Kerala

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍, കുരുക്ക് മുറുക്കാന്‍ അന്വേഷണസംഘം

സെറ്റിലുള്ളവരിൽ പലർക്കും സംഭവം അറിയാമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു

Madism Desk

കൊച്ചി: യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുന്നത്. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

സംഭവ ദിവസം കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതിക്രമത്തിൽ മറ്റാരെങ്കിലും ഭാഗമായിട്ടുള്ളതായി തെളിഞ്ഞാൽ ഭാവിയിൽ നടപടി സ്വീകരിക്കും. അന്നേ ദിവസം ലൊക്കേഷനിലുണ്ടായിരുന്ന പലരെയും ചോദ്യം ചെയ്തു. ഐസിസിയിൽ പരാതി നൽകിയതായി ഇതുവരെ വ്യക്തതയില്ല. സെറ്റിലുള്ളവരിൽ പലർക്കും സംഭവം അറിയാമെന്നും എസ്. കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ നടി പ്രതികരിച്ചില്ല. ഭീഷണിയുണ്ടായതായും മൊഴിയില്ല. പ്രതിയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.

അറസ്റ്റ് ചെയ്ത ദിവസം പ്രതിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ചോദ്യംചെയ്യൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കോടതി ഇത് അംഗീകരിച്ചിരുന്നു. തെളിവെടുപ്പുകൾ ഞായറാഴ്ച പൂർത്തിയാക്കി. പരാതിക്ക് ആസ്പദമായ സംഭവം നടന്ന ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാളിലും അതിക്രമം നടന്നതായി പരാതിക്കാരി ആരോപിച്ച കാരവാനിലും പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകളും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കും തിരികെ വിട്ടിരുന്നു.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കേസ് നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്നുവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സിസിടിവിക്ക് ബാക്ക്അപ്പ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ പോവുന്നതിന് പ്രതിക്ക് സഹായങ്ങൾ ലഭിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.

English Summary: Police revealed that director Ranjith attempted to contact the survivor after the alleged assault. Authorities plan to seek further custody after examining digital evidence as the investigation continues.