രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്ലിലെ തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ വെറും 24 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് താരം ഷാക്കിബ് ഹസ്സന്‍ ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് അപരിചിതനല്ല. ഐപിഎല്‍ ക്രിക്കറ്റില്‍ ലഭിച്ച സ്വപ്നതുടക്കം ഇരുപത്തിയൊന്നുകാരനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിക്കഴിഞ്ഞു.
എന്നാല്‍, ഐപിഎല്ലില്‍ ചരിത്രം സൃഷ്ടിക്കും മുന്‍പ് നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു മുഖവും ഷാക്കിബിനുണ്ട്. ലോകത്തിന്‍റെ നെറുകയിലെത്താനുള്ള വഴികളില്‍ ഷാക്കിബിന് അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും പരിമിതികള്‍ നമുക്ക് ചിന്തിക്കാവുന്നതിനുമപ്പുറത്താണ്. അതേസമയം ആ കഠിന വഴികള്‍ സ്വപ്നങ്ങളെ കീഴടക്കാനുമുള്ള പ്രോത്സാഹനവുമായിട്ടുണ്ടെന്ന് ഷാക്കിബ് പറയുന്നുണ്ട്.
ബിഹാറിലെ സാധാരണ ഗ്രാമമായ ഗോപാല്‍ഗഞ്ചാണ് ഷാക്കിബിന്‍റെ സ്വദേശം. കൂലിപ്പണിക്കാരനായ അച്ഛന് ഒരു ദിവസം കിട്ടുന്ന വേതനം 200 മുതല്‍ 300 രൂപ വരെയായിരുന്നു. അഞ്ച് പേരടങ്ങുന്ന കുടുംബത്തില്‍ ഈ തുക ഉപയോഗിച്ച് അടിസ്ഥാന പലചരക്കുകള്‍ വാങ്ങുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം ആർഭാടമായിരുന്നു. കരസേനയില്‍ സേവനമനുഷ്ടിക്കാനായിരുന്നു ഷാക്കിബിന്‍റെ ആദ്യത്തെ ആഗ്രഹം.
അമ്മയുടെ ത്യാഗം
രാവിലെ ജോഗിങ്ങിനിറങ്ങിയ, നാട്ടിലെ ലോക്കല്‍ ക്ലബിന്‍റെ പരിശീലകരാണ് ഷാക്കിബിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ആർമി പരിശീലനത്തിനായി ഓടാന്‍ പരിശീലിക്കുന്ന ഷാക്കിബിനെ, ഇവര്‍ ക്രിക്കറ്റിലേക്ക് ക്ഷണിച്ചു. ഇവരില്‍നിന്ന് ലഭിച്ച നിർദേശം വഴി, ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാന്‍ ഷാക്കിബ് തീരുമാനിച്ചു. ടെന്നീസ് ബോള്‍ ക്രിക്കറ്റായിരുന്നു ആദ്യം കളിച്ചിരുന്നത്. ഒരു മത്സരം കളിക്കാന്‍ 500 മുതല്‍ 1000 രൂപ വരെയാണ് ഷാക്കിബിന് പ്രതിഫലമായി ലഭിക്കുക. പിന്നിട് ടെന്നീസ് ബോളില്‍നിന്ന് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് മാറാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ അത്യാവശ്യമായ സ്പൈക് ഷൂ വാങ്ങാനുള്ള 10,000- 15,000 രൂപ ആ കുടുംബത്തിന് അസാധ്യമായ കാര്യമായിരുന്നു.
ഇത്രയധികം പണം ചെലവാക്കിയാല്‍ തങ്ങള്‍ ഭക്ഷണം എങ്ങനെ കഴിക്കുമെന്ന ചിന്തകളായിരുന്നു മനസ്സിലെന്ന് ഷാക്കിബ് പറഞ്ഞിരുന്നു. മകന്‍റെ കണ്ണീരും ക്രിക്കറ്റിനോടുള്ള ആത്മാർഥതയും കണ്ട അമ്മ, ജീവിതസാഹചര്യങ്ങളെ വകവെക്കാതെ കഠിനമായ ഒരു തീരുമാനമെടുത്തു. മകന് ഷൂ വാങ്ങാനായി, ദാരിദ്ര്യത്തെ അവഗണിച്ച് ആ അമ്മ തന്‍റെ സ്വർണാഭരണങ്ങള്‍ വിറ്റു. ആ തീരുമാനത്തിന് പകരമായി ഷാക്കിബിന് ഒഴിവുകഴിവുകള്‍ പറയാന്‍ സാധിക്കില്ലായിരുന്നു. അമ്മയ്ക്ക് തന്നിലുള്ള വിശ്വാസം നിറവേറ്റാനായി ഷാക്കിബ് കഠിനമായി പരിശീലിച്ചു.
ഐപിഎല്ലിലേക്കുള്ള വഴി
17 ാം വയസ്സില്‍ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കുട്ടിക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ്, ആദ്യ മത്സരത്തില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. തുടർന്ന് രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം, ഇതാണ് ഐപിഎല്ലിലേക്ക് വഴിതെളിയിക്കുന്നത്. 2023ല്‍ ചെന്നൈ സൂപ്പർ കിങ്സിന്‍റ നെറ്റ് ബൗളറായ ഷാക്കിബിനെ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയെങ്കിലും തന്‍റെ സ്വപ്നങ്ങളിലേക്കെത്താന്‍ ഷാക്കിബിന് സാധിച്ചിരുന്നില്ല. ശേഷം 2025ല്‍ താരം അണ്‍സോള്‍ഡ് ആവുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് 30 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഷാക്കിബിനെ സ്വന്തമാക്കിയതും സീനിയർ ബൗളർമാർ തിളങ്ങാതെ പോയതും അരങ്ങേറ്റ മത്സരത്തില്‍ നന്നായി കളിക്കാന്‍ സാധിച്ചതും കാലത്തിന്‍റെ കാവ്യനീതിയാണെന്ന് ഒരർഥത്തില്‍ വ്യാഖ്യാനിക്കാം.
English Summary: Shakib Hussain’s journey from a poor village in Bihar to becoming a standout SRH bowler in the IPL is deeply inspiring. After a dream debut, his story of hardship, including his mother selling her gold to support his cricket dreams, has captured fans’ attention.