Kerala

വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം സമ്പൂർണമായി തൂക്കി യുഡിഎഫ്, കോഴിക്കോട് ഉൾപ്പെടെ 3 ജില്ലകളിൽ വിട്ടുകൊടുത്തത് ഓരോ സീറ്റ്

2021 ല്‍ നാല് സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഇത്തവണ പൂജ്യത്തില്‍ ഒതുങ്ങി. മന്ത്രി വി.അബ്ദുറഹ്‌മാന്‍ താനൂരില്‍നിന്ന് മാറി തിരൂരിലെത്തിയെങ്കിലും ഇരു മണ്ഡലങ്ങളും ലീഗിനൊപ്പം നിന്നു

Political Desk

നിയമസഭാ തിരഞ്ഞടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ യു ഡി എഫിന്റെ സമഗ്രാധിപത്യം. കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അത്രോളം തന്നെ വരുന്ന വിജയം. ഈ ജില്ലകളിൽ നഷ്ടമായത് ഓരോ സീറ്റ്.

മലപ്പുറത്ത് 16 മണ്ഡലങ്ങളില്‍ മുഴുവന്‍ യു.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. മത്സരിച്ച 12 നിയോജക മണ്ഡലങ്ങളിലും മുസ്ലിം ലീഗാണ് മുന്നില്‍. 2021-ല്‍ നാല് സീറ്റ് നേടിയ എല്‍ഡിഎഫ് ഇത്തവണ പൂജ്യത്തില്‍ ഒതുങ്ങി. മന്ത്രി വി. അബ്ദുറഹ്‌മാന്‍ താനൂരില്‍നിന്ന് മാറി തിരൂരിലെത്തിയെങ്കിലും ഇരു മണ്ഡലങ്ങളും ലീഗിനൊപ്പം നിന്നു. മൂന്ന് തവണ തവനൂരില്‍നിന്ന് എം.എല്‍.എയായ കെ.ടി ജലീല്‍ പരാജയം സമ്മതിച്ച് മുന്നോട്ടുവന്നു. സി.പി.എമ്മിന്റെ കോട്ടയായ പൊന്നാനിയിലും കാലിടറി. ഇവിടെ യു.ഡി.എഫിന്റെ കെ.പി നൗഷാദലിയാണ് മുന്നില്‍.

ലീഗിലെ പുതുമുഖങ്ങളായ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്‌റഫലി കൊണ്ടോട്ടിയിലും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് താനൂരിലും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.എം.എ സമീര്‍ തിരൂരങ്ങാടിയിലും എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്‌മത്തുള്ള മഞ്ചേരിയിലും ഇത്തവണ നിയമസഭയില്‍ സീറ്റുറപ്പിച്ചു. ഉറച്ച ലീഗ് വോട്ടുകള്‍ക്കൊപ്പം മണ്ഡലങ്ങളിലെ പൊതുവായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് തുണയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫിനാണ് ആധിപത്യം. മന്ത്രി പി രാജീവ് കഴിഞ്ഞതവണ വിജയിച്ച കളമശേരി ഉൾപ്പെടെ 5 മണ്ഡലങ്ങളും എൽഡിഎഫിൽനിന്ന് പിടിച്ചെടുത്തു.

ഒൻപത് മണ്ഡലങ്ങളുള്ള കോട്ടയത്ത് ഒരിടത്തുപോലും എൽഡിഎഫ് മുന്നേറ്റമുണ്ടായില്ല. പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങൾ പിടിച്ചെടുത്തു.

അഞ്ച് സീറ്റുള്ള പത്തനംതിട്ടയില്‍ നാലിടങ്ങളിലും യുഡിഎഫാണ് മുന്നില്‍. മന്ത്രി വീണ ജോര്‍ജ് മത്സരിച്ച ആറന്മുള, തിരുവല്ല, റാന്നി, അടൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ്. കോന്നി മാത്രമാണ് എല്‍ഡിഎഫിനൊപ്പമുള്ളത്. ഇടുക്കിയിലെ അഞ്ച് സീറ്റില്‍ ദേവികുളം മാത്രമാണ് ഇടതിനൊപ്പം നിന്നത്. ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവിടങ്ങളില്‍ യുഡിഎഫ് ചെയ്യുകയാണ്.

13 സീറ്റുള്ള കോഴിക്കോട് ജില്ലയിൽ മന്ത്രി മുഹമ്മദ് റിയാസ് മത്സരിച്ച ബേപ്പൂരിൽ മാത്രമാണ് എൽഡിഎഫ് ലീഡ്. സിപിഎം കോട്ടകൾ മിക്കതും യുഡിഎഫ് തേരോട്ടത്തിൽ കടപുഴകി. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്രയും മന്ത്രി എ കെ ശശീന്ദ്രൻ മത്സരിച്ച എലത്തൂരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

പാർട്ടിയുടെ ശക്തിദുർഗമായ കണ്ണൂരിൽ രണ്ട് സിറ്റിങ് സീറ്റുകൾക്കു പുറമെ മൂന്നെണ്ണം എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പേരാവൂരിനും ഇരിക്കൂറിനും പുറമെ കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് സീറ്റുകളാണ് എൽഡിഎഫിനെ കൈവിട്ടത്.

English Summary: The Congress-led UDF is witnessing a complete sweep in several districts as the 2026 Kerala Assembly Election counting progresses. The most significant surge is in Malappuram, where the UDF is currently leading in all 16 constituencies.