

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂര്യകുമാര്‍ യുഗം അവസാനിക്കുന്നുവെന്ന സൂചനകള്‍ക്ക് വ്യക്തത കൈവരുന്നു. ടി20 നായക പദവിയില്‍നിന്ന് സൂര്യകുമാറിനെ മാറ്റി ശ്രേയസ്സ് അയ്യരെ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫോമില്ലെത്താന്‍ വിഷമിച്ച ടി20 ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ പുറത്താക്കിയതിന് സമാനമായിട്ടായിരിക്കും സൂര്യയുടെ പടിയിറക്കമെന്നാണ് സൂചന. ശ്രേയസ്സ് എത്തുന്നതോടെ സൂര്യയുടെ നാലാം നമ്പര്‍ സ്ഥാനവും കൈമാറേണ്ടിവരും. ഇതോടെ താരത്തിന് ടീമിലിടം നഷ്ടമാകും.
ലോകകപ്പ് നേടിയത് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീമാണെങ്കിലും സമീപകാലത്തെ താരത്തിന്റ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ല. മറുവശത്ത് നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ശ്രേയസ്സ് ഐപിഎല്‍ സീസണില്‍ പുലര്‍ത്തുന്ന മികവ് ശ്രദ്ധ പിടിച്ചുപറ്റുന്നുമുണ്ട്. ഐപിഎല്ലിലെ സമീപകാല സീസണിലെല്ലാം ശ്രേയസ്സ് അയ്യരുടെ സ്ഥിരത മുന്‍പും സമാനരീതിയില്‍ ആരാധകരുടെയും നിരീക്ഷകരുടെയും പിന്തുണ പിടിച്ചുപറ്റിയിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് തുടങ്ങിയ ടീമുകളെ നയിച്ച അനുഭവസമ്പത്ത് ശ്രേയസിന് കൈമുതലായിട്ടുണ്ട്. 12 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് ശേഷം കൊല്‍ക്കത്തയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയതും ശ്രേയസ്സാണ്. തൊട്ടടുത്ത സീസണില്‍ 12 വര്‍ഷത്തിന് ശേഷം പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചു. ഇപ്പോള്‍ പുരോഗമിക്കുന്ന സീസണില്‍ പോയിന്റ് ടേബിളില്‍ രണ്ടാമതാണ് പഞ്ചാബ് കിങ്‌സ്.
ലോകകപ്പിന് ശേഷവും വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താന്‍ സൂര്യകുമാറിന് സാധിക്കാതെ വന്നതോടെയാണ് നായക ചര്‍ച്ചകള്‍ സജീവമാകുന്നത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ഋഷഭ് പന്തിനെയും മാറ്റി സഞ്ജു സാംസണെ ടീമിലെടുക്കാനുള്ള സാധ്യതകളും ഇതോടൊപ്പം വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. സഞ്ജുവിന്റെ ടി20 മികവ് ഏകദിനത്തിലും ആവര്‍ത്തിക്കാനാവുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍, പന്ത് തുടരുന്നതും പുതിയ നീക്കത്തിന് പിന്നിലെ കാരണങ്ങളിലൊന്നാണ്.
Summary: Speculation is growing around the future of Suryakumar Yadav in India’s T20 setup, with reports suggesting he could be replaced as captain by Shreyas Iyer. Despite leading India to a World Cup title, Suryakumar’s recent inconsistency has raised concerns among selectors.