Kerala

'കൃഷി നഷ്ടമോ? ആര്‍ക്കും താത്പര്യമില്ല'; വകുപ്പിലും വസതിയിലും വണ്ടിയിലും തര്‍ക്കത്തോട് തർക്കം

മുഖ്യമന്ത്രിയെ നിശ്ചയിച്ചതിന് പിന്നാലെ ആരംഭിച്ച വകുപ്പ് വിഭജനം പൂര്‍ണ മന്ത്രിസഭ അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴും കീറാമുട്ടിയായി തുടരുകയാണ്

Madism Desk

വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും തര്‍ക്കങ്ങള്‍ ഒടുങ്ങുന്നില്ല. മുഖ്യമന്ത്രിയെ നിശ്ചയിച്ചതിന് പിന്നാലെ ആരംഭിച്ച വകുപ്പ് വിഭജനം പൂര്‍ണ മന്ത്രിസഭ അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴും കീറാമുട്ടിയായി തുടരുകയാണ്. താത്പര്യമുള്ള വകുപ്പുകള്‍ ലഭിക്കാത്തതിലും, ലഭിച്ച വകുപ്പുകള്‍ക്ക് ഗ്ലാമര്‍ പോരാത്തതുമാണ് ഇപ്പോഴത്തെ പ്രശ്‌നം.

ആദ്യഘട്ടത്തില്‍ നിശ്ചയിച്ച കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നല്‍കിയ വകുപ്പുകളില്‍ തുടങ്ങുന്നതായിരുന്നു തര്‍ക്കങ്ങള്‍. ആദ്യം വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരന്‍, വകുപ്പ് മാറ്റിയില്ലെങ്കില്‍ സത്യ പ്രതിജ്ഞ ചെയ്യില്ലെന്ന് നിലപാട് എടുത്തായാണ് ആദ്യം പുറത്തുവന്ന വിവരം. ഇതോടെ എ പി അനില്‍ കുമാറിന് നിശ്ചയിച്ച അരോഗ്യവകുപ്പ് നല്‍കി മുരളിയെ അനുനയിപ്പിച്ചു, കൂടെ ദേവസ്വവും. അനില്‍കുമാറിന് വൈദ്യുതി വകുപ്പ് നല്‍കി സമാധാനിപ്പിച്ചു. കോണ്‍ഗ്രസില്‍ കൂടുതല്‍ മന്ത്രിമാര്‍ എത്തുകയും, ഘടക കക്ഷി മന്ത്രിമാരും കൂടെയായപ്പോള്‍ തര്‍ക്കത്തിന്റെ വ്യാപ്തിയും വര്‍ധിച്ചു.

കൃഷി വകുപ്പ് കൈകാര്യം ചെയ്യാന്‍ ആര്‍ക്കും താത്പര്യമില്ലെന്നാണ് മറ്റൊരു കഥ. യുഡിഎഫ് സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്ക് നല്‍കി വന്നിരുന്ന വകുപ്പ് ഇത്തവണയും അതേ രീതി തുടരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഘടക കക്ഷികള്‍ താത്പര്യമില്ലെന്ന് നിലപാട് എടുത്തു. ഇതിനിടെ വയനാടിന്റെ പ്രതിനിധിയും കല്‍പ്പറ്റയില്‍ നിന്നുള്ള എംഎല്‍എയുമായി ടി സിദ്ധിഖിന് വനം വകുപ്പ് നല്‍കുകയും ചെയ്തു. വനം തങ്ങള്‍ക്ക് വേണമെന്ന് ആര്‍എസ്പി നിലപാട് എടുക്കുകയും അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെ ടി സിദ്ധിഖിലേക്ക് കൃഷി വകുപ്പ് നിശ്ചയിച്ചു. എന്നാല്‍, കൃഷി വേണ്ടെന്നാണ് ടി സിദ്ധിഖിന്റെ നിലപാട്. ഇതോടെ ആര്‍ക്കുവേണ്ടാത്ത വകുപ്പെന്ന നിലയില്‍ മാറ്റി വച്ചിരിക്കുകയാണ് കൃഷി വകുപ്പെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വകുപ്പ് വിഭജനത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തര്‍ക്കങ്ങളും അവകാശ വാദങ്ങളും മന്ത്രി മന്തിരങ്ങള്‍ക്കും, വാഹന നമ്പറുകലേക്കും നീങ്ങിക്കഴിഞ്ഞു. ഓരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാര്‍ വരെ അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിള, സാനഡു ഗ്രേസ് എന്നിവയ്ക്കായാണ് കൂടുതല്‍ ഡിമാന്‍ഡ്. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊതുഭരണ വകുപ്പില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും വീടുകള്‍ അനുവദിക്കുക. വാഹനങ്ങളുടെ നമ്പറാണ് മറ്റൊന്ന്. ഔദ്യോഗിക കാറിന് 51ാം നമ്പര്‍ വേണം എന്നാണ് ഷിബു ബേബി ജോണിന്റെ ആവശ്യം. 11-ാം നമ്പറിനായി കെ മുരളീധരനും ആവശ്യപ്പെട്ടിട്ടുണ്ട്. 9-ാം നമ്പര്‍ കാറിനും, ക്ലിഫ് ഹൗസിന് അടുത്തുള്ള പമ്പ എന്ന വസതി വേണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു പതിറ്റാണ്ടായി കേരളത്തില്‍ ഒഴിഞ്ഞു നിന്ന പതിമൂന്നാം നമ്പറിനോടുള്ള ഭയം യുഡിഎഫിന് ഒപ്പം ഇത്തവണ തിരിച്ചു വന്നതാണ് മറ്റൊരു വസ്തുത. വി ഡി സതീശന്‍ സര്‍ക്കാരില്‍ ഇനി 13-ാം നമ്പര്‍ കാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബിയും 13-ാം നമ്പര്‍ തന്നെ ഉപയോഗിച്ചു. ഇവണ മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ പതിമൂന്നാം നമ്പര്‍ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി.

English Summary: Even after the UDF government led by V. D. Satheesan officially assumed power in Kerala, internal disputes within the cabinet continue unresolved. The disagreement, which began soon after the chief minister was selected, now centres around the allocation of ministerial portfolios. Several ministers are reportedly unhappy over not receiving the departments they preferred, while others feel the portfolios allotted to them lack political importance and public visibility. The delay in finalising department distribution has exposed growing tensions within the ruling alliance in the very early days of the new government.