പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന സില്‍വര്‍ലൈന്‍ (കെ-റെയില്‍) യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായി റദ്ദാക്കി. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂര്‍ണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാവിധ കേസുകളും അടിയന്തരമായി റദ്ദാക്കാനും മഞ്ഞ സര്‍വേ കുറ്റികള്‍ പിഴുതുമാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നുകൂടിയാണ് ഇതോടെ വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ നാളുകളില്‍ തന്നെ നടപ്പാക്കിയിരിക്കുന്നത്. കെ-റെയില്‍ നടപ്പാക്കിയിരുണെങ്കില്‍ അതൊരു വലിയ പാരിസ്ഥിതിക ആഘാതമായി മാറിയേനെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരള സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) എന്ന കമ്പനി രൂപീകരിച്ചാണ് കാസര്‍ഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയായ കെ-റെയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. അതായത് സ്വതന്ത്രമായ റെയില്‍വേ ഗതാഗത സംവിധാനം കേരളത്തില്‍ ഒരുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുണ്ടായിരുന്നത്. 2020 ജൂണില്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ 64000 കോടി രൂപയുടെ പദ്ധതിയുടെ ആകെ ദൂരം 529.45 കിലോമീറ്ററാണ്. പദ്ധതി പ്രകാരം തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ 4 മണിക്കൂര്‍ മതി.
ആകെ പദ്ധതിചെലവില്‍ 10% കേന്ദ്ര സര്‍ക്കാര്‍ ഷെയറും 25% കേരള സര്‍ക്കാര്‍ ഷെയറും ബാക്കി 62% വായ്പയുമാണ്. പദ്ധതിക്ക് വിദേശ വായ്പ സ്വീകരിക്കുന്നതിന് നീതി ആയോഗില്‍ നിന്നും അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ചിലവായി കണക്കുകൂട്ടിയിരുന്ന 63,940 കോടി, നീതി അയോഗ് കക്കുകൂട്ടിയപ്പോള്‍ 1,26,081 കോടി രൂപയായി മാറി. കേരള സര്‍ക്കാര്‍ തയ്യാറാക്കിയ വിശദ പദ്ധതി രൂപരേഖ പ്രകാരം ഒരു കിലോമീറ്റര്‍ സില്‍വര്‍ ലൈന്‍ നിര്‍മാണ ചെലവ് 121 കോടി രൂപയായിരുന്നു. യഥാര്‍ത്ഥ ചെലവായി നിതി ആയോഗ് കണ്ടെത്തിയത് കിലോമീറ്റിറിന് 238 കോടി രൂപയാണ്. സാധാരണ ഇന്ത്യന്‍ ബ്രോഡ്ഗേജ് റെയില്‍വേക്ക് ഒരു കിലോമീറ്റര്‍ നിര്‍മാണത്തിന് 20 മുതല്‍ 30 വരെ കോടി രൂപ ചെലവുവരുമ്പോള്‍ അതിന്റെ ആറിരട്ടിയലധികമാണ് സില്‍വര്‍ലൈനിനുവേണ്ടി ഉദ്ദേശിക്കുന്ന സ്റ്റാന്റേര്‍ഡ് ഗെയ്ജിന്റെ ഒരു കിലോമീറ്ററിന് വേണ്ട ചെലവ്. ഭൂമിയേറ്റെടുക്കലിന് ഡിപിആര്‍ (വിശദമായ പദ്ധതിരേഖ) വകയിരുത്തിയത് 13,265 കോടി രൂപയാണ്. എന്നാല്‍, നിതി ആയോഗ് കണക്കുകൂട്ടുന്നത് 28,157 കോടി രൂപയാണ്.
2030ല്‍ പൂര്‍ത്തിയാകും എന്ന് പറഞ്ഞ പദ്ധതി 15 വര്‍ഷം കൊണ്ടെങ്കിലും തീരുമോയെന്ന സംശയം വിദഗ്ധര്‍ ഉന്നയിച്ചിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുത്തിട്ടുപോലും പേട്ട വരെ എത്തിക്കുന്നതിന് അഞ്ച് വര്‍ഷത്തിലേറെ എടുത്തു. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലായിരുന്നിട്ടും പോലുമാണ് ഇത്രയും കാലം എടുത്തത്. പല ആളുകള്‍ക്കായി ടെന്‍ഡര്‍ കൊടുത്ത് ഒരുമിച്ച് നിര്‍മ്മാണം നടത്തിയാലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തുകയേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി വരിക എന്നായിരുന്നു വിദഗ്ധരുടെ മുന്നോട്ടുവേച്ച ആശങ്ക.
ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ കേന്ദ്ര സര്‍ക്കാരിന് ഡിപിആര്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരാണ് സില്‍വര്‍ലൈനിനുവേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്. ഡിപിആറിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്നും പദ്ധതി കേരളത്തിലെ പാരിസ്ഥിതിക സാഹചര്യത്തിന് യോജിച്ചതല്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. പദ്ധതി നടത്തിപ്പിനെക്കുറിച്ച് പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും കോണ്‍ഗ്രസ് ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പദ്ധതി വേണ്ട എന്ന അഭിപ്രായമുണ്ടായിരുന്നില്ല. കേരളത്തെ മതില്‍കെട്ടി വിഭജിക്കുമെന്നും ഭൂമി നല്‍കുന്ന കുടുംബങ്ങള്‍ വഴിയാധാരമാവുമെന്നും ആരോപണം ഉയര്‍ന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കി. യാത്രാനിരക്ക് സാധാരണക്കാര്‍ക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയര്‍ന്നു.
11 സ്റ്റേഷനുകളാണ് പദ്ധതിക്കുണ്ടായിരുന്നത്. സ്വദേശ- വിദേശ കണ്‍സള്‍ട്ടന്‍സികളുടെ സഹായത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ 180- 200 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യാവുന്ന പ്രത്യേക കോച്ചുകള്‍ നിര്മിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ആകെ 1,383 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. 40% പാത നിലവിലെ റെയില്‍വേ പാതയോട് സമാന്തരമായും 60% പാത റെയില്‍പാതയോട്? ബന്ധമില്ലാതെയുമാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇത്രയും ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കലായിരുന്നു പദ്ധതിക്കായി നടക്കേണ്ടിയിരുന്നത്. 20000 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ കുടിയിറക്കപ്പെടുമെന്ന് കണക്കാക്കിയിരിക്കുന്നു.
20,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുക എന്നാല്‍ കുറഞ്ഞത് 80,000 വ്യക്തികളെ പുനരധിവസിപ്പിക്കേണ്ടി വരും. വല്ലാര്‍പ്പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി 326 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിയിരുന്നത്. ഒരു ദശാബ്ദം മുമ്പ് നടന്ന കുടിയൊഴിപ്പിക്കലിന് ശേഷം ഇതുവരെ 76 കുടുംബങ്ങളെ മാത്രമാണ് പുന രധിവസിപ്പിക്കാനായത്. ഇനിയും 250ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട്. മൂലമ്പിള്ളിയിലെ ബലപ്രയോഗത്തിലൂടെലുള്ള കുടിയൊഴിപ്പിക്കല്‍ ഇനിയും കേരളം മറന്നിട്ടില്ല. ആ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി 80,000 പേരെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടാകുമായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയൊ റെയില്‍വേ ബോര്‍ഡിന്റെയോ അംഗീകാരം ലഭിക്കുന്നതിന് മുമ്പായി തന്നെ ഭൂമിയുടെ ഏറ്റെടുക്കലിന് വേണ്ടിയുള്ള മുഴുവന്‍ സര്‍വേ നമ്പറുകളും സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. ഇതോടെ പദ്ധതി പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ക്രയവിക്രയങ്ങള്‍ തടസ്സപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിന് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ആണ് അവലംബിച്ചിരുന്നത്. 11537 കോടി രൂപ ഇതിനു മാത്രമായി വകയിരുത്തിയിട്ടുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ പോകുന്നു എന്ന തീരുമാനം വന്നതോടെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ സമരങ്ങള്‍ അരങ്ങേറി. കോഴിക്കോട്ട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചര്‍ച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ചുപറഞ്ഞു. കെ-റെയില്‍ വന്നാല്‍ പാലക്കാട്ടെ കൂറ്റനാടുനിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിന് മുമ്പ് തിരികെയെത്താന്‍ കഴിയുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം വലിയ രാഷ്ട്രീയപരിഹാസമായി.
സര്‍വേക്കായി കല്ലുകള്‍ സ്ഥാപിച്ചത് മറ്റൊരു സമരപരമ്പരയ്ക്ക് തുടക്കം കുറിച്ചു. സ്വകാര്യസ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനരോഷമുയര്‍ന്നു. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ശക്തമായി ജനരോഷത്തെത്തുടര്‍ന്ന് മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഡിപിആറിലെ സാങ്കേതിക വിവരങ്ങള്‍ വ്യക്തമല്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നത് നീട്ടിവെച്ചാതാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ തിരിച്ചടിയായത്. സില്‍വര്‍ലൈനില്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ പലതവണ മാറി മറിഞ്ഞു. ചിലപ്പോള്‍ അനുകൂലമായി പ്രതികരിച്ച കേന്ദ്രം രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാക്കുമാറ്റിയും പറഞ്ഞു.
