വിരാട് കോലി മുതൽ ശുഭ്മാൻ ഗിൽ വരെ ലോകോത്തര താരങ്ങൾ അണിനിരന്ന ലീഗിൽ 15 കാരനായ അൺക്യാപ്ഡ് 'പയ്യൻ' ചരിത്രം രചിക്കുന്നു. ഈ സീസണിൽ ക്രിക്കറ്റ് ആരാധകർ വിസ്മയത്തോടെ കണ്ടിരുന്നു രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ് വെടിക്കെട്ട്.
രണ്ടാം ക്വാളിഫയറിൽ തോറ്റ് ഫൈനൽ കാണാതെ പുറത്തായെങ്കിലും രാജസ്ഥാനെ ഇവിടെ വരെ എത്തിച്ചത് വൈഭവിന്റെ അസാധ്യ പ്രകടനമാണ്. സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം (MVP) വൈഭവ് സൂര്യവൻശിയാണ്.
ഏറ്റവും കൂടുതൽ റൺസോടെ ഓറഞ്ച് ക്യാപ്പ്, സീസണിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റിനുള്ള സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദ് സീസണിൽ, ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയതിന് സൂപ്പർ സിക്‌സസ് ഓഫ് ദ് സീസൺ, എമർജിങ് പ്ലെയർ തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം വൈഭവ് സ്വന്തമാക്കി.
16 കളികളിൽ നിന്ന് 237.31 സ്‌ട്രൈക് റേറ്റിൽ 776 റൺസാണ് വൈഭവ് നേടിയത്. 48.50 ആണ് ശരാശരി. 72 സിക്‌സുകളും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിനെ മറികടന്ന് വൈഭവ് സ്വന്തമാക്കി. മൂന്ന് തവണയാണ് സെഞ്ചുറിക്കു തൊട്ടരികെ വൈഭവ് പുറത്തായത്. ഈ സീസണിൽ അഞ്ച് അർധ സെഞ്ചുറികളാണ് വൈഭവ് നേടിയിരിക്കുന്നത്.
പുരസ്‌കാര ദാന ചടങ്ങിനു ശേഷം വിരാട് കോലി വൈഭവിന്റെ അരികിലേക്ക് എത്തി. ഈ സീസണിലെ പെർഫോമൻസിൽ വൈഭവിനു കോലിയും കൊടുത്തു 'ഗുഡ് സർട്ടിഫിക്കറ്റ്'. താരത്തെ ചേർത്തുപിടിച്ചാണ് കോലി സംസാരിച്ചത്. ഈ സമയത്ത് ഗാലറിയിൽ നിന്ന് വലിയ ആരവമുയർന്നു.
ഇത് അഭിമാന നിമിഷമാണെന്നും അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനത്തിനായി ശ്രമിക്കുമെന്നും വൈഭവ് പറഞ്ഞു. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുമെന്നും വൈഭവ് പറഞ്ഞു.
English Summary: Although Rajasthan were knocked out before the final after losing the second qualifier, it was Vaibhav’s extraordinary performances that carried the team this far. Vaibhav Suryavanshi was named the season’s Most Valuable Player (MVP). He also swept multiple awards, including the Orange Cap for most runs, Super Striker of the Season for the highest strike rate, Super Sixes of the Season for hitting the most sixes, and Emerging Player of the Season.