Kerala

ഹണിമൂൺ കാലം വിവാദപ്പെരുമഴ; അതിവേഗം മായുന്ന 'പൂക്കി ജനനായകൻ' ഇമേജ്, കോൺഗ്രസിലും പുറത്തും സതീശൻ ഒറ്റപ്പെടുന്നു

ഹണിമൂൺ പിരിയഡിൽ തന്നെ വിവാദ തീരുമാനങ്ങളിലൂടെയും ഭരണപാളിച്ചകളിലൂടെയും സതീശൻ സർക്കാർ പ്രതിരോധത്തിലായി

Political Desk

''പുതിയ സർക്കാർ വന്നതേയുള്ളൂ, തുടക്കത്തിലേ വിമർശിക്കാനില്ല,'' എന്നതായിരുന്നു യുഡിഎഫ് സർക്കാർ ഭരണത്തിലെത്തിയതിനു പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാട്. എന്നാൽ ഹണിമൂൺ പിരിയഡിൽ തന്നെ വിവാദ തീരുമാനങ്ങളിലൂടെയും ഭരണപാളിച്ചകളിലൂടെയും സതീശൻ സർക്കാർ പ്രതിരോധത്തിലായി. അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടതേയുള്ളൂ, പുതിയ സർക്കാരിന്റെ ഉറക്കംകെടുത്തുന്നത് നൂറായിരം തലവേദനകളും!

നിയമനവിവാദങ്ങൾ

അധികാരത്തിലെത്തി വിരലിലെണ്ണാവുന്ന ദിവസങ്ങൾകൊണ്ട് യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയതു നിയമന വിവാദങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര സർക്കാർ നിയോഗിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേർക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ പേഴ്‌സണൽ സെക്രട്ടറിയായി നിയമിച്ചതാണ് ആദ്യ വിവാദം. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അവിടെ ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന മനോജ് അഗർവാളിനെ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ബംഗാളിൽ ബിജെപി ചെയ്തത് അതേപടി ആവർത്തിക്കുകയായിരുന്നു സതീശൻ. വി ഡി സതീശന്റെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രത്തൻ ഖേൽക്കറെ സെക്രട്ടറിയായി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിലെ നടപടിയെ ആദ്യമായി ചോദ്യം ചെയ്തത് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയാണ്. എന്നാൽ കേരളത്തിലെ നിയമനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി നിയമിച്ചത് ബന്ധുനിയമന ആരോപണത്തിനു വഴിവെച്ചു. മന്ത്രി ഇഷ്ടക്കാരെ തിരുകികയറ്റിയെന്ന് കോൺഗ്രസിനുള്ളിൽ തന്നെ മുറുമുറുപ്പായി. ഒടുവിൽ ബന്ധുനിയമനത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ അളിയനോടു രാജിവയ്ക്കാൻ സണ്ണി ജോസഫ് ആവശ്യപ്പെടുകയായിരുന്നു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ലെന്നായിരുന്നു മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ അന്ന് പറഞ്ഞത്. ഇതേ ലീഗ് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ പിഎം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത് വിചിത്ര സംഭവമായി.

മന്ത്രി ബിന്ദു കൃഷ്ണ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബിജെപി അനുഭാവിയെ ഉൾപ്പെടുത്തിയെന്ന ആരോപണവും സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രനു കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കൊല്ലത്തെ ബിജെപി നേതാക്കളുമായി ബിന്ദു കൃഷ്ണയ്ക്കു ബന്ധമുണ്ടെന്ന ആരോപണവും ശക്തമായി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ട സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആക്കി സതീശന്റെ തീരുമാനവും ചോദ്യംചെയ്യപ്പെട്ടു. പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെ പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശപ്രകാരമായിരുന്നു രാജി. പ്രദീപിന്റെ നിയമനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞതോടെ എല്ലാ വിരലുകളും സതീശനിലേക്കു ചൂണ്ടി. ശബരിമല സ്വർണക്കൊള്ള കേസ് ഒതുക്കിത്തീർക്കാനുള്ള യുഡിഎഫ് ശ്രമമാണെന്നും ആരോപണം ഉയർന്നു.

