്കളോ നടത്തിയ ക്രൂരതയുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. 2020-ൽ 203 കേസുകളും 2021-ൽ 286 കേസുകളും 2022-ൽ 121 കേസുകളും 2023-ൽ 324 കേസുകളും 2024-ൽ 328 കേസുകളും തിരുവനന്തപുരം റൂറലിൽ രജിസ്റ്റർ ചെയ്തു.

2021-ലും 2022-ലും തിരുവനന്തപുരം സിറ്റി പരിധിയിൽ സ്ത്രീധന മരണം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഭർത്താവോ ബന്ധുക്കളോ നടത്തിയ ക്രൂരതയുടെ പേരിൽ യഥാക്രമം 119, 112 കേസുകൾ രജിസ്റ്റർ ചെയ്തു. 2023ൽ ഈ വിഭാഗത്തിൽ 92 കേസുകളും 2024ൽ 52 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സ്ത്രീധന നിരോധന നിയമപ്രകാരം 2021ൽ മൂന്ന് കേസുകളും 2022ൽ 12 കേസുകളും 2023-ൽ 10 കേസുകളും രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-ൽ 48 കേസുകളും 2022-ൽ 33 കേസുകളും 2023-ൽ 42 കേസുകളും 2024-ൽ 29 കേസുകളുമാണ് തിരുവനന്തപുരം സിറ്റി പരിധിയിലെ ലഭ്യമായ കണക്കുകൾ.

എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം വനിതാ കമ്മീഷനിൽ ലഭിച്ച സ്ത്രീധന പീഡന പരാതികളുടെ എണ്ണത്തിൽ കൊല്ലത്തേക്കാൾ വളരെ മുന്നിലാണ് തിരുവനന്തപുരം. 2011 മുതൽ 2025 മാർച്ച് വരെ തിരുവനന്തപുരത്ത് 606 പരാതികളാണ് ലഭിച്ചത്. ഈ ദീർഘകാല കാലയളവിൽ തിരുവനന്തപുരത്ത് ലഭിച്ച സ്ത്രീധന പീഡന പരാതികൾ കൊല്ലത്തേക്കാൾ മൂന്നിരട്ടിയിലധികമാണ്. ഭർത്താവിൽ നിന്നുള്ള ഉപദ്രവവുമായി ബന്ധപ്പെട്ട പരാതികളിലും തിരുവനന്തപുരമാണ് മുന്നില്‍-1,519. ഈ കാലയളവില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട 3,592 പരാതികളും ജില്ലയില്‍നിന്നു വനിതാ കമ്മീഷന് ലഭിച്ചു.

വനിതാ കമ്മിഷന്റെ ലഭ്യമായ മറ്റൊരു കണക്ക് പ്രകാരം ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡന പരാതികൾ ലഭിച്ച ജില്ലകളിലൊന്നാണ് തിരുവനന്തപുരം. 2010 മുതൽ 2021 ജൂൺ വരെ ജില്ലയിൽ നിന്ന് 447 സ്ത്രീധന പീഡന പരാതികൾ വനിതാ കമ്മിഷനിൽ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2022-ൽ 54 സ്ത്രീധന പീഡന പരാതികളും 2023-ൽ 24 പരാതികളും 2024-ൽ 64 പരാതികളും 2025-ൽ 21 പരാതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 മുതൽ 2025 വരെയുള്ള ഈ നാല് വർഷങ്ങളിൽ മാത്രം ലഭ്യമായ കണക്കുകൾ പ്രകാരം 163 പരാതികളാണ് വനിതാ കമ്മീഷനിലെത്തിയത്.

