Kerala

തൃശ്ശൂരില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം

മരിച്ചവരിൽ ഏഴ് പേരും തമിഴ്നാട് ഡിണ്ടിഗലിലെ എൻജിനിയറിങ് കോളജ് വിദ്യാർഥികളാണ്

Madism Desk

തൃശൂർ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. കാറിന്റെ ഡ്രൈവറും ഡിണ്ടിഗലിലെ എൻജിനിയറിങ് കോളജിലെ ഏഴ് വിദ്യാർഥികളുമാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രി‌ 11 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

സേലം സ്വദേശിയായ വിശ്വം, ഡിണ്ടിഗൽ സ്വ​ദേശികളായ യുവസഞ്ജിത്, സൂര്യ, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന, എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടസമയത്ത് ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു കാർ. അപകടസമയത്ത് റോഡരികിൽ മൂന്ന് ലോറികൾ നിർത്തിയിട്ടുണ്ടായിരുന്നു. ഈ മേഖലയിൽ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ ഒൻപത് മണിയോടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കും. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

A car with a Tamil Nadu registration rammed into the rear of a Maharashtra-registered lorry parked along the National Highway construction stretch at Panambikkunnu Centre in Kaipamangalam, Thrissur, killing eight people. The deceased include seven students of an engineering college in Dindigul and the car driver. Excessive speed, nighttime travel, and three lorries parked along the roadside reportedly aggravated the severity of the accident.