ചരിത്രത്തിലുടനീളം മനുഷ്യരാശിയുടെ ഉറ്റ ചങ്ങാതിമാരാണ് നായ്ക്കള്‍. എന്നാല്‍ ആ ബന്ധത്തിന് എത്ര കാലത്തെ പഴക്കമുണ്ടാവും? മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധത്തിനു 15,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പുരാതന ഡിഎന്‍എ വിശകലനത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.
പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, വളര്‍ത്തുനായ്ക്കളുടെ ഏറ്റവും പഴയ ജനിതക തെളിവുകളെ 5,000 വര്‍ഷം കൂടി പിന്നോട്ടു കൊണ്ടുപോകുന്നതാണ്. കൃഷിയുടെ ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ നായാടിക്കൂട്ടം നായ്ക്കളെ പോറ്റുകയും ആചാരപരമായ ശവസംസ്‌കാരം നടത്തുകയും ചെയ്തിരുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.
തുര്‍ക്കിയിലെ അനറ്റോലിയയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ക്കൊപ്പം അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയ നായ്ക്കളുടെ അവശിഷ്ടങ്ങള്‍ക്കു 15,800 വര്‍ഷം പഴക്കമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴക്കമുള്ള പഠനമാതൃക കൂടിയാണിത്. രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ മാതൃകയ്ക്കു 14,300 വര്‍ഷമാണ് പഴക്കം. നരഭോജി ആചാരങ്ങള്‍ക്ക് പേരുകേട്ട ഒരു ഗോത്രം വസിച്ചിരുന്ന സോമര്‍സെറ്റിലെ ഗൗഫ്‌സ് ഗുഹയില്‍നിന്നാണ് ഈ താടിയെല്ല് കണ്ടത്തിയത്.
15,000 വര്‍ഷം മുമ്പ്, സോമര്‍സെറ്റ് മുതല്‍ സൈബീരിയ വരെ യുറേഷ്യയിലുടനീളം വളരെ വ്യത്യസ്തമായ വംശപരമ്പരയില്‍പ്പെട്ട നായ്ക്കള്‍ നിലനിന്നിരുന്നുവെന്നാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നതെന്നു മ്യൂണിക്കിലെ ലുഡ്വിങ് മാക്‌സിമിലിയന്‍ സര്‍വകലാശാലയിലെ പ്രഫസറും പഠനത്തിന്റെ സഹരചയിതാവുമായ ഡോ. ലാച്ചി സ്‌കാര്‍സ്ബ്രൂക്ക് പറഞ്ഞു. മറ്റേതെങ്കിലും അരുമ മൃഗങ്ങളെുടെ സാന്നിധ്യം ഉണ്ടാവുന്നതിനു 10,000 വര്‍ഷത്തിലധികം മുമ്പ്, അവസാന ഹിമയുഗത്തില്‍ ഇണക്കി വളര്‍ത്തല്‍ നടന്നിരിക്കാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന ഹിമയുഗം അവസാനിക്കുന്നതിന് മുമ്പ്, അതായത് ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചാര ചെന്നായ്ക്കളെ അരുമനായ്ക്കളായി മാറ്റി വളര്‍ത്തിയിരുന്നതായുള്ള ശക്തമായ പുരാവസ്തു തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ നായ്ക്കളുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കമുള്ള നേരിട്ടുള്ള ജനിതക തെളിവുകള്‍ 10,900 വര്‍ഷം മുന്‍പത്തേതാണ്. കാരണം പഴയ അസ്ഥികളില്‍ നിന്നുള്ള ഡിഎന്‍എ വളരെ വിഘടിച്ചതിനാല്‍ നായ്ക്കളെയും ചെന്നായ്ക്കളെയും കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍, വളര്‍ത്തലിന്റെ കൃത്യമായ കാലം, സ്ഥാനം, സാഹചര്യങ്ങള്‍ എന്നിവ ദുരൂഹമായി തുടരുകയായിരുന്നു.
