Kerala

കണ്ണൂരിൽ കാലത്തിന്റെ ചുവരെഴുത്ത്, ചുവപ്പിൽ പടരുന്ന ത്രിവർണം; യു ഡി എഫിനെ ചേര്‍ത്തുപിടിച്ച് സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങള്‍

2021ല്‍ ആകെയുള്ള 11 സീറ്റിൽ ഒന്‍പതിലും എല്‍ ഡി എഫാണ് വിജയിച്ചത്

Political Desk

ചുവന്ന കൊടി മാത്രം പാറിപ്പറന്നിരുന്ന, ഏത് ദുർബല സ്ഥാനാർഥിയെ പോലും വിജയിപ്പിച്ചിരുന്ന കണ്ണൂരിലെ സി പി എമ്മിന്റെ കോട്ടകള്‍ക്ക് നിറംമാറി തുടങ്ങി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഇത്തവണ യു ഡി എഫ് നടത്തിയത് ശക്തമായ കടന്നുകയറ്റം. സിറ്റിങ് സീറ്റുകളായ ഇരിക്കൂറിനും പേരാവൂരിനും പുറമേ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങള്‍ എല്‍ ഡി എഫിൽനിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു.

കണ്ണൂരില്‍ അഡ്വ. ടി ഒ മോഹനന്‍, പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ്, ഇരിക്കൂരിൽ അഡ്വ. സജീവ് ജോസഫ്, പയ്യന്നൂരിലും തളിപ്പറമ്പിലും മുൻ സിപിഎം നേതാക്കളായ വി കുഞ്ഞികൃഷ്ണന്‍, ടി.കെ ഗോവിന്ദന്‍ എന്നിവരാണ് യു ഡി എഫില്‍നിന്നു വിജയിച്ചത്. രണ്ടു തവണ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ ധർമടത്ത് പരീക്ഷണം നേരിട്ടുവെന്നതും സിപിഎം തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നു.

ആദ്യ റൗണ്ടുകളിലെല്ലാം പിന്നിൽ പോയ പിണറായി അവസാന ലാപ്പിലാണ് തിരിച്ചുകയറിയത്. ഒരു റൗണ്ട് വോട്ടെണ്ണൽ കൂടി ബാക്കിനിൽക്കെ 18,437 വോട്ടിനു മുൻപിലാണ് പിണറായി. 2021 ല്‍ 50,123 വോട്ടിനാണ് ധര്‍മടത്ത് അദ്ദേഹം വിജയിച്ചത്. അതായത് ഭൂരിപക്ഷം പകുതിയായി കുറഞ്ഞു.

2011- ലെ സെന്‍സസ് പ്രകാരം കണ്ണൂര്‍ ജില്ലയിലെ ജനസംഖ്യ 25.23 ലക്ഷമാണ്. 3.30 ശതമാനവും 1.64 ശതമാനവുമാണ് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും. 59.83 ശതമാനം ഹിന്ദുക്കളും 29.43 ശതമാനം മുസ്ലിംകളും 10.40 ശതമാനം ക്രിസ്ത്യാനികളുമാണ്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴിക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ 11 നിയമസഭാ മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 21,60,497 വോട്ടര്‍മാരാണുള്ളത്. ഈ എല്ലാ വിഭാഗങ്ങളിൽനിന്നും സിപിഎമ്മിന്റെ അടിസ്ഥാന വോട്ട് ചോർന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

1965-ല്‍ രൂപീകൃതമായ പയ്യന്നൂർ മണ്ഡലത്തിഷ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ സി പി എമ്മാണ് വിജയിച്ചത്. മിക്കവാറും 55 ശതമാനത്തിന് മുകളിലാണ് ഇടതുമുന്നണിക്ക് ലഭിക്കുന്ന വോട്ടുവിഹിതം. അതിനാല്‍ കേരളത്തില്‍ ഇടതുമുന്നണിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണിത്. എന്നാല്‍ 2026ല്‍ സമവാക്യം തെറ്റി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ എം.വി രാഘവനും പിണറായി വിജയനും വിജയിച്ചു കയറിയ പയ്യന്നൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്‍ അട്ടിമറി വിജയം നേടി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറ്റിങ്എം എല്‍ എ ടി.ഐ മധുസൂദനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചാണ് വി. കുഞ്ഞികൃഷ്ണന്‍ സി പിഎമ്മില്‍നിന്ന് പുറത്തുവന്നത്. 7487 വോട്ട് എന്ന ചെറുതല്ലാത്ത ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ കുഞ്ഞികൃഷ്ണന്റെ ആദ്യ പ്രതികരണം ''നിങ്ങള്‍ വിജയിപ്പിച്ചത് ഒരു കമ്യൂണിസ്റ്റുകാരനെയാണ്, അതില്‍ പയ്യന്നൂരുകാര്‍ക്ക് അഭിമാനിക്കാം,'' എന്നായിരുന്നു.

ഓരോ തിരഞ്ഞെടുപ്പിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു ലഭിക്കുന്ന തളിപ്പറമ്പ് ഇടതുപക്ഷ മുന്നണിക്ക് സുരക്ഷിത മണ്ഡലമായിരുന്നു. 1965-ലെ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് തളിപ്പറമ്പ് രൂപീകരിച്ചത്. 1967 മുതല്‍ സി പി എം സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിട്ടുള്ളത്. 2021-ല്‍ എല്‍ ഡി എഫിലെ എം.വി ഗോവിന്ദന്‍ കോണ്‍ഗ്രസിലെ വി.പി അബ്ദുല്‍ റഷീദിനെ 22,689 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ളവയാണ്. സി പി എമ്മില്‍ കാലപക്കൊടി ഉയര്‍ത്തി പാര്‍ട്ടി വിട്ട് യു ഡി എഫിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ടി കെ ഗോവിന്ദനാണ് തളിപ്പറമ്പില്‍ വിജയിച്ചത്. പാര്‍ട്ടി കോട്ടയില്‍ പതിനത്തിലധികം വോട്ടുകള്‍ക്കാണ് ഗോവിന്ദന്റെ ജയം. സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെയാണ് ഗോവിന്ദന്‍ വീഴ്ത്തിയത്.

