സ്വന്തം ഭാര്യ വീടുവിട്ടുപോകാൻ കാരണം അയൽവാസിയുടെ ഭാര്യയെന്ന സംശയത്തെ തുടർന്ന് അരുംകൊല. ഈ കേസിൽ ജാമ്യത്തിലിറങ്ങി കൊലപ്പെടുത്തിയത് രണ്ട് പേരെ. കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയുകയാണ്. ചെന്താമരയെന്ന കൊടുംകുറ്റവാളിക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളവും ബോയൻ കോളനി എന്ന കൊച്ചു ഗ്രാമവും.
2019ലായിരുന്നു സംഭവങ്ങളുടെ തുടക്കം. ബോയൻ കോളനിയിൽ തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരായിരുന്നു സുധാകരനും ചെന്താമരയും. ഭാര്യയുമായി വഴക്ക് പതിവായിരുന്നു ചെന്താമരയ്ക്ക്. ഈ പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ സുഹൃത്തും സുധാകരന്റെ ഭാര്യയുമായ സജിത ആണെന്നായിരുന്നു ചെന്താമരയുടെ ധാരണ. ഇവർ ദുർമന്ത്രവാദം നടത്തുന്നു എന്ന വിശ്വാസത്തിന്മേലായിരുന്നു ഇത്.
ഈ വിരോധം എല്ലാക്കാലത്തും ചെന്താമരയ്ക്ക് സജിതയോടുണ്ടായിരുന്നു. വഴക്കുകളെ തുടർന്ന് ഭാര്യ വീടുവിട്ടു പോയതോടെ സജിതയോട് അടങ്ങാത്ത പകയായി ചെന്താമരയ്ക്ക്. ഈ പക മൂത്ത് ഒടുവിൽ 2019 ഓഗസ്റ്റ് 31ന് സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.
തുടർന്ന് പോത്തുണ്ടി വനമേഖലയിലേക്ക് ഒളിവിൽ പോയ ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടി. തടവിലായെങ്കിലും സുധാകരനോടും കുടുംബത്തോടുമുള്ള പക ചെന്താമരയെ വിട്ടുപോയില്ല. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയ ചെന്താമര, മറ്റൊരു കൊലപാതകത്തിന് തയ്യാറെടുത്തു. സുധാകരനായിരുന്നു ലക്ഷ്യം.
2025 ജനുവരി 27ന് നെന്മാറയ്ക്ക് പോകാൻ ടൂവിലറിൽ വരികയായിരുന്ന സുധാകരന് നേരെ കൊടുവാളുമായി ചെന്താമര ചാടിയിറങ്ങി. പിന്നെ പ്രകോപനമേതുമില്ലാതെ തലങ്ങും വിലങ്ങും വെട്ടി. ശബ്ദം കേട്ട് ഓടിയെത്തിയ സുധാകരന്റെ അമ്മ ലക്ഷ്മിയോടും ദാക്ഷിണ്യമൊട്ടും കാട്ടിയില്ല. മകന് നേരെ നിലവിളിച്ച് കൊണ്ടടുത്ത ഇവരെയും ചെന്താമര വെട്ടിവീഴ്ത്തി.
പിന്നാലെ വീടിന് തൊട്ടുപിന്നിലെ പാടത്തേക്ക് ഓടിയിറങ്ങിയ ചെന്താമരയുടെ ലക്ഷ്യം നെല്ലിയാമ്പതി മലനിരകളായിരുന്നു. അവിടെ ഒരു ഗുഹയിൽ രണ്ട് പകലും ഒരു രാത്രിയും ഒളിവിൽ. ചെന്താമരയ്ക്കായി നാടു മുഴുവൻ തിരച്ചിലിലായിരുന്നു ഈ സമയം പൊലീസും നാട്ടുകാരും. ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ ചെന്താമര മലയിറങ്ങി. അപ്പോഴാണ് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുന്നത്.
കൊല ചെയ്ത ശേഷമുള്ള ഓട്ടത്തിനിടെ ഒരു മുള്ളുവേലിയിൽ തട്ടി ചെന്താമരയുടെ മുണ്ട് കീറിയിരുന്നു. ഇതിലുണ്ടായിരുന്ന ചോരപ്പാട് കേസിൽ പൊലീസിന് വലിയ തെളിവായി. ഇതുൾപ്പടെ 30ഓളം ശാസ്ത്രീയ തെളിവുകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
സജിത കൊലക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചായിരുന്നു നാട്ടിലെത്തി ചെന്താമരയുടെ കൊടുംക്രൂരത. ഇത്തരമൊരു പഴി ഇനി കേൾക്കാതിരിക്കാൻ ജാഗ്രതയോടെ തന്നെ പൊലീസ് പെരുമാറി. അറുപത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് ഒന്നരവർഷത്തിന് ശേഷം കേസിൽ കോടതി ഇന്ന് വിധി പറയും.
ചെന്താമരയ്ക്ക് അർഹമായ ശിക്ഷ കിട്ടേണ്ടത് സുധാകരന്റെ രണ്ട് മക്കളുടെയും പോത്തുണ്ടിയിലെ നാട്ടുകാരുടെയും അനിവാര്യതയാണിന്ന്. അത്രകണ്ട് സഹിച്ചിട്ടുണ്ട് അവർ. സംഭവങ്ങൾക്ക് ശേഷം സുധാകരന്റെയും സജിതയുടെയും രണ്ട് മക്കളും ഈ നാട്ടിലേക്ക് വന്നിട്ടില്ല. രണ്ട് കേസിലെയും പ്രധാന സാക്ഷിയായ പുഷ്പ എന്ന നാട്ടുകാരി വീടുപേക്ഷിച്ച് മറ്റൊരിടത്ത് താമസിക്കുകയാണിപ്പോൾ.
നാട്ടുകാർക്കും വീട്ടുകാർക്കും പേടിസ്വപ്നമായി മാറിയ ചെന്താമരയെ എന്നന്നേക്കുമായി അകത്തിടണമെന്ന ഒറ്റ ആവശ്യമേ ബോയൻ കോളനിക്കാർക്കുള്ളൂ. ഇയാൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ശക്തമാണ്.
Suspecting that his wife had left him because of his neighbour's wife, he committed a brutal murder. While out on bail in that case, he went on to kill two more people. The Additional Sessions Court in Palakkad is set to deliver its verdict today in the Nenmara double murder case, which shocked Kerala. Both the state and the small village of Boyan Colony are hoping that the notorious accused, Chenthamara, will receive the punishment he deserves.