Sports News

'​ഗില്ലിന്റെ ആത്മധൈര്യം ചോർന്നു പോയിരിക്കുന്നു തോൽവി സമ്മതിച്ച് പിന്മാറുന്നതാണ് നല്ലത്'; രൂക്ഷ വിമർശനവുമായി സെവാഗ്

ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം വല്ലാതെ പതറുന്നത് കണ്ട മുൻ താരം വീരേന്ദർ സെവാഗ്, ഗില്ലിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിലെ ഗില്ലിