ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ഹെന്റി ബി. കാഗന്‍, കെന്‍സോ സോവായ് എന്നിവര്‍ക്ക്. അസിമെട്രിക് ഓര്‍ഗാനിക് സിന്തസിസിലെ നോണ്‍-ലീനിയര്‍ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് പുരസ്‌കാരം. ജീവന്റെ അടിസ്ഥാന ഘടകങ്ങളായ തന്മാത്രകളുടെ ഒരു വശം മാത്രം പ്രകൃതി എങ്ങനെ തെരഞ്ഞെടുത്തു. ശാസ്ത്ര ലോകത്തെ നൂറ്റാണ്ടുകളായി കുഴക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം.
ഹോമോചിരാലിറ്റിയിലേക്ക് നയിക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന കണ്ടെത്തലുകളെ അംഗീകരിക്കുന്നതിനാണ് പുരസ്‌കാരമെന്നാണ് അക്കാദമി പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. പാരിസ് സൂഡ് സര്‍വകലാശാലയില്‍ പ്രഫസറാണ് ഫ്രാന്‍സ് സ്വദേശിയായ ഹെന്റി ബി. കാഗന്‍. ജപ്പാന്‍കാരനായ കെന്‍സോ സോവായി ടോക്യോ ശാസ്ത്ര സര്‍വകലാശാലയില്‍ അധ്യാപകനാണ്.
മരുന്നുകളുടെ നിര്‍മ്മാണത്തിലും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളിലും വിപ്ലവം സൃഷ്ടിച്ച കണ്ടെത്തലാണ് അസിമെട്രിക് ഓര്‍ഗാനിക് സിന്തസിസിലെ നോണ്‍-ലീനിയര്‍ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും. നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്‍-അമിനോ ആസിഡുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ അവയുടെ കണ്ണാടി-പ്രതിബിംബ രൂപമായ ഡി-അമിനോ ആസിഡുകള്‍ ശരീരം സാധാരണയായി ഉപയോഗിക്കാറില്ല. ശാസ്ത്രജ്ഞര്‍ ഈ സവിശേഷതയെ ഹോമോചിരാലിറ്റി എന്ന് വിളിക്കുന്നു. എല്ലാ അമിനോ ആസിഡുകളും പരസ്പരം കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ പോലെയുള്ള രണ്ട് രൂപങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മനുഷ്യരുടെ കോശങ്ങളിലെ പ്രോട്ടീനുകളില്‍ ഇതില്‍ ഒരു രൂപം മാത്രമാണ് കാണപ്പെടുന്നത്. ജീവന്‍ എങ്ങനെയാണ് സ്വയമേവ ഒരു വശം മാത്രം തെരഞ്ഞെടുത്തതെന്ന് ശാസ്ത്ര ലോകം പതിറ്റാണ്ടുകളായി പഠിച്ചു വരികയായിരുന്നു.
രസതന്ത്രജ്ഞര്‍ ലാബുകളില്‍ ഈ തന്മാത്രകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, ഇടത്-വലത് രൂപങ്ങളുടെ തുല്യമായ (50 - 50) മിശ്രിതമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഗാനും സോയിയും കണ്ടെത്തിയ പുതിയ രീതിയിലൂടെ വളരെ ശുദ്ധമായ രൂപത്തില്‍ ഒരു വശം മാത്രമുള്ള തന്മാത്രകളെ വലിയ അളവില്‍ നിര്‍മിക്കാന്‍ സാധിച്ചു. ഹെന്റി കാഗനാണ് ഈ മേഖലയില്‍ നിര്‍ണാക ചുവടുവയ്പ്പ് നടത്തിയത്. രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് അദ്ദേഹം കണ്ടെത്തിയത്. വളരെ ഉയര്‍ന്ന അളവില്‍ ഒരു പ്രത്യേക കണ്ണാടി-പ്രതിബിംബ രൂപം ഉല്‍പ്പാദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു തുടര്‍ന്നുള്ള കണ്ടെത്തല്‍. സ്വയം പെരുകുന്ന ഒരു ശൃംഖലാ പ്രവര്‍ത്തനം പോലെ പ്രവര്‍ത്തിക്കുന്ന ഒരു രാസപ്രക്രിയയാണ് കെന്‍സോ സോവായ് രൂപകല്‍പ്പന ചെയ്തത്. 2003-ഓടെ, പ്രകൃതിക്ക് മാത്രം സാധ്യമായിരുന്ന ഒരു നേട്ടമായിരുന്നു അത്. സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപാധികളിലേക്ക് കൂടിയാണ് ഇവരുടെ കണ്ടെത്തല്‍ വെളിച്ചം വീശിയത്.
The 2026 Nobel Prize in Chemistry has been awarded to Henri B. Kagan and Kenzo Soai for their work on nonlinear effects and autocatalysis in asymmetric organic synthesis. Their research has contributed to a deeper understanding of how asymmetric chemical reactions can be controlled and developed.