Kerala

തർക്കം, പിടിവലി; രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളിയില്‍ വിവാദം, കെപിസിസിക്ക് അതൃപ്തി

വെള്ളിയാഴ്ച രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയതോടെയാണ് ഭിന്നത കയ്യാങ്കളിയിലേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു

Entertainment Desk

കേരളത്തിലെ കോണ്‍ഗ്രസിനെ മുന്‍പില്ലാത്ത വിധം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസ്. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് പാര്‍ട്ടി പ്രാദേശിക തലത്തില്‍ ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളില്‍ കലാശിച്ചത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.

യോഗത്തില്‍ പങ്കെടുത്ത പ്രദീപ് കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുള്‍പ്പെടെ അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയക്കും പിന്നീട് തര്‍ക്കം മുര്‍ച്ചിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയതോടെയാണ് ഭിന്നത കയ്യാങ്കളിയിലേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന ആരോപിച്ച് രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

എന്നാല്‍ വീട്ടിലെത്തിയ രമ്യ ഹരിദാസ് ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാര്‍ഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്നും സജാദ് പറയുന്നു. മകളോടു വാട്സാപ് സന്ദേശം വായിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. വായിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ മകളോടു പറഞ്ഞു. അതിനിടെയാണ് ജില്ലാ പഞ്ചായത്തംഗം സജിത്തുള്‍പ്പെടെയുള്ളവര്‍ വീട്ടിലേക്കു വരികയും ചെയ്തു. പാളയം പ്രതീപിന്റെ ഇടപെടലുകള്‍ സജിത്ത് ചോദ്യം ചെയ്തതോടെ എംഎല്‍എ കയര്‍ക്കുകയും സജിത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. വിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ആളെയും എംഎല്‍എ ആക്രമിച്ചുവെന്നും സജാദ് പറഞ്ഞു. എംഎല്‍എയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്നു സജാദ് പറയുന്നു.

എന്നാല്‍, സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നു രമ്യ ഹരിദാസ് പറഞ്ഞു. സജാദുമായി അയാളുടെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുപേര്‍ കയറിവരുകയായിരുന്നു. വന്നയുടന്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചതെന്നും രമ്യ പറഞ്ഞു. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. അതീഷ് എന്ന അധ്യാപകനും ഉപദ്രവിച്ചുവെന്ന് രമ്യ പറഞ്ഞു.

പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്. മൊഴികള്‍ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. അതേസമയം, ചിറയിന്‍ കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

രമ്യ ഹരിദാസ് ഇടപെട്ട സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്. നാടന്‍ പാട്ടും മറ്റുമായി നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായിട്ടുള്ള രമ്യ ഹരിദാസിന്റെ ഇപ്പോഴത്തെ ഇടപെടലിനെ പരിഹസിച്ചാണ് പോസ്റ്റുകള്‍ കൂടുതലും. പാട്ട് മാത്രമല്ല എംഎല്‍എയ്ക്ക് ഇതും വശമുണ്ടോ, എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്ന്.

A verbal altercation and physical confrontation reportedly broke out between MLA Ramya Haridas and local Congress leaders in Chirayinkeezhu. Ramya Haridas, who sustained injuries in the incident, sought treatment at Chirayinkeezhu Taluk Hospital. Police have begun an investigation into the allegations raised by both sides. The clash occurred following a block-level meeting held on Friday morning.