അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന ഡിജിപിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
ക്യാമ്പസിൽ സംഘർഷം, വിദ്യാർത്ഥി രോഷം
തിങ്കളാഴ്ച രാവിലെ കോളേജ് ക്യാമ്പസിലേക്ക് കെഎസ് യു - എംഎസ്എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നും വർഗീയ പരാമർശം നടത്തുന്നവരെ ക്യാമ്പസിൽ അനുവദിക്കില്ലെന്നും പ്രവർത്തകർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങൾ
സസ്പെൻഷനിലായ ഡോ. കെ.എം. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സഹപാഠികൾ നടത്തുന്നത്. ഡോ. റാം സ്ഥിരം പ്രശ്‌നക്കാരനാണെന്നും ബോഡി ഷെയിമിംഗിന് പുറമെ വിദ്യാർത്ഥികളെക്കൊണ്ട് പരസ്പരം തല്ലിക്കുന്ന ക്രൂരമായ രീതി പിന്തുടർന്നിരുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ഈ അധ്യാപകർ ഒളിവിലാണെന്നാണ് സൂചന. ഇവരുടെ മൊഴിയെടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ ഇവർ സ്ഥലത്തില്ലെന്നാണ് വിവരം.
അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
സംഭവത്തിൽ രണ്ട് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്ന് നിതിൻ രാജിന്റെ അസ്വാഭാവിക മരണത്തിലും, രണ്ടാമത്തേത് ലോൺ ആപ്പ് ഭീഷണിക്കെതിരെയുമാണ്. എന്നാൽ ലോൺ ആപ്പിനെതിരായ എഫ്‌ഐആറിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന ആക്ഷേപം ശക്തമാണ്. മരണത്തിന് പിന്നിൽ അധ്യാപകരുടെ പീഡനമാണോ അതോ ലോൺ ആപ്പ് ഭീഷണിയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മൊഴികൾ ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിയായ നിതിന്‍ രാജ് (22) കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ദളിത് വിദ്യാര്‍ഥിയായ നിതിന് അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന ജാതീയ കളിയാക്കലുകള്‍ക്കൊടുവിലാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു നിതിന്റെ വീട്ടുകാരുടേയും സഹപാഠികളുടേയും വാദം.
ഇതിനെപ്പറ്റി നിതിന്‍ തന്നെ വീട്ടുകാര്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശവും പുറത്തുവന്നിരുന്നു. അച്ഛന്റെ തൊഴിലിനേയും, അമ്മയുടെ സര്‍ജറിയേയും കളിയാക്കി സംസാരിച്ച അധ്യാപകര്‍ നിതിനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച് അധിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. അധ്യാപര്‍ക്കു പുറമെ, സീനിയേഴ്‌സില്‍ നിന്നും റാഗിങ്ങ് നേരിടേണ്ടി വന്ന നിതിന്‍ ഒരു മാസത്തോളം വീട്ടിലെ തന്റെ മുറിയില്‍ തനിച്ചിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി കൊടുത്തിരുന്നു. ക്ലാസ് മുറികളില്‍ തന്നെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുമെന്നും സ്റ്റാഫ് റൂമുകള്‍ കൂട്ട ആക്രമണത്തിനുള്ള വേദിയാണെന്നും നിതിന്‍ വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.
English summary: Nithin Raj’s death in Kannur is under probe, with police linking it to online loan threats. His family and classmates allege caste abuse, ragging, and teacher misconduct, calling the loan angle a cover-up. Students are protesting, and a detailed investigation has been ordered.