പിഎം ശ്രീ

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർത്ത യുഡിഎഫ് അധികാരത്തിലെത്തി ഒരു മാസം പിന്നിടും മുൻപ് അതേ പദ്ധതിക്കായി മുന്നിട്ടിറങ്ങി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ലെന്നായിരുന്നു മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ അന്ന് പറഞ്ഞത്. ഇതേ ലീഗ് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ പിഎം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത് വിചിത്ര സംഭവമായി.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമെന്ന് എൽഡിഎഫ് രേഖകൾ സഹിതം ആരോപിച്ചു. എൽഡിഎഫ് ഒപ്പിട്ടതുകൊണ്ടാണ് പിഎം ശ്രീ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. എന്നാൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽനിന്ന് അവർ തന്നെ പിന്നോട്ടു പോയിട്ടുണ്ടെന്നതിന്റെ രേഖകൾ പുറത്തുവന്നു. കഴിഞ്ഞ നവംബർ 12 ന് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും ധാരണാപത്രവുമായി മുന്നോട്ടുപോകുന്നില്ലെന്നും താൽക്കാലികമായി മരവിപ്പിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചിട്ടുള്ളതിന്റെ രേഖകളാണു പുറത്തുവന്നത്. മാത്രമല്ല പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്നോട്ടുപോയെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതിന്റെ രേഖകളും സതീശനെ കൂടുതൽ പ്രതിരോധത്തിലാക്കി.

എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽനിന്ന് ഫണ്ട് കൈപ്പറ്റിയെന്നും സതീശൻ പറഞ്ഞിരുന്നു. എന്നൽ സമഗ്ര ശിക്ഷാ പദ്ധതിയുടെ (എസ് എസ് കെ) 2025-26 ലെ ഒന്നാം ഗഡു ആയി 92.41 കോടി രൂപയാണ് കേന്ദ്രം കേരളത്തിനു അനുവദിച്ചത്. ഒടുവിൽ പിഎം ശ്രീയിൽ ഒപ്പിട്ടതുകൊണ്ടാണ് എസ് എസ് കെ ഫണ്ട് കിട്ടിയതെന്നായി സതീശനും മറ്റു യുഡിഎഫ് നേതാക്കളും പറയുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഫയൽ മന്ത്രിസഭായോഗത്തിൽ എത്തിയപ്പോൾ ലീഗ് മന്ത്രിമാർ എതിർപ്പ് അറിയിച്ചില്ലെന്ന വാർത്ത പുറത്തുവന്നതോടെ ഒരു വിഭാഗം ലീഗ് അണികളും സതീശൻ സർക്കാരിനെതിരെ രംഗത്തെത്തി.

'പറയുന്നപോലെയുള്ള ഗുരുതര പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല,' എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. ഇത്രയധികം പേർ മരിച്ചിട്ടും അതിനെ ഗൗരവസ്വഭാവമുള്ള കാര്യമായി മന്ത്രി കാണാത്തതിൽ ചോദ്യങ്ങളുയർന്നു.

താളംതെറ്റി ആരോഗ്യമേഖല

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായതോടെ ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ആരോപണങ്ങളുയർന്നു. നിപ, ഷിഗെല്ല, ഡെങ്കിപ്പനി, മലേറിയ തുടങ്ങി ഒട്ടേറെ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു. നിപ സ്ഥിരീകരിച്ചിട്ടും ആരോഗ്യമന്ത്രി രോഗം സ്ഥിരീകരിച്ച ജില്ലയിൽ ക്യാമ്പ് ചെയ്യാത്തതിനെതിരെ പ്രതിപക്ഷ വിമർശനം ഉയർന്നു. ആരോഗ്യമന്ത്രി രോഗത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. നിപ സ്ഥിരീകരിച്ച് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്ന് എത്തിച്ചതെന്നത് ആരോപണങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ ആരോഗ്യവകുപ്പിന്റെ നടപടിക്കെതിരെയും ചോദ്യമുയർന്നു. പകർച്ചവ്യാധി വ്യാപനത്തിനിടെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് സ്ഥലംമാറ്റം നടത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കെ ജെ റീന സർക്കാരിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സ്ഥലം മാറ്റിയ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്യുകയും ചെയ്തത് സർക്കാരിനു തിരിച്ചടിയായി.

