ഇന്ത്യൻ ഹോക്കി ടീമിന്റെ നീല നിറത്തിലുള്ള ജേഴ്സി കാവി നിറത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. നിറം മാറ്റിക്കൊണ്ട് ഉത്തരവിറക്കുന്നതിന്റെ വെറും രണ്ട് മണിക്കൂർ മുമ്പാണ് താൻ അടക്കമുള്ള ഭാരവാഹികൾക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതെന്ന് ഇന്ത്യൻ ഹോക്കി ടീം പ്രസിഡന്റ് ദിലീപ് ടിർക്കി ആരോപിച്ചു. ഏത് സാഹചര്യത്തിലാണ് ജേഴ്സിയുടെ നിറം മാറ്റാൻ തീരുമാനിച്ചതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയ്ക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്.
നിറം മാറ്റി ഉത്തരവിറക്കിയ ജൂലൈ 27ന് രാവിലെ എട്ട് മണിയോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ദിലീപ് ടിർക്കി പറഞ്ഞു. രാവിലെ 11 മണിക്ക് ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി മാധ്യമങ്ങളിലൂടെ പുറത്തിറക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം അന്തിമമായി എടുത്തതിന് ശേഷമാണോ തങ്ങളെ വിവരം അറിയച്ചതെന്നും എന്തുകൊണ്ടാണ് തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രസിഡന്റിന്റെയും മറ്റ് ഭാരവാഹികളുടെയും അഭിപ്രായം തേടാതിരുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാല് ദിവസത്തിനിടെ രണ്ടാമത്തെ മെയിലാണ് പ്രസിഡന്റ് ആർ.കെ. ശ്രീവാസ്തവയ്ക്ക് അയക്കുന്നത്.
അടുത്താഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി പുരുഷ-വനിതാ ടീമുകളുടെ ജേഴ്സി കാവി നിറത്തിലേക്ക് മാറ്റിയതായി ഇന്ത്യൻ ഹോക്കി ടീം ഉത്തരവിറക്കിയതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. 1928-ലെ ഒളിമ്പിക് അരങ്ങേറ്റം മുതൽ ഇന്ത്യൻ ടീമിന്റെ പ്രധാന ഭാഗമായിരുന്ന നീല ജേഴ്സി വളരെ അപൂർവ സന്ദർഭങ്ങളിൽ മാത്രമായിരുന്നു നിറം മാറ്റിയത്.
ജേഴ്സിയുടെ നിറം മാറ്റത്തിന് പിന്നാലെ കടുത്ത വിമർശനമാണ് മുൻ താരങ്ങളിൽ നിന്നും ഉയർന്നത്. പിന്നാലെ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. ഇന്തയുടെ ഹോക്കി ടീം പ്രസിഡന്റായ തന്നോട് പോലും കൂടിയാലോചന നടത്താതെയാണ് അന്തിമ തീരുമാനം എടുത്തതെന്നും ടിർക്കി നേരത്തെ ആരോപിച്ചിരുന്നു.
ഇന്ത്യൻ ഹോക്കി ടീം ഫെഡറേഷനിൽ നിന്ന് രാഷ്ട്രീയം മാറ്റി നിർത്തണമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. ഇതിന്റെ വിശാലമായ പ്രത്യാഘാതങ്ങൾ വിലയിരുത്തിയതിന് ശേഷമാണോ ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷൻ എത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ചില പ്രധാന ചോദ്യങ്ങളും അദ്ദേഹം ഫെഡറേഷന് മുന്നിലേക്ക് വെച്ചു. താരങ്ങളുടെ തയ്യാറെടുപ്പിനെയും പ്രകടനത്തെയും ഇത് ബാധിക്കുമോയെന്ന് വിലയിരുത്തിയിരുന്നോ എന്ന് ടിർക്കി ചോദിച്ചു. മാധ്യമ ശ്രദ്ധയും പൊതു ചർച്ചയും വർധിക്കാനുള്ള സാധ്യത പരിഗണിച്ചോയെന്നും കളിക്കാരുമായി കൂടിയാലോചന നടത്തിയിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോക്കി ഇന്ത്യയുടെ ആദ്യ വിശദീകരണത്തിൽ ദേശീയ ടീമുകളിലെ എല്ലാ താരങ്ങളുമായും ചർച്ച നടത്തിയെന്നായിരുന്നു അവകാശവാദം. എന്നാൽ ഇത് പൂർണമായും നിഷേധിക്കുകയാണ് ടിർക്കി ചെയ്തത്. ജേഴ്സിയുടെ നിറമോ ഡിസൈനോ മാത്രമല്ല പ്രശ്നമെന്നും അദ്ദേഹം തന്റെ മെയിലിൽ കൂട്ടിച്ചേർത്തു.
ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്ന ആർ.കെ. ശ്രീവാസ്തവയുടെ വിശദീകരണവും ടിർക്കി തള്ളിക്കളഞ്ഞു. മത്സരത്തിനായി തയ്യാറെടുക്കേണ്ട നിർണായക ഘട്ടങ്ങളിൽ താരങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന് കാരണമാകുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന് ജേഴ്‌സി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആവർത്തിച്ച് മറുപടി നൽകേണ്ട സാഹചര്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം താരങ്ങളുടെ ശ്രദ്ധയെയും മാനസിക തയ്യാറെടുപ്പിനെയും ടൂർണമെന്റ് ഒരുക്കങ്ങളെയും ബാധിക്കുമെന്ന് ടിർക്കി ചൂണ്ടിക്കാട്ടിയത്. ഇത്തരം ചോദ്യങ്ങളിൽ രേഖാമൂലം മറുപടി നൽകണമെന്നാണ് ദിലീപ് ടിർക്കി ഫെഡറേഷനോട് ആവശ്യപ്പെട്ടത്.
Hockey India President Dilip Tirkey has sought an explanation over the controversial decision to change the Indian hockey team's traditional blue jersey to saffron, claiming he and other officials were informed only two hours before the public announcement. In an email to Executive Director R.K. Srivastava, Tirkey questioned the decision making process, asking whether the executive board and office-bearers were ever consulted before the change was finalized.