Cricket

പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിയതിൽ സഞ്ജുവിനു അതൃപ്തി? ടോസിനു പിന്നാലെ ക്യാമറ ഒപ്പിയെടുത്ത് ഈ ദൃശ്യങ്ങൾ (വീഡിയോ)

സഞ്ജുവിന്റെ ശരീരഭാഷയിലും പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കിയതിന്റെ നിരാശ പ്രകടമാണ്.

Sports Desk

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കേണ്ടിവന്നത് യുവതാരം വൈഭവ് സൂര്യവൻശിക്കു വേണ്ടിയാണ്. 15 കാരനായ വൈഭവ് അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി എത്തി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി. അതേസമയം പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കിയതിൽ സഞ്ജുവിനു കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടോസിനു പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ സഞ്ജുവിനു പകരം വൈഭവ് ഓപ്പണറായി എത്തുന്ന കാര്യം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ക്യാമറ കണ്ണുകളെല്ലാം ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന സഞ്ജുവിലേക്ക്. ഈ സമയത്ത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനോടു സംസാരിക്കുന്നത് കാണാം.

സഞ്ജു ഗംഭീറിനോടു എന്തോ അതൃപ്തി പങ്കുവയ്ക്കുകയാണെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാകും. സഞ്ജുവിന്റെ ശരീരഭാഷയിലും പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കിയതിന്റെ നിരാശ പ്രകടമാണ്. ഗംഭീർ ആകട്ടെ സഞ്ജുവിനെ അനുനയിപ്പിക്കുന്ന വിധമാണ് സംസാരിക്കുന്നത്. വീഡിയോയിൽ ഇരുവരുടെയും ശബ്ദം വ്യക്തമല്ല. എങ്കിലും ആരാധകർക്കിടയിൽ ഈ ദൃശ്യങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

സഞ്ജുവിനെ പുറത്തിരുത്താൻ കാരണം

അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യിലും സഞ്ജു പൂർണമായി നിരാശപ്പെടുത്തിയിരുന്നു. ഇതാണ് വൈഭവിനു അവസരം നൽകാൻ ടീം മാനേജ്‌മെന്റിനെ നിർബന്ധിതരാക്കിയത്. അയർലൻഡിനെതിരായ രണ്ട് ഇന്നിങ്സുകളിൽ 5, 0 എന്നിങ്ങനെയും, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ വെറും ഒരു റൺസുമാണ് നേടാനായത്. ഈ കണക്കുകളാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് ബെഞ്ചിലേക്ക് മാറ്റാൻ കാരണം. മാത്രമല്ല ഓഫ് സൈഡിനു പുറത്തുള്ള പന്തുകളിൽ പുറത്താകുന്ന താരത്തിന്റെ പിഴവും ടീം മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിച്ചു. തുടർച്ചയായി ഒരേ രീതിയിൽ പുറത്താകുമ്പോൾ എതിർ ടീം അതിനനുസരിച്ച് കരുക്കൾ നീക്കുന്നു. ഈ പിഴവ് താരത്തിനു തിരുത്താനും സാധിക്കുന്നില്ല. മറുവശത്ത് അഭിഷേക് ശർമ മികച്ച രീതിയിൽ കളിക്കുക കൂടി ചെയ്യുന്നതിനാൽ സഞ്ജുവിനെ അല്ലാതെ മറ്റാരെയും പ്ലേയിങ് ഇലവനിൽ നിന്ന് നീക്കാൻ സാധിക്കാത്ത അവസ്ഥയായി.

അവസരം നൽകുന്നതിൽ രണ്ട് തട്ട്

ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്ജു. ഐപിഎലിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഇന്നിങ്‌സുകൾ മാത്രം നോക്കി സഞ്ജുവിനെ പുറത്തിരുത്തരുതെന്ന അഭിപ്രായം തുടക്കത്തിൽ ടീം മാനേജ്‌മെന്റിൽ ഉണ്ടായിരുന്നു. അതിനാൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും അവസരം നൽകാനായിരുന്നു ആലോചന. പരിശീലകൻ ഗൗതം ഗംഭീറും സഞ്ജുവിനെ പിന്തുണച്ചിരുന്നു. പെട്ടന്നാണ് ഒന്നാം ടി20 മത്സരത്തിനു പിന്നാലെ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് നീക്കിയത്. ഇന്ത്യ എ ടീമിനു വേണ്ടിയും ഐപിഎലിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ വൈഭവിനെ തുടർന്നും ബെഞ്ചിൽ ഇരുത്തിയാൽ അത് വിമർശനങ്ങൾക്കു ഇടവരുത്തിയേക്കുമെന്ന വിലയിരുത്തലാണ് സഞ്ജുവിനെ നീക്കാൻ മാനേജ്‌മെന്റിനെ നിർബന്ധിതരാക്കിയതെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

India's decision to leave Sanju Samson out of the playing XI for the second T20I against England has sparked widespread discussion. The team handed a debut to 15-year-old Vaibhav Suryavanshi, who opened the innings alongside Abhishek Sharma. Reports suggest Sanju was unhappy about being dropped. Following the toss, captain Shreyas Iyer confirmed the change, while television cameras captured head coach Gautam Gambhir in conversation with Sanju during the pre-match warm-up.