കേരളത്തിലെ പാലക്കാടൻ ഗ്രാമങ്ങളുടെ പാരമ്പര്യത്തിൽ നിന്നും അനന്തമായ ബഹിരാകാശത്തേക്ക് ഒരു പാലം നിർമിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനിക്കാൻ വാനോളമുള്ളൊരു നേട്ടം. ഈ വരുന്ന ജൂലൈ 14-ന് ലോകം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുതിച്ചുയരുമ്പോൾ, നാസയുടെ ഡോ. അനിൽ മേനോൻ കുറിക്കുന്നത് പുതിയൊരു ചരിത്രമാണ് - ബഹിരാകാശത്തെത്തുന്ന മലയാളി വേരുകളുള്ള ആദ്യത്തെ വ്യക്തി.
അമേരിക്കയിലെ മിനസോട്ടയിൽ ജനിത്തുവളർന്ന നാൽപ്പത്തിയൊമ്പതുകാരനായ ഡോ. അനിൽ മേനോന്റെ വേരുകൾ കേരളത്തിലാണ്. പാലക്കാടും ഒറ്റപ്പാലത്തുമായാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റ പാരമ്പര്യം കിടക്കുന്നത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ഏക മലയാളിയുമായ ചേറ്റൂർ ശങ്കരൻ നായരുടെ പിൻഗാമി കൂടിയാണ് അദ്ദേഹം. ഇന്ത്യൻ വംശജനായ പിതാവിന്റെയും ഉക്രേനിയൻ മാതാവിന്റെയും മകനായ അനിൽ, തന്റെ വൈവിധ്യമാർന്ന പൈതൃകത്തെ എന്നും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.
റഷ്യയുടെ സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിൽ കസാഖ്സ്ഥാനിലെ ബൈക്കന്നൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. റഷ്യൻ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർക്കൊപ്പമാണ് അനിലിന്റെ ഈ കന്നി ബഹിരാകാശ യാത്ര. എക്സ്പെഡിഷൻ 74, 75 എന്നിവയുടെ ഭാഗമായി എട്ടുമാസത്തോളം അദ്ദേഹം ഭൂമിയുടെ ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ചിലവഴിക്കും. 2027 ഏപ്രിലിലാകും യാത്രികർ ഭൂമിയിലേക്ക് മടങ്ങുക
ഡോക്ടർ, എൻജിനീയർ, ബഹിരാകാശ യാത്രികൻ
വെറുമൊരു ബഹിരാകാശ യാത്രികൻ മാത്രമല്ല ഡോ. അനിൽ മേനോൻ. ഒരു മികച്ച ഫിസിഷ്യൻ, എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ്, എൻജിനീയർ, യുഎസ് സ്പേസ് ഫോഴ്സ് കേണൽ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ നിന്നായി ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം യുഎസ് എയർഫോഴ്സിനൊപ്പം അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി എത്തിയ അദ്ദേഹം, പിന്നീട് സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും പ്രവർത്തിച്ചു. ദീർഘനാളത്തെ കഠിന പ്രയത്നങ്ങൾക്ക് ശേഷമാണ് 2021-ൽ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ യാത്രികയാണ് (അടുത്തിടെ സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിൽ പങ്കാളിയായിരുന്നു).
ബഹിരാകാശ ശാസ്ത്രത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന പരീക്ഷണങ്ങളുമായാണ് ഡോ. അനിൽ മേനോൻ തന്റെ കന്നി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. വെറുമൊരു യാത്ര എന്നതിലുപരി, ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങൾക്കും ഭൂമിയിലെ മനുഷ്യരുടെ ആരോഗ്യ-സാങ്കേതിക പുരോഗതിക്കും ഒരുപോലെ ഗുണകരമാകുന്ന നിർണായക പരീക്ഷണങ്ങളാണ് നാസ അദ്ദേഹത്തിലൂടെ ലക്ഷ്യമിടുന്നത്.
നിർമിത ബുദ്ധി, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ഭൂഗുരുത്വമില്ലാത്ത അവസ്ഥയിൽ (Microgravity) എങ്ങനെ കൂടുതൽ കാര്യക്ഷമമായി നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. ചൊവ്വയിലേക്കും മറ്റ് ദൂരഗ്രഹങ്ങളിലേക്കുമുള്ള ഭാവി ദൗത്യങ്ങളിൽ, ഭൂമിയിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായമില്ലാതെ തന്നെ യാത്രികർക്ക് സ്വയം ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്ന പരീക്ഷണമാണിത്. ഓഗ്മെന്റഡ് റിയാലിറ്റിയുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് സാങ്കേതികവിദ്യയാണ് അദ്ദേഹം പരിശോധിക്കുക.
ദീർഘകാലത്തെ ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലെ രക്തചംക്രമണത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിൽ അദ്ദേഹം തന്നെ ഒരു 'ടെസ്റ്റ് സബ്ജക്ട്' ആയി മാറും. ബഹിരാകാശത്തെ പൂജ്യം ഗുരുത്വാകർഷണാവസ്ഥയിൽ രക്തക്കുഴലുകളുടെ കോശഘടനകൾ (Vascular tissue structures) ബയോപ്രിന്റിങ് ചെയ്യാനുള്ള പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയാകും. ഇത് പ്രായമാകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾക്കും ഭാവിയിലെ പുതിയ ചികിത്സാരീതികൾക്കും വഴിത്തിരിവാകും.
അക്കാദമിക് പശ്ചാത്തലം
വൈദ്യശാസ്ത്രവും എൻജിനീയറിങ്ങും ഒരുപോലെ സമന്വയിപ്പിച്ച അത്യപൂർവ്വമായ അക്കാദമിക് യാത്രയാണ് അനിലിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ ന്യൂറോബയോളജി പഠിച്ച അദ്ദേഹം ഹണ്ടിങ്ടൺസ് രോഗത്തെക്കുറിച്ച് (Huntington's disease) ഗവേഷണം നടത്തി. പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിസിൻ പൂർത്തിയാക്കിയ അദ്ദേഹം നാസയുടെ കാലിഫോർണിയയിലുള്ള എയിംസ് റിസർച്ച് സെന്ററിൽ സോഫ്റ്റ് ടിഷ്യൂ മോഡലിങ് പ്രോജക്റ്റുകളിൽ പ്രവർത്തിച്ചു.
എമർജൻസി മെഡിസിൻ റെസിഡൻസി കാലയളവിൽ കാലിഫോർണിയ എയർ നാഷണൽ ഗാർഡിന്റെ ഭാഗമാവുകയും വിൽഡർനെസ് മെഡിസിനിൽ വൈദഗ്ധ്യം നേടുകയും ചെയ്തു. വാണിജ്യ ബഹിരാകാശ യാത്രകൾക്കായുള്ള മെഡിക്കൽ കിറ്റുകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റേഴ്സ് തീസിസ്. സ്പേസ് മെഡിസിൻ രംഗത്ത് ഇരുപതിലധികം ശാസ്ത്രീയ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനിൽ മേനോന്റെ ഈ കന്നി യാത്രയോടൊപ്പം മറ്റൊരു മലയാളി സാന്നിധ്യം കൂടി ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധനേടുന്നുണ്ട്. ഇന്ത്യയുടെ അഭിമാന ദൗത്യമായ 'ഗഗൻയാൻ' പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികരിൽ ഒരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ഗഗൻയാൻ ദൗത്യം യാഥാർത്ഥ്യമാകുന്നതോടെ ബഹിരാകാശത്തേക്ക് കുതിക്കുന്ന അടുത്ത മലയാളി വേരുകളുള്ള വ്യക്തിയായി പ്രശാന്ത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ, വരുംവർഷങ്ങൾ ബഹിരാകാശ ചരിത്രത്തിൽ മലയാളി മുദ്രകൾ ആഴത്തിൽ പതിയുന്ന കാലമായിരിക്കും.
NASA astronaut Dr. Anil Menon is set to make history on July 14, 2026, when he launches to the International Space Station (ISS) aboard Russia's Soyuz MS-29 spacecraft. The 49-year-old physician, engineer, and US Space Force colonel will be the first astronaut with Malayali roots to travel to space. Anil Menon will launch from the Baikonur Cosmodrome in Kazakhstan alongside Roscosmos cosmonauts Pyotr Dubrov and Anna Kikina. The trio will join Expeditions 74 and 75, spending approximately eight months aboard the orbital laboratory before returning to Earth in April 2027.