Kerala

തളിപ്പറമ്പിലെ തോല്‍വി: തെറ്റുതിരുത്തല്‍ ആഹ്വാനവുമായി പിണറായി വിജയന്‍, ടികെ ഗോവിന്ദനെ ബ്രൂട്ടസ് എന്നുവിളിച്ച് കെകെ രാഗേഷ്

'വ്യാജ പ്രചാരവേലയില്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തവണ മാറി ചിന്തിച്ചത്. പാര്‍ട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ല ഗോവിന്ദനെ സ്വീകരിച്ചത്", പിണറായി വിജയന്‍

Madism Desk

സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പ് പരാജയവും അതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത രൂക്ഷമായ വിഭാഗീയതയും ചര്‍ച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഗുരുതര വീഴ്ചയും ആഭ്യന്തര ഭിന്നതകളുമാണ് പരാജയത്തിന് പിന്നിലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാര്‍ട്ടി വിട്ടവര്‍ അണികള്‍ക്കിടയില്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തിരിച്ചടിക്ക് കാരണമെന്നാണ് പ്രതിപക്ഷ നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ വ്യക്തമാക്കിയത്. തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമത സ്ഥാനാര്‍ഥിയുമായി ജയിച്ച ടി.കെ ഗോവിന്ദനെ പേരെടുത്തു പറഞ്ഞാണ് പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം തിരിച്ചറിയാതെയാണ് അവസരവാദിയായ ടി.കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 'വ്യാജ പ്രചാരവേലയില്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തവണ മാറി ചിന്തിച്ചത്. പാര്‍ട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരില്‍ ഇപ്പോള്‍ മനസ്താപവും ഖേദവുമുള്ളവര്‍ ഉണ്ടാകാം. ടി.കെ ഗോവിന്ദനെപ്പോലെയുള്ള അവസരവാദിയെ മനസാ സ്വീകരിക്കാന്‍ തയ്യാറായതില്‍ ഖേദിക്കുന്നവര്‍ പാര്‍ട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണം', പിണറായി വിജയന്‍ പറഞ്ഞു.

ഏത് പരാജയവും ഗൗരവമായി കാണുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കൊപ്പം നിന്നവര്‍ എന്തിനാണ് മാറിയതെന്നും ആരെയാണ് വിശ്വാസത്തിലെടുത്തതെന്നും ചോദിച്ച അദ്ദേഹം, അണികള്‍ ചെയ്ത തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. ടി.കെ ഗോവിന്ദന്റെ വിജയം ശാശ്വതമല്ലെന്നും തെറ്റുകള്‍ തിരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ഘട്ടമാണിതെന്നും ഓര്‍മ്മിപ്പിച്ച അദ്ദേഹം, ജനവിധിയെ മാനിച്ച് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയവും ആഭ്യന്തര പൊട്ടിത്തെറിയും

മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന എം.വി ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റിയിലും ഉയര്‍ന്ന കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് സംസ്ഥാന നേതൃത്വം ശ്യാമളയുടെ പേര് ഉറപ്പിക്കുകയായിരുന്നു. ദീര്‍ഘകാലം മണ്ഡലത്തിലെ സംഘടനാ ചുമതലകള്‍ വഹിച്ച ടി.കെ ഗോവിന്ദനെ തഴയാന്‍ മണ്ഡലം സ്ത്രീ സംവരണമെന്ന പേരില്‍ മാറ്റിയെഴുതിയെന്നും ബന്ധുനിയമനത്തിന് തുല്യമായ തീരുമാനമാണിതെന്നും ആരോപണമുയര്‍ന്നു.

എന്നാല്‍, ശ്യാമളയുടെ ദീര്‍ഘകാല പാര്‍ട്ടി പ്രവര്‍ത്തനവും സംഘടനാ സംഭാവനകളും പരിഗണിച്ചാണ് സ്ഥാനാര്‍ഥിത്വമെന്നും ബന്ധുത്വം നോക്കിയല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഇതിനെ പ്രതിരോധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ ഭൂരിപക്ഷ അഭിപ്രായം സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞത് തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ പിന്നീട് സമ്മതിക്കുകയുണ്ടായി.