കൊല്ലത്തെ കണക്കുകള്‍ പറയുന്നത്

കൊല്ലം റൂറല്‍ പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021 മുതല്‍ 2026 വരെ ബിഎൻഎസ്/ഐപിസി 304(ബി) പ്രകാരം ഒരു സ്ത്രീധന മരണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021-ല്‍ ഒരു കേസ് രേഖപ്പെടുത്തിയപ്പോള്‍ 2022, 2023, 2024, 2025 വര്‍ഷങ്ങളില്‍ സ്ത്രീധന മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ഭര്‍ത്താവോ ബന്ധുക്കളോ നടത്തിയ ക്രൂരത എന്ന വിഭാഗത്തില്‍ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. 2021-ല്‍ 222 കേസുകളും 2022-ല്‍ 220 കേസുകളും 2023-ല്‍ 190 കേസുകളും 2024-ല്‍ 141 കേസുകളും 2025-ല്‍ 125 കേസുകളുമാണ് കൊല്ലം റൂറലില്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് വെബ്‌സൈറ്റില്‍ ലഭ്യമായ നിലവിലെ കണക്കില്‍ 2026-ല്‍ ഇതുവരെ 26 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം സിറ്റി പൊലീസിന്റെ ലഭ്യമായ കണക്കിലും സ്ത്രീധന മരണത്തേക്കാള്‍ കൂടുതലാണ് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയുമായി ബന്ധപ്പെട്ട കേസുകള്‍. 2022-ല്‍ കൊല്ലം സിറ്റി പരിധിയില്‍ ഒരു സ്ത്രീധന മരണവും ഭര്‍ത്താവോ ബന്ധുക്കളോ നടത്തിയ ക്രൂരതയുമായി ബന്ധപ്പെട്ട 106 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (ബാക്കി വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല). അതായത്, സ്ത്രീധന മരണങ്ങള്‍ കണക്കുകളുടെ ഒരുഭാഗം മാത്രമാണ്. വിവാഹബന്ധത്തിനുള്ളിലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ കൂടുതല്‍ വ്യാപകമായ പ്രശ്‌നമാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

പൊലീസ് കേസുകള്‍ക്ക് പുറമെ കേരള വനിതാ കമ്മീഷനില്‍ ലഭിച്ച പരാതികളും കൊല്ലത്തെ മറ്റൊരു രീതിയില്‍ അടയാളപ്പെടുത്തുന്നു. എക്കണോമിക് റിവ്യൂ- 2025 റിപ്പോര്‍ട്ട് പ്രകാരം 2016 മുതല്‍ 2025 മാര്‍ച്ച് 31 വരെ വനിതാ കമ്മീഷനില്‍ ലഭിച്ച സ്ത്രീധന പീഡന പരാതികളില്‍ രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. ഈ കാലയവളില്‍ 176 സ്ത്രീധന പീഡന പരാതികള്‍ വനിതാ കമ്മീഷനില്‍ ലഭിച്ചിട്ടുണ്ട്. 716 ഗാര്‍ഹിക പീഡന പരാതികളും ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവത്തെ തുടര്‍ന്നുള്ള 231 പരാതികളും വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ഈ പരാതികളുടെ എണ്ണം മാത്രം ഉപയോഗിച്ച് ഒരു ജില്ലയിൽ പീഡനം മറ്റൊരു ജില്ലയേക്കാൾ കൂടുതലാണെന്ന് അന്തിമമായി പറയാനാകില്ല. ജനസംഖ്യ, നിയമബോധം, പൊലീസ്-നിയമ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം, വനിതാ കമ്മിഷന്റെ സേവനങ്ങലോടുള്ള സമീപനം, പരാതി നൽകാനുള്ള സാമൂഹിക സന്നദ്ധത തുടങ്ങിയ ഘടകങ്ങൾ പരാതികളുടെ എണ്ണത്തെ സ്വാധീനിക്കാം.

രണ്ട് ജില്ലകളിലെയും സ്ത്രീധന മരണങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ പ്രശ്‌നം നിയന്ത്രണവിധേയമാണെന്ന പ്രതീതി ഉണ്ടാകാം. എന്നാല്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളും വനിതാ കമ്മീാഷനിലെ സ്ത്രീധന പീഡന പരാതികളും മറ്റൊരു യാഥാര്‍ഥ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ സ്ത്രീധന മരണത്തെ ഒരു പീഡനത്തിന്റെ അവസാനഘട്ടമായാണ് കണക്കാക്കേണ്ടത്. അതിന് മുമ്പുള്ള മാനസിക പീഡനം, ശാരീരിക അതിക്രമം, സാമ്പത്തിക സമ്മര്‍ദ്ദം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഘട്ടങ്ങളും മരണവുമായി ചേര്‍ത്തുതന്നെയാണ് വിലയിരുത്തേണ്ടത്. കാരണം ഈ ഘടകങ്ങള്‍ പലപ്പോഴും ഔദ്യോഗിക കണക്കുകളില്‍ വ്യത്യസ്ത കുറ്റവിഭാഗങ്ങളായാണ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനതലത്തിലെ യാഥാര്‍ത്ഥ്യം

