സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രകൃതിദുരന്തങ്ങളിലും വെള്ളക്കെട്ടിലും വന്‍ നാശനഷ്ടവും ജീവഹാനിയും. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വിവിധ അപകടങ്ങളിലായി ഏഴുപേര്‍ മരണപ്പെട്ടു. സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദേശം നല്‍കി. മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി അടിയന്തര നടപടികള്‍ക്ക് ഉത്തരവിട്ടത്.
തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി എ.പി അനില്‍കുമാറിനാണ്. കൂടാതെ, താലൂക്ക് അടിസ്ഥാനത്തിലും ജില്ലകളിലും ആവശ്യമുള്ള ഇടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍
കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലവിലുള്ളത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ അതിശക്തമായ മഴ പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലും ജീവഹാനിയും
കനത്ത മഴയില്‍ ഇടുക്കിയിലും കോട്ടയത്തും ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി മണ്ണിനടിയിലായി സുമതി എന്ന സ്ത്രീ മരണപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവിയും മകന്‍ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
വാഗമണ്‍ കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞു വീണ് പ്രഭാകരന്‍ നായരും കോട്ടയം പൂഞ്ഞാറില്‍ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിന്‍ ജോണിയും മരിച്ചു. ഇതിനുപുറമെ, മലപ്പുറം, കോട്ടയം ജില്ലകളില്‍ തോട്ടിലും കുഴിയിലുമുണ്ടായ വെള്ളക്കെട്ടുകളില്‍ വീണ് മൂന്ന് കുട്ടികള്‍ മരണപ്പെട്ടു. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്- നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. കോട്ടയം വാകത്താനത്ത് ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
അണക്കെട്ടുകള്‍ തുറന്നു, ഗതാഗത നിയന്ത്രണം
മഴ ശക്തമായതോടെ പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും പത്തനംതിട്ടയിലെ മണിയാര്‍, കക്കി, ഗവി, കൊച്ചു പമ്പ ഡാമുകള്‍ തുറക്കുകയും ചെയ്തു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ദേശീയപാതകളിലടക്കം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.
സുരക്ഷ മുന്‍നിര്‍ത്തി ഇടുക്കി, വയനാട്, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഹില്‍ സ്റ്റേഷനുകളും താത്കാലികമായി അടച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് താമരശ്ശേരി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് വയനാട്, കോഴിക്കോട് കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. മുതലപ്പൊഴിയിലും തങ്കശ്ശേരിയിലും കടലില്‍ വള്ളങ്ങള്‍ മറിഞ്ഞുണ്ടായ അപകടങ്ങളില്‍ കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്.
മുന്നൊരുക്കങ്ങള്‍ പാളിയോ?
അതിതീവ്ര മഴ സാധ്യത മുന്നിലുണ്ടായിട്ടും ഇത്തവണയും സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളിയെന്ന് ആക്ഷേപമുണ്ട്. അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലര്‍ട്ട് മാത്രമാണ്. ദുരന്തങ്ങള്‍ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളില്‍ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് അതീവ ജാഗ്രത വേണം. പത്തനംതിട്ട ളാഹയില്‍ 25 സെന്റി മീറ്റര്‍, ഇടുക്കി പീരുമേടും തൊടുപുഴയിലും 21 സെന്റിമീറ്റര്‍ വീതം മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് റെഡ് അലര്‍ട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴയാണ്.
ഇന്നലെ രാത്രി 9 മണിക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പില്‍ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്ത് മണിക്ക് നല്‍കിയ തല്‍സ്ഥിതി മുന്നറിയിപ്പിലും ഓറഞ്ച് അലര്‍ട്ട് മഴ മാത്രമാണുണ്ടായിരുന്നത്. റെഡ് അലര്‍ട്ടിന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് രാത്രി 11.15നാണ്. പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ഇന്ന് രാവിലെ ഏഴ് മണിക്കും. അപ്പോഴേക്കും മഴക്കെടുതികള്‍ ഉണ്ടായി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ ആക്ഷന്‍ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തില്‍ പറയുന്നത്.
മുമ്പും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുള്ള കൂട്ടിക്കലിലും 2018-ലെ പ്രളയത്തില്‍ മുങ്ങിപ്പോയ റാന്നിയിലും അടക്കം തുടര്‍ച്ചയായി മഴ പെയ്തിട്ടും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ വേണ്ട മുന്‍കരുതലെടുക്കാനോ ദുരന്ത നിവാരണ അതോറ്റിക്ക് കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെ തന്നെ പല പഠന ഏജന്‍സികളും മധ്യകേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശികമായി ശക്തമായ മഴ മുന്നറിയിപ്പ് ഏജന്‍സികള്‍ കൈമാറിയിരുന്നു. പക്ഷേ ദുരന്ത സാഹചര്യം മുന്‍കൂട്ടി കാണാന്‍ ഐഎംഡിക്കോ കെഎസ്ഡിഎംഎക്കോ കഴിഞ്ഞില്ല.പത്തനംതിട്ട മലയോരമേഖലകളില്‍ നിര്‍ത്താതെ മഴ പെയ്താല്‍ പമ്പയാര്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് മുന്നൊരുക്കം നടത്തിയതുമില്ല.
Heavy monsoon rains have triggered widespread destruction across Kerala, causing landslides, flooding and waterlogging that have claimed at least seven lives. The worst-hit districts include Idukki, Kottayam and Pathanamthitta, where landslides destroyed homes and disrupted normal life. Chief Minister V.D. Satheesan has directed district collectors and officials to take urgent relief measures, while ministers have been assigned to oversee rescue operations in affected regions.