നായ്ക്കളുമായുള്ള മനുഷ്യരാശിയുടെ ചങ്ങാത്തത്തിന്റെ ചരിത്രത്തെക്കുറിച്ച് അഭൂതപൂര്‍വമായ വിശദാംശങ്ങള്‍ നല്‍കുന്നതാണ് രണ്ട് അന്താരാഷ്ട്ര സംഘങ്ങള്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണ്ടെത്തലുകള്‍. ബുള്‍ഡോഗുകള്‍ മുതല്‍ ലാബ്രഡോറുകള്‍ വരെയുള്ള ആധുനിക യൂറോപ്യന്‍ നായ ഇനങ്ങളുടെ വംശപരമ്പര എങ്ങനെ യൂറോപ്പിലെ പുരാതന വേട്ടക്കാരുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
യുകെയിലെ ഗൗഫ്‌സ് ഗുഹ, തുര്‍ക്കിയിലെ പിനാര്‍ബസി, സെര്‍ബിയയിലെ രണ്ട് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ അസ്ഥികളില്‍നിന്നുള്ള ഡിഎന്‍എയാണ് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരും സ്‌കാര്‍സ്ബ്രൂക്കും ഉള്‍പ്പെട്ട ആദ്യ പഠനസംഘം വിശകലനം ചെയ്തത്. പുരാതന ഡിഎന്‍എയുടെ ചെറിയ ശകലങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് മുഴുവന്‍ ജീനോമുകളും പുനര്‍നിര്‍മിക്കാന്‍ നൂതനമായ സീക്വന്‍സിങ് സാങ്കേതികവിദ്യ സഹായകരമായി. ഇത് ആദ്യമായി ഒരു വ്യക്തമായ ജനുസ് തിരിച്ചറിയല്‍ സാധ്യമാക്കി.
14,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂറോപ്പിലും പശ്ചിമേഷ്യയിലും നായ്ക്കള്‍ വ്യാപകമായിരുന്നുവെന്ന് ഈ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. തുര്‍ക്കിയില്‍നിന്ന് കണ്ടെത്തിയ അസ്ഥികളുടെ ഐസോടോപ്പിക് വിശകലനത്തില്‍, പ്രാദേശിക മനുഷ്യ ഭക്ഷണക്രമവുമായി പൊരുത്തപ്പെടുന്ന മത്സ്യങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നായ്ക്കള്‍ കഴിച്ചതെന്ന് വ്യക്തമാക്കുന്നു. മറ്റ് സ്ഥലങ്ങളിലും സമാനമായ ഭക്ഷണരീതികള്‍ കാണപ്പെട്ടു, ഇത് നായ്ക്കള്‍ക്ക് മനുഷ്യര്‍ ഉദ്ദേശ്യത്തോടെ ഭക്ഷണം നല്‍കുന്നുണ്ടെന്നതാണ് സൂചിപ്പിക്കുന്നത്.
മനുഷ്യനും നായയും തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തിന്റെ തെളിവുകളും പഠനത്തില്‍ വ്യക്തമായി. പിനാര്‍ബാസിയില്‍ ഒരു മനുഷ്യന്റെ കാലുകള്‍ക്ക് മുകളില്‍ മൂന്ന് നായക്കുട്ടികളുടെ അസ്ഥികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇതു മനുഷ്യരുടെ വിപുലമായ ശവസംസ്‌കാരങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. മനുഷ്യാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് തദ്ദേശവാസികള്‍ ഭയാനകമായ ആചാരങ്ങള്‍ നടത്തിയിരുന്ന ഗൗഫ്‌സ് ഗുഹയില്‍നിന്നു കണ്ടെത്തിയ നായയുടെ താടിയെല്ലിന്റെ ഇരുവശത്തും മനഃപൂര്‍വ്വം ദ്വാരങ്ങള്‍ സൃഷ്ടിച്ചതായി വ്യക്തമായി. വളര്‍ത്തുനായ്ക്കളുടെ മരണശേഷം അവയെ ഭക്ഷിച്ചിരുന്നതായും ഗവേഷകര്‍ കരുതുന്നു.
ഇണക്കിയെടുത്ത നായ്ക്കള്‍ ഒരുകാലത്ത് യൂറോപ്പിലുടനീളം വേഗത്തില്‍ വ്യാപിച്ചിരിക്കാമെന്നും പരസ്പര ബന്ധമില്ലാത്ത സംഘങ്ങള്‍ക്കിടയില്‍ വിനിമയം ചെയ്യപ്പെട്ടിരിക്കാമെന്നുമാണ് പഠനവിധേയമാക്കിയ മൂന്ന് സൈറ്റുകളില്‍നിന്നു കണ്ടെത്തിയ മാതൃകകള്‍ തമ്മിലുള്ള അടുത്ത ജനിതകബന്ധം സൂചിപ്പിക്കുന്നത്.
English summary: A new scientific study reveals that dogs and humans formed close bonds over 15,000 years ago. Evidence from ancient DNA and archaeology shows early dogs lived with hunter-gatherers, assisting in hunting and protection. Findings also suggest emotional connections, including care and burial practices, indicating dogs were valued companions even in prehistoric times.