ഇനി സംസ്ഥാനതലത്തിലെ കണക്കുകള്‍ പരിശോധിച്ചാലും വീടകങ്ങളില്‍ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ കുറവൊന്നും വന്നിട്ടില്ല. എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം 2016-2025 ഒക്ടോബര്‍ വരെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 1,58,360 ആണ്. ഇതില്‍ 36,734 കേസുകള്‍ ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നൊ ഉള്ള പീഡനങ്ങളാണ്. ഈ കാലയളവില്‍ 104 പേര്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ കണക്കനുസരിച്ച് 2016 മുതൽ 2020 വരെയുള്ള അഞ്ചു വർഷ കാലയളവിൽ മാത്രം വിവിധ വകുപ്പുകൾ പ്രകാരം സ്ത്രീധന പീഡനങ്ങളുമായി ബന്ധപ്പെട്ട് 13,678 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2026 ഓഗസ്റ്റ് വരെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സംസ്ഥാനത്ത് ഭര്‍ത്താവോ ബന്ധുക്കളോ നടത്തിയ 28,871 (2020- 2707, 2021- 4997, 2022- 4998, 2023- 4710, 2024- 4515, 2025- 3986, 2026- 2228) പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കാലയളവിലെ സ്ത്രീധന മരണങ്ങള്‍ 44 ആണ് (2020-6, 2021-9, 2022- 11, 2023- 8, 2024- 3, 2025- 6, 2026- 1). ഈ കണക്കുകളിലും സ്ത്രീധന പീഡന മരണങ്ങള്‍ താരതമ്യേനെ കുറയുന്നുണ്ട്. എന്നാല്‍, ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരത എന്ന കുറ്റവിഭാഗത്തിൽ വർഷംതോറും ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. സ്ത്രീധന പീഡനങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭര്‍ത്താവോ ബന്ധുക്കളോ നടത്തിയ പീഡന വിഭാഗത്തിലാണ് കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്ന വസ്തുത ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ 2022 വരെ സ്ത്രീധന നിരോധന നിയമ പ്രകാരം 1,079 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരള പൊലീസ് ഒഫീഷ്യല്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 2020 മുതല്‍ 2026 ഓഗസ്റ്റ് വരെ സ്ത്രീധന നിരോധന നിയമ പ്രകാരം 146 കേസുകള്‍ ( 2020- 3, 2021- 39, 2022- 28, 2023- 21, 2024- 17, 2025- 32, 2026- 6) രജിസ്റ്റര്‍ ചെയ്തു. 2021-ല്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസോടെയാണ് സ്ത്രീധന നിരോധന നിയമ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.

ഈ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ തികച്ചും ഗൗരവമേറിയ മറ്റൊരു ചോദ്യം കൂടി നമ്മുടെ മുന്നിലേക്ക് ഉയര്‍ത്തുന്നുണ്ട്; പൊലീസിലോ വനിതാ കമ്മീഷനിലോ എത്താത്ത സ്ത്രീധന പീഡനങ്ങളുടെ എണ്ണം എത്രയാണ് എന്നതാണ് ആ ചോദ്യം. കുടുംബത്തിന്റെ സമ്മര്‍ദ്ദം, സാമൂഹിക അപമാനം, വിവാഹബന്ധം തകരുമെന്ന ഭയം, സാമ്പത്തിക ആശ്രിതത്വം, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാല്‍ ആയിരക്കണക്കിന് സ്ത്രീകളാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരതകള്‍ പുറത്തുപറയാതെ ജീവിക്കുന്നത്. അതിനാല്‍ തന്നെ, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എഫ്.ഐ.ആറുകളുടെയോ പരാതികളുടെയോ എണ്ണംവെച്ച് മാത്രം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന പീഡനങ്ങളുടെ ആഴത്തെയും വ്യാപ്തിയെയും കണക്കാക്കാന്‍ സാധിക്കില്ല.

സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും ഒരു സാധാരണ വിവാഹ ആചാരത്തിന്റെയോ ചിലവിന്റെയോ ഭാഗമാണെന്ന സാമൂഹിക ചിന്താഗതിയാണ് ഈ വിപത്തിന്റെ അടിസ്ഥാന കാരണം. സ്ത്രീധനത്തിന്റെ അളവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് സ്ത്രീയുടെ സുരക്ഷ, സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, വിവാഹബന്ധത്തിലെ അധികാര അസമത്വം, കുടുംബത്തിനകത്തെ അധികാരം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് സമൂഹം മാറേണ്ടതുണ്ട്.

Official statistics indicate that Thiruvananthapuram and Kollam are among the districts with the highest numbers of reported dowry-harassment and domestic-violence complaints. However, complaint figures alone cannot establish that these districts necessarily have higher prevalence of abuse, as reporting can be influenced by population, legal awareness, access to police and women's support systems, and willingness to file complaints.