മുന്‍ തിരഞ്ഞെടുപ്പിലെ കണക്കുകളും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും കണക്കിലെടുത്താല്‍ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് ഉറപ്പായും വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂര്‍. ആ പ്രതീക്ഷ അഡ്വ. സജീവ് ജോസഫ് വീണ്ടും കാത്തു. 42,426 വോട്ടിനാണ് സജീവിന്റെ വിജയം.

മലയോര മേഖലയായ ഇരിക്കൂര്‍ 1957-ലാണ് നിലവില്‍ വന്നത്. അതിര്‍ത്തി നിര്‍ണയ പ്രക്രിയയുടെ ഭാഗമായി 1977-ല്‍ മണ്ഡലത്തിലുള്‍പ്പെട്ട പല പ്രദേശങ്ങളും സമീപ മണ്ഡലങ്ങളുടെ ഭാഗമാവുകയും മറ്റു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതിനാല്‍ നിലവിലുള്ള ഇരിക്കൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം 1977-ന് മുന്‍പുള്ളതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ ആദ്യമായി നിയമസഭാംഗമായത് ഇരിക്കൂരിലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ്. 1977 മുതല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് അനുകൂലമായിട്ടാണ് ഇരിക്കൂര്‍ വിധിയെഴുതിയിട്ടുള്ളത്. 2021ൽ 10,010 വോട്ടിനായിരുന്നു സജീവ് ജോസഫിന്റെ വിജയം.

യു ഡി എഫ് ഇത്തവണ പ്രതീക്ഷ പുലര്‍ത്തിയ മറ്റൊരു മണ്ഡലമാണ് കണ്ണൂര്‍. 1957-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍-1, കണ്ണൂര്‍-2 എന്നീ രണ്ടു മണ്ഡലങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. 1965-ലെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് ഇവ യഥാക്രമം കണ്ണൂര്‍, എടക്കാട് മണ്ഡലങ്ങളായി. 2011 മുതല്‍ എടക്കാട് നിയമസഭാ മണ്ഡലം ഇല്ലാതായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ നിയമസഭാ മണ്ഡലം രൂപീകരിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സി. കണ്ണന്‍ 1957-ലും കേരളത്തിലെ രണ്ടാം മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായും പിന്നീട് മുഖ്യമന്ത്രിയുമായും പ്രവര്‍ത്തിച്ച ആര്‍ ശങ്കര്‍ 1960-ലും കണ്ണൂര്‍- 1 നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചവരാണ്. സ്വതന്ത്രനായും ജനതാപാര്‍ട്ടി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രാഷ്ട്രീയരംഗത്തുണ്ടായ പി. ഭാസ്‌കരന്‍ നാലുതവണയും കോണ്‍ഗ്രസിലെ എന്‍.കെ കുമാരന്‍ 1970-ലും കെ. സുധാകരന്‍ മൂന്നുതവണയും എന്‍ രാമകൃഷ്ണനും കണ്ണൂരില്‍ നിന്ന് വിജയിച്ചവരാണ്.

പൊതുവെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സ്വാധീനമുള്ള പ്രദേശങ്ങളാണ് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലുള്ളതെങ്കിലും 2016-ലും 2021-ലും കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനിലൂടെ ഇടതുമുന്നണി മണ്ഡലത്തില്‍ വിജയിച്ചു. 2021- ല്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ 1745 വോട്ടിന്റെ വ്യത്യാസത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ഇത്തവണ അഡ്വ. ടി.ഒ മോഹനന്‍ ആ സീറ്റ് യു ഡി എഫിന്റെ അക്കൗണ്ടിലേക്ക് തിരിച്ചുചേര്‍ത്തു. 18551 വോട്ടിനാണു വിജയം.

പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫ് തന്നെ. സണ്ണി ജോസഫിനുള്ള ജനപ്രീതിയില്‍ മണ്ഡലം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പിലായിരുന്നു യു ഡി എഫ്. ഇരിക്കൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേരാവൂര്‍ 1977- ല്‍ നിലവില്‍ വന്നത്. 2011 മുതല്‍ പേരാവൂരില്‍ വിജയിക്കുന്നത് സണ്ണി ജോസഫ് തന്നെയാണ്. 2016ല്‍ 7,989 വോട്ടിന് വിജയിച്ച സണ്ണി ജോസഫിന് 2021-ല്‍ ഭൂരിപക്ഷം 3,172 ആയി കുറഞ്ഞിരുന്നു. ഈ കണക്കില്‍ എല്‍ ഡി എഫിന് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മണ്ഡലം യു ഡി എഫിനൊപ്പം തന്നെ നിന്നു. 14,453 വോട്ടിനാണ് വിജയം.

English Summary: In a historic political shift, the UDF has breached the long-standing strongholds of the CPI(M) in Kannur during the 2026 Kerala Assembly Election. Traditionally a fortress for the Left Democratic Front several key constituencies in the district have "turned blue," favoring the UDF.