സൗദിയിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ ഇന്നലെ ആഘോഷ രാവായിരുന്നു. അഞ്ച് വര്‍ഷത്തിനുശേഷം ഷെല്‍ഫിലേക്ക് മടങ്ങിയെത്തിയ ലീഗ് കിരീടം ഇതിഹാസ നായകന്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും ഉയര്‍ത്തിയപ്പോള്‍ ഗാലറി അലറി വിളിച്ചു. പകാത വീശിയും പാട്ടുപാടിയും ആഘോഷംനിറഞ്ഞ ഗാലറിയിലേക്ക് പക്ഷെ മറ്റൊരു ഹൃദയ ഭേദകരമായ വാര്‍ത്തയും എത്തി. പ്രിയപ്പെട്ട പരിശീലകന്‍ ക്ലബ് വിടുന്നു. ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കോച്ചിന്റെ പൊടുന്നനെയുള്ള മടക്കവാര്‍ത്ത ആഘോഷത്തിനിടയില്‍ കണ്ണീരോടെയാണ് കാണികള്‍ സ്വീകരിച്ചത്.
ക്രിസ്റ്റാനോ റൊണാള്‍ഡോയെയും ക്ലബിനേയും കിരീടത്തിലേക്ക് നയിച്ച് താന്‍ മടങ്ങുകയാണെന്നാണ് പരീശീലകന്‍ ജോര്‍ജ് ജീസസ് ഇന്നലെ അറിയിച്ചത്. റൊണോള്‍ക്ക് കിരീടം നേടിക്കൊടുത്ത് തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും പോര്‍ച്ചുഗീസ് പരിശീലകന്‍ പറഞ്ഞു. ക്ലബിലെത്തി നാല് വര്‍ഷമായിട്ടും ലീഗ് കിരീടം നേടാനാകാത്തതിനൊരു പരിഹാരമായായിരുന്നു അല്‍ഹിലാലില്‍നിന്ന് ജീസസിനെ ക്ലബ് അല്‍നസറിലെത്തിച്ചത്. ജോയിന്‍ ചെയത വര്‍ഷംതന്നെ ലീഗ് കിരീടം ചൂടി അഭിമാനത്തോടെതന്നെയാണ് പരിശീലകന്‍ ക്ലബ് വിടുന്നതും.
1954 ല്‍ പോര്‍ച്ചുഗലില്‍ ജനിച്ച 'ജോര്‍ജ് ഫെര്‍ണാണ്ടോ പിന്‍ഹെയ്റോ ഡി ജീസസ്' റൈറ്റ് മിഡ്ഫീല്‍ഡറായി പോര്‍ച്ചുഗീസ് ക്ലബുകള്‍ക്കുവേണ്ടി ബൂട്ട് കെട്ടിയിരുന്നു. പോര്‍ച്ചുഗീസ് ക്ലബായ അമോറയെ പരിശീലിപ്പിച്ചാണ് 1990 ലാണ് പരിശീലക സ്ഥാനത്തേക്ക് കടന്നുവന്നത്. ആക്രമണാത്മക ശൈലി, ടാക്ടിക്കല്‍, ടച്ച്ലൈന്‍ വൈബ് എന്നിവയിലെ തന്റെ സ്വതസിദ്ധമായ തന്റെ മികവുകൊണ്ട് പ്രസിദ്ധമായ ജീസസിനെ പിന്നീട് കായിക ലോകം കാണുന്നത് യൂറോപ്, സൗത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റിലുമൊക്കെയും ടീമുകള്‍ക്കൊപ്പം കപ്പുയര്‍ത്തുന്നതായിരുന്നു.
ആദ്യം ചെറിയ പോര്‍ച്ചുഗീസ് ക്ലബുകളെ പരിശീലിപ്പിച്ച ജീസസിനെ 2009ല്‍ പോര്‍ച്ചുകല്‍ ക്ലബായ ബെനിഫികയില്‍ സൈന്‍ ചെയ്ത ശേഷമാണ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബെനിഫികയോടൊപ്പമുണ്ടായിരുന്ന ആറ് സീസണില്‍ മൂന്ന് ലീഗ് ഉള്‍പ്പെടെ പത്ത് കിരീടങ്ങളാണ് ഷെല്‍ഫിലേക്കെത്തിച്ചത്. ബെനിഫികയെ രണ്ട് തവണ യൂറോപ്പ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ബെന്‍ഫിക്കയെ ആധുനിക പോര്‍ച്ചുഗീസ് ഫുട്‌ബോളിലെ ടോപ് ക്ലാസ് ടീമുകളിലൊന്നായി മാറ്റിയത് ജീസസ് ആയിരുന്നു.
