Sports News

ചെന്നൈയിലേക്ക് ചേക്കേറാൻ ഹർദിക് പാണ്ഡ്യെ?; ക്യാപ്റ്റൻ ഋതുവിന് തിരിച്ചടി, നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന സഞ്ജുവിന്

പാണ്ഡ്യെ വന്നാലും സഞ്ജുവിന്‍റെ സ്ഥാനത്തിന് മാറ്റങ്ങളൊന്നുമുണ്ടാവില്ല

Sports Desk

ചെന്നൈ: 2027 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് നിർണായക മാറ്റങ്ങൾക്കൊരുങ്ങുതായി സൂചന. നായക സ്ഥാനത്തുനിന്ന് ഋതുരാജ് ​ഗെയ്ക്വാദിന് മാറ്റി മറ്റൊരാളെ ദൗത്യമേൽപ്പിക്കാൻ മാനേജ്മെന്റ് തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് സൂചന. നായകസ്ഥാനത്തേക്ക് പരിചയസമ്പന്നനായ സഞ്ജു സാംസണിനാണ് പ്രഥമ പരി​ഗണന. എന്നാൽ ​മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യെയെ ചെന്നൈയിലെത്തിക്കാനുള്ള കരുനീക്കങ്ങളും അണിയറയിൽ സജീവമാണ്. മുംബൈ വിട്ട് സിഎസ്കെയിലെത്തിയാൽ ഹർദിക് നായകസ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. അതേസമയം ഇക്കാര്യത്തിൽ ഒദ്യോ​ഗിക സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ​ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശനെയും ടീമിലെത്തിക്കാൻ സിഎസ്കെ നീക്കങ്ങൾ നടത്തുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.

മഹേന്ദ്ര സിങ് ധോണിയുമായി മാനേജ്മെന്റ് പടലപിണക്കത്തിലാണെന്നും അടുത്ത സീസണിൽ ധോണി ഉൾപ്പെടെ നിർണായക പദവിയിലിരിക്കുന്ന പലരും ടീമിൽനിന്ന് മറ്റൊരു കൂടാരത്തിലേക്ക് ചേക്കേറുമെന്ന സാധ്യതകളും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. ​ഗെയ്ക്വാദിനെ നായകനാക്കാനുള്ള തീരുമാനം പൂർണ പരാജയമാണെന്ന വിലയിരുത്തലും മാനേജ്മെന്റിലെ ചിലർക്കുണ്ട്. ഒടുവിൽ സീസണിന് പകുതി വഴിയിൽ നായകനെ മാറ്റുന്നത് ടീമിന് ​ഗുണം ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

സഞ്ജു സാംസൺ നായക സ്ഥാനത്തേക്കും സായി സുദർശനും ഹർദിക് പാണ്ഡ്യെയും ടീമിലേക്കും എത്തിയാൽ ശിവം ദുബെ ഉൾപ്പെടെയുള്ളവരുടെ സ്ഥാനവും ത്രിശങ്കുവിലാകും. സീസണിൽ മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും കോൺ​ട്രാക്ടിൽനിന്ന് ഒഴിവാക്കി അടുത്ത സീസണിനെ നേരിടാനാണ് ചെന്നൈ പദ്ധതിയിടുന്നത്.

മോശം ഫോമിലുള്ള നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്നും അടുത്ത ലേലത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാൻ നോക്കണമെന്നും ക്രിക്കറ്റ് നിരീക്ഷകനും മുൻ താരവുമായ ശ്രീകാന്ത് കൃഷ്ണാചാരി കഴി‍ഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് വെറും 28.08 ശരാശരിയിൽ 337 റൺസ് മാത്രമാണ് ഋതുവിന്റെ സമ്പാദ്യം. സ്ട്രൈക് റേറ്റും ശരാശരി(123.44) മാത്രമാണെന്നത് കൂടുതൽ ആശങ്ക ഉയർത്തുന്ന കാര്യമാണ്. 2021, 2023 സീസണുകളിൽ ചെന്നൈയെ വിജയത്തിലെത്തിച്ചത് ഋതുരാജിന്റെ പ്രകടനമാണ്. പക്ഷേ അന്നത്തെ താരത്തിന്റെ നിഴൽപോലുമാവാൻ ഇന്ന് ഋതുവിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

English Summary: Chennai Super Kings are reportedly considering major changes ahead of the 2027 IPL season, including replacing captain Ruturaj Gaikwad. Sanju Samson is said to be the frontrunner for leadership, while rumors also link Hardik Pandya and Sai Sudharsan with potential moves to Chennai.