തിരുവനന്തപുരം ഡിസിസി സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഡോ. സബൈൻ ശിവദാസൻ എന്ന ഡോക്ടറുടെ പരാതിയിലാണ് പേട്ട പൊലീസ് സുഹൈൽ ഷാജഹാനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചങ്ങാതിക്കൂട്ടം എന്ന ഒരു ഓൺലൈൻ ചാനലിൽ ഡോക്ടറുടെ ആശുപത്രിയെക്കുറിച്ച് അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ വാർത്ത വന്നിരുന്നു. ഈ വാർത്ത പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സുഹൈൽ ഷാജഹാനും സംഘവും ഡോക്ടറെ ഭീഷണിപ്പെടുത്തി. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഇവർ ഭീഷണി തുടർന്നു.
തുടർന്ന് പണം നൽകാൻ സാവകാശം ചോദിച്ച ഡോക്ടർ, ഈ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം പണം കൈമാറാനായി ചൊവ്വാഴ്ച രാവിലെ ഡോക്ടർ സുഹൈലിനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി. പണം വാങ്ങാനായി ആശുപത്രിയിലെ മുറിയിൽ എത്തിയ സുഹൈലിനെ അധികൃതർ മുറിയിൽ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. രഹസ്യ ക്യാമറ ഉപയോഗിച്ച് സുഹൈൽ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പകർത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കയ്യോടെ പിടികൂടിയത്.
സംഭവം വാർത്തയായതോടെ കെപിസിസിയുടെ കർശന നിർദ്ദേശം വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ സുഹൈൽ ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു.
2022-ൽ തിരുവനന്തപുരത്തെ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതിയും സൂത്രധാരനുമാണ് അറസ്റ്റിലായ സുഹൈൽ ഷാജഹാൻ. ഇതിന് പുറമെ കൊച്ചിയിൽ കാപ്പ കേസ് പ്രതികളായ ഗുണ്ടകളെ പങ്കെടുപ്പിച്ച് നടത്തിയ വിവാദ യോഗത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
Trivandrum DCC Secretary and Congress leader Suhail Shajahan was arrested red-handed by the police while accepting a bribe of Rs 10 lakh from a private hospital owner. He blackmailed the doctor, demanding the money to remove a defamatory fake news video. Following his arrest, the Congress party immediately expelled him from his primary membership.