2019 ല്‍ ബ്രസീലിലെ ഫ്‌ലമെംഗോ ടീം പരിശീലകനായെത്തി ടീമിനെ ലോകോത്തര നിരവാരത്തിലെത്തിച്ച ചരിത്രവും ജീസസിന് പറയാനുണ്ട്. ടീമന്റെ ശൈലിതന്നെ പൊട്ടിച്ച് അക്രമണോത്സുക ടാക്റ്റിസ് നടപ്പിലാക്കുകയാണ് അവിടെയും ചെയ്തത്. ആ ഒറ്റ സീസണില്‍തന്നെ ടീമിന് കോപ്പ ലിബര്‍ട്ടഡോറസ്, ബ്രസീലിയന്‍ സീരി എ, സൂപ്പര്‍കോപ്പ ഡോ ബ്രസില്‍ എന്നീ കിരീടങ്ങളും നേടിക്കൊടുത്ത് പരിശീലകന്‍ നെഞ്ചുവിരിച്ചുനിന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ സൈനിങ്ങോടുകൂടി ലോക ശ്രദ്ധനേടിയ സൗദി ലീഗിലേക്ക് 2023ലാണ് ജീസസിന്റെ പ്രവേശനം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഹിലാലിന്റെ വിജയക്കുതിപ്പ് തുടരാന്‍ ജീസസിന് തന്റെ പാടവം ധാരളമായിരുന്നു. രണ്ട് സീസണിലായി സൗദി പ്രൊ ലീഗ്, കിങ് കപ്പ്, രണ്ട് സൗദി സൂപ്പര്‍ കപ്പുള്‍പ്പെടെ നാല് മേജര്‍ ട്രോഫികളാണ് ഹിലാലിനായി ജിസസ് നേടിയെടുത്തത്.
റൊണാള്‍ഡോ, സാദിയോ മാനെ തുടങ്ങി താരപരിവേഷങ്ങളുള്ള അല്‍നസറിന് പക്ഷെ കിരീടമാത്രം നേടാനാകാതെ കിതച്ച സമയത്താണ് അല്‍ ഹിലാലില്‍നിന്ന് ജീസസിനെ നസര്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത്. പ്രതീക്ഷിച്ചതുപോലെതന്നെ ജോയിന്‍ ചെയ്ത സീസണില്‍തന്നെ കിരീടം അല്‍ അവ്വാല്‍ പാര്‍ക്കിലെത്തിച്ച് തലയെടുപ്പോടെയാണ് ജീസസ് മടങ്ങുന്നത്. 2018-19 സീസണിലാണ് അല്‍ നസര്‍ അവസാനമായി സൗദി പ്രൊ ലീഗ് ജേതാക്കളായത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ റണ്ണറപ്പായാണ് ഇത്തവണ അല്‍നസര്‍ സീസണ്‍ അവസാനിപ്പിക്കുന്നത്.
2026 ലോകകപ്പിനുശേഷം പോര്‍ച്ചുഗല്‍ ദേശീയ പരിശീലകനാവുകയെന്ന ലക്ഷ്യത്തോടെയാണ് ജീസസ് സൗദി വിടുന്നത്. തുര്‍ക്കിഷ് ക്ലബ്ബ് ഫെനെര്‍ബാഷെയില്‍നിന്നും അദ്ദേഹത്തിന് ഓഫര്‍ ഉണ്ട്.
English Summary: Al-Nassr FC celebrated their Saudi Pro League title at Al Awwal Park, but fans turned emotional after coach Jorge Jesus announced his departure. Jesus said he had completed his mission by helping Cristiano Ronaldo and Al-Nassr win the league in his first season. The Portuguese coach previously won major trophies with S.L. Benfica, CR Flamengo and Al Hilal SFC. Al-Nassr signed him from Al Hilal to end their long wait for the Saudi league title, and he succeeded immediately.