'തളിപ്പറമ്പിന്റെ ബ്രൂട്ടസ്'- കെ.കെ രാഗേഷിന്റെ രൂക്ഷവിമര്‍ശനം

പാര്‍ട്ടി തീരുമാനം ചോദ്യം ചെയ്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ടി.കെ ഗോവിന്ദനെ രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതൃത്വം നേരിട്ടത്. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് തുറന്നുസമ്മതിച്ചെങ്കിലും ഗോവിന്ദന്‍ വര്‍ഗവഞ്ചകനാണെന്ന് ആരോപിച്ചു. പാര്‍ട്ടിയെ നെഞ്ചത്ത് കടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' ആണ് ഗോവിന്ദനെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

എസ്.ഐ.ആര്‍ പ്രകാരം തളിപ്പറമ്പിലായിരുന്നു ഏറ്റവും അധികം വോട്ട് വര്‍ധിച്ചത്. ലീഗിന്റെ കേന്ദ്രങ്ങളിലാണ് പ്രധാനമായും വോട്ട് കൂടിയത്. ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിരോധിക്കേണ്ട സ്ഥാനത്ത് നിര്‍ണയത്തില്‍ പോരായ്മ സംഭവിച്ചുവെന്നത് തുറന്നുപറയാന്‍ മടിയുമില്ലെന്ന് രാഗേഷ് വ്യക്തമാക്കി. എന്നാല്‍, 'എന്നെ എന്തുകൊണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചില്ല' എന്ന് പാര്‍ട്ടി യോഗത്തില്‍ ചോദിച്ച ഗോവിന്ദന്‍, വലിയ വിപ്ലവകാരിയാണെന്ന് നടിച്ചുനടന്ന ആളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അധികാരമോഹിയും വര്‍ഗവഞ്ചകനുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എതിരാളികളുടെ കുത്ത് സഹിക്കാമെങ്കിലും കൂട്ടത്തില്‍ നിന്നുള്ള ഇത്തരം കുത്തുകള്‍ സഹിക്കാനാവില്ല. പാര്‍ട്ടി പല ഭാഗത്തുനിന്നും അക്രമം നേരിടുമ്പോള്‍ പിന്നില്‍ നിന്ന് കുത്തിയ ഗോവിന്ദന്റെ വഞ്ചന തളിപ്പറമ്പും പാര്‍ട്ടിയും ഒരിക്കലും മറക്കില്ലെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കണക്കുകളും തോല്‍വിയുടെ ആഘാതവും

1991-ന് ശേഷം തുടര്‍ച്ചയായി 50 ശതമാനത്തിലേറെ വോട്ട് വിഹിതം നേടിയിരുന്ന എല്‍.ഡി.എഫിന് ഇത്തവണ വോട്ട് വിഹിതം 41 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ ഗോവിന്ദന്റെ വിജയം സിപിഎം വോട്ട് ബാങ്കിലുണ്ടായ വലിയ ചോര്‍ച്ചയുടെ തെളിവാണ്. എല്‍.ഡി.എഫ് മുന്നണിക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ വഴിതെറ്റിക്കപ്പെടുകയും മാറി ചിന്തിക്കുകയും ചെയ്തതാണ് തളിപ്പറമ്പ് പോലൊരു കോട്ട തകരാന്‍ ഇടയാക്കിയതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

തളിപ്പറമ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് എം.വി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ പരസ്യ വിമര്‍ശനമുന്നയിച്ച കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്കെതിരെ സിപിഎം ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രകാശനെ സ്ഥാനത്തുനിന്ന് നീക്കുകയും കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒരു വശത്ത് അണികളെയും വോട്ടര്‍മാരെയും തെറ്റ് തിരുത്തി ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് അച്ചടക്ക നടപടികളിലൂടെ സംഘടനാ അടിത്തറ ഭദ്രമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നിരുന്നാലും, തളിപ്പറമ്പിലുണ്ടായ വോട്ട് ചോര്‍ച്ചയും പാര്‍ട്ടി വിട്ട വിമതന്റെ വിജയവും ഉണ്ടാക്കിയ രാഷ്ട്രീയ ആഘാതം സിപിഎമ്മിന് എളുപ്പത്തില്‍ മറികടക്കാവുന്ന ഒന്നല്ല.

The political fallout from the CPI(M)’s defeat in the Taliparamba Assembly constituency continues, with party leaders calling for corrective action while strongly attacking rebel candidate T.K. Govindan. At a political explanation meeting in Taliparamba, Pinarayi Vijayan said sections of voters were misled by anti-left media campaigns and misinformation spread by those who left the party. He urged party supporters who regretted backing Govindan to correct their position and stressed that the CPI(M) must seriously examine every electoral defeat. Kannur district secretary K.K. Ragesh acknowledged shortcomings in candidate selection but described Govindan as a “Brutus” who betrayed the party from within. The controversy began after P.K. Shyamala was chosen as the CPI(M) candidate despite opposition within local party units.