പകർച്ചവ്യാധികളെത്തുടർന്ന് ഒരു മാസത്തിനിടെ 94 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതാണ് പകർച്ചവ്യാധി വ്യാപനത്തിനു കാരണമെന്ന് ആരോപണമുയർന്നു. 102 സീറ്റുകൾ ലഭിച്ചിട്ടും സർക്കാർ രൂപീകരണം വൈകിയത് തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലെ പാളിച്ചയ്ക്കു കാരണമായെന്നായിരുന്നു വിമർശനം. ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണെന്നു കാണിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി. അടിയന്തര പ്രമേയം അനുവദിച്ചില്ലെങ്കിലും 'പറയുന്നപോലെയുള്ള ഗുരുതര പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല,' എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. ഇത്രയധികം പേർ മരിച്ചിട്ടും അതിനെ ഗൗരവസ്വഭാവമുള്ള കാര്യമായി മന്ത്രി കാണാത്തതിൽ ചോദ്യങ്ങളുയർന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം

എൽഡിഎഫ് സർക്കാർ പഴത്തിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ അന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ 'അഴിമതി' എന്നാണ് വിളിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റിൽ സ്പിരിറ്റിൽനിന്നുള്ള വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം നടത്തിയതോടെ അതും വിവാദമായി. കോൺഗ്രസ് ബന്ധമുള്ള കർണാടക മദ്യലോബികൾക്കു വേണ്ടിയാണു സതീശൻ സർക്കാരിന്റെ ഈ തീരുമാനമെന്നാണു പ്രതിപക്ഷമുയർത്തിയ ആരോപണം.

തനിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു തുറന്നടിച്ചതോടെ സതീശൻ ഒറ്റപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബെക്കാർഡി കമ്പനി 2023 മുതൽ സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും എന്നാൽ എൽഡിഎഫ് സർക്കാർ ഇത് സമ്മതിച്ചില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ബെക്കാർഡി കമ്പനിയുടെ ഫയൽ അതിവേഗം ചലിക്കാൻ തുടങ്ങിയെന്നതിന്റെ തെളിവുകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ബെക്കാർഡി കമ്പനിക്കു വേണ്ടിയാണു വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനമെന്നാണ് ആരോപണം.

സർക്കാരിനെ പ്രതിരോധത്തിലാക്കി കെ സിയും

മുഖ്യമന്ത്രി കസേരയ്ക്കായി ഹൈക്കമാൻഡിൽ സ്വാധീനം ചെലുത്തിയിരുന്ന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തി. മദ്യനയത്തിലും കരിമണൽ ഖനനത്തിലും ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിലെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സതീശനെതിരായ ഒളിയമ്പ് കൂടിയായിരുന്നു. കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനും ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.

സതീശനെ കൈവിട്ട് ലീഗും

വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ ചരടുവലികൾ നടത്തിയും ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തിയതും മുസ്ലിം ലീഗ് ആണ്. എന്നാൽ അധികാരത്തിലെത്തിയ ശേഷമുള്ള സതീശന്റെ പല തീരുമാനങ്ങളും ലീഗിൽ അതൃപ്തിക്കു കാരണമായി. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ ലീഗ് അധ്യക്ഷൽ സാദിഖലി ശിഹാബ് തങ്ങൾ അതൃപ്തി പരസ്യമാക്കി. ലഹരിയെ നാടുകടത്താൻ സർക്കാർ 'ഓപ്പറേഷൻ തൂഫാൻ' ഉൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ തന്നെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതു വൈരുദ്ധ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. 'പിറക്കട്ടെ, ലഹരി മുക്ത ഗ്രാമങ്ങൾ' എന്ന തലക്കെട്ടിൽ ലീഗ് മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തങ്ങളുടെ പ്രതികരണം. പിഎം ശ്രീയുമായി സതീശൻ സർക്കാർ മുന്നോട്ടുപോകുന്നതിലും ലീഗിനുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. മദ്യവിഷയത്തിൽ ക്രൈസ്തവ സഭകളും സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

From appointment controversies and the PM SHRI row to a struggling healthcare sector and the contentious decision to cut taxes on lower-alcohol beverages, the Satheesan government finds itself under increasing pressure. Just a month after assuming office, the administration has been forced onto the defensive by a string of controversial decisions and administrative missteps. The honeymoon period appears to have ended abruptly, replaced by a barrage of challenges threatening to overshadow its early days in power.