37 സര്‍വ്വീസുകളിലായി 80,000 യാത്രക്കാര്‍ ദിനംപ്രതിയുണ്ടാകുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നും പ്രതീക്ഷിച്ച യാത്രക്കാര്‍ ഇല്ലാതെ വരുന്നതോടെ പദ്ധതി നഷ്ടമാകുമെന്നുമാണ് വിദഗ്ധര്‍ അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. രണ്ടര കോടി ജനസംഖ്യയുള്ള നഗരസഭ കടന്നുപോകുന്ന മുംബൈ, സൂറത്ത്, അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിലെ ഒരുദിവസം പ്രതീക്ഷിക്കുന്നത് 37,500 യാത്രക്കാര്‍ മാത്രമാണ്. അതേസമയം, 50 ലക്ഷം മാത്രം ജനസംഖ്യയുള്ള 11 ജില്ലാ തലസ്ഥാനങ്ങള്‍ കടന്നുപോകുന്ന സില്‍വര്‍ ലൈന്‍ 80,000 യാത്രക്കാരെ കണക്കിലെടുക്കുന്നു. അതിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് 675 യാത്രക്കാരുമായി 37 തവണ സര്‍വ്വീസ് നടത്തിയാലും 24,975 യാത്രക്കാര്‍ മാത്രമാണ് സാധ്യമാവുക. എവിടെനിന്നാണ് 80,000 യാത്രക്കാരുടെ കണക്ക് കിട്ടിയത് എന്നതിനും അന്നത്തെ സര്‍ക്കാര്‍ ഉത്തരം പറഞ്ഞിരുന്നില്ല.
റെയില്‍വേ ബോര്‍ഡ് പദ്ധതിയുടെ സര്‍വെയ്ക്ക് മാത്രമായി അനുമതി നല്‍കിയിരുന്ന സമത്തും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍, 55,000 കോടി രൂപയുടെ വായ്പയ്ക്കായി ശ്രമിച്ചിരുന്നു. ഇതെല്ലാം പദ്ധതിക്ക് വേണ്ടിയുള്ള പിണറായി വിജയന്റെ അമിതമായ താത്പര്യത്തെയാണ് വ്യക്തമാക്കിയിരുന്നത്. കേന്ദ്രാനുമതിയോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെയുള്ള ഇത്തരം നീക്കങ്ങള്‍ കണ്‍സള്‍ട്ടന്‍സി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020ല്‍ ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലുള്ള അമിതമായ താത്പര്യമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എപ്പോഴും ഈ പദ്ധതി അനുകൂലമായി ഉണ്ടായിട്ടുള്ളത്. റോളിംഗ് സ്റ്റോക്ക് അടക്കം ജപ്പാനില്‍ നിന്ന് ഉപകരണങ്ങള്‍ സില്‍വര്‍ലൈനിനായി ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തി. അതും ഇന്ത്യ ഇവിടെ റോളിംഗ് സ്റ്റോക്കുകള്‍ നിര്‍മിച്ച് ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമ്പോള്‍.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍വഹണത്തിന് പ്രതീക്ഷിക്കുന്ന ചെലവില്‍ വെറും മൂന്ന് ശതമാനം മാത്രം വരുന്ന ശബരി റെയില്‍ പദ്ധതി ഏകദേശം 253 കോടി രൂപയോളം ചെലവിട്ട ശേഷമാണ് വേണ്ടെന്ന് വച്ചത്. 2011-ല്‍ വിഭാവനം ചെയ്ത 2018-ല്‍ വേണ്ടെന്ന് വെച്ച മറ്റൊരു പദ്ധതിക്കായി ചെലവിട്ടത് 30 കോടി രൂപയാണ്. ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി ഒരു പുരോഗതിയുമില്ലാതെ നില്‍ക്കുന്നു. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങള്‍ കാടുപിടിച്ച് കിടക്കുന്നത് ഞങ്ങളുടെ ആശങ്ക വര്‍ധിക്കാന്‍ കാരണമായി.
English Summary: The UDF government has officially scrapped the SilverLine (K-Rail) semi high-speed rail project, which was one of the flagship initiatives of the previous Pinarayi Vijayan government. Chief Minister V.D Satheesan announced that all land acquisition orders and notifications issued for the project have been cancelled, protest-related police cases will be withdrawn, and the controversial yellow survey stones placed across the state will be removed. The government said the project posed major environmental, financial, and social risks.