Cricket

6 വര്‍ഷത്തെ അധ്വാനം! ദിവസവും നേരിട്ടത് 600 പന്തുകള്‍! വൈഭവിനെ മാറ്റിയെടുത്ത ആ കഠിന പരിശീലനം ഇങ്ങനെ!

വൈഭവിന്റെ കഠിന പരിശീലന രീതി വെളിപ്പെടുത്തി കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജ

Sports Desk

ഐപിഎല്ലില്‍ 237ന് മുകളില്‍ സട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടി, വെറും പതിനഞ്ചര വയസ്സില്‍ ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ് വിസ്മയം കണ്ട് ലോക ക്രിക്കറ്റ് ഇന്ന് അമ്പരന്നു നില്‍ക്കുകയാണ്. മൈതാനത്തിന്റെ നാലുപാടുകളിലേക്കും ഭയമില്ലാതെ പന്തുയര്‍ത്താന്‍ ഈ കൗമാരക്കാരന് എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജ വെളിപ്പെടുത്തിയ ആ പരിശീലന രീതി ഏതൊരു കായികതാരത്തിനും കണ്ണുതുറപ്പിക്കുന്നതാണ്.

ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും കൊണ്ട് ഒരു പ്രതിഭയെ എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റിയെടുക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് വൈഭവിന്റെ ഈ ആറുവര്‍ഷത്തെ കഠിന ശപഥം. പത്താം വയസ്സിലാണ് വൈഭവ് ടെന്നീസ് ബോളില്‍ നിന്നും ഹാര്‍ഡ് ബോളിലേക്ക് അഥവാ ലെതര്‍ ബോളിലേക്ക് മാറുന്നത്. അന്നുമുതല്‍ അക്കാദമിയില്‍ ആരംഭിച്ചതാണ് ദിവസവും എട്ട് മണിക്കൂര്‍ നീളുന്ന കഠിന പരിശീലനം.

രാവിലെ 7.30ന് പാഡണിഞ്ഞ് നെറ്റ്‌സിലിറങ്ങിയാല്‍ വൈകിട്ട് നാലു വരെ വൈഭവ് ബാറ്റ് ചെയ്തുകൊണ്ടേയിരിക്കുമായിരുന്നു. തങ്ങള്‍ ഒരിക്കലും പന്തുകള്‍ എണ്ണി നോക്കാറില്ലായിരുന്നുവെന്നും എങ്കിലും ഏറ്റവും കുറഞ്ഞ കണക്ക് കൂട്ടിയാല്‍ പോലും ദിവസവും അറുന്നൂറിലധികം പന്തുകള്‍ വൈഭവ് നേരിട്ടിട്ടുണ്ടെന്നും കോച്ച് മനീഷ് ഓജ സാക്ഷ്യപ്പെടുത്തുന്നു.

വര്‍ഷങ്ങളോളം ഇതേ വേഗതയിലും കൃത്യതയിലും ഒരേ കാര്യം ആവര്‍ത്തിച്ചു ചെയ്തതിലൂടെയാണ് വൈഭവിന്റെ ബാറ്റിങ്ങിൽ വിസ്മയകരമായ ആ മസില്‍ മെമ്മറി രൂപപ്പെട്ടത്. പന്തിന്റെ മെരിറ്റ് അനുസരിച്ച് ശരീരം സ്വയമേവ പ്രതികരിക്കുന്ന രീതിയിലേക്ക് അവന്റെ ബാറ്റിങ് സ്‌കില്‍ വളര്‍ന്നത് ഈ ആവര്‍ത്തനങ്ങളിലൂടെയാണ്.

600 പന്തുകള്‍ ഒരു ദിവസം നേരിടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അതിനായി അക്കാദമിയില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുന്നൂറോളം പന്തുകള്‍ കോച്ച് മനീഷ് ഓജ നേരിട്ട് തനിയെ ത്രോ ഡൗണുകളായി നല്‍കുകയായിരുന്നു പതിവ്. തുടര്‍ച്ചയായി പന്തെറിഞ്ഞ് കോച്ച് ക്ഷീണിക്കുമ്പോള്‍ അക്കാദമിയിലെ മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ആ ചുമതല ഏറ്റെടുക്കും. അവരും തളരുന്ന അവസ്ഥയില്‍ അക്കാദമിയിലെ പ്രധാന ബൗളര്‍മാരെ വൈഭവിനു മുന്നിലേക്കു നിയോഗിക്കും.

ബൗളര്‍മാരും പൂര്‍ണമായി തളര്‍ന്നു വീഴാതിരിക്കാന്‍ പിന്നീട് അവരെ രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിച്ച് കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയിക്കുകയാണ് ചെയ്തിരുന്നത്. ഇതിനെല്ലാം ശേഷവും സമയം ബാക്കിയുണ്ടെങ്കില്‍ ഒടുവില്‍ ബൗളിങ് മെഷീന് മുന്നില്‍ തളരാത്ത പോരാട്ടവീര്യത്തോടെ വൈഭവ് ബാറ്റിങ് തുടരുമായിരുന്നു.

വൈഭവിന്റെ ഈ കഠിന പരിശീലനത്തിനു പിന്നില്‍ കുടുംബത്തിന്റെ വലിയൊരു ത്യാഗത്തിന്റെ കഥയുമുണ്ട്. ബിഹാറിലെ സമസ്തിപൂരില്‍നിന്ന് പട്‌നയിലെ അക്കാദമിയിലേക്കു ദിവസവും രണ്ടര മണിക്കൂറോളം വണ്‍വേ ഡ്രൈവ് ചെയ്താണ് അച്ഛന്‍ സഞ്ജീവ് മകനെ എത്തിച്ചിരുന്നത്. ഈ യാത്രയ്ക്കായി പുലര്‍ച്ചെ രണ്ടിന് എഴുന്നേറ്റ് വൈഭവിനും അച്ഛനും അക്കാദമിയിലെ മറ്റ് നെറ്റ് ബൗളര്‍മാര്‍ക്കും ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മ ആരതിയുടെ കഠിനാധ്വാനവും ഈ വിജയത്തിന് പിന്നിലുണ്ട്.

ഈ കഠിനമായ ആറു വര്‍ഷമാണ് ഇന്ന് യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വൈഭവ് സൂര്യവംശിയെ എത്തിച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകം ഇതിഹാസങ്ങളെന്ന് വിളിച്ച പലരും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ കാഴ്ചവച്ച അതേ കഠിനാധ്വാനത്തിന്റെ പാതയിലാണ് ഈ പതിനഞ്ചുകാരനും ഇപ്പോള്‍ സഞ്ചരിക്കുന്നത്.

Vaibhav Suryavanshi's rise to Indian cricket is the result of six years of extraordinary dedication. Since the age of 10, he has trained for nearly eight hours a day, facing more than 600 balls daily to build exceptional batting skills and muscle memory. His journey was supported by immense sacrifices from his parents, whose commitment helped him earn a place in India's senior squad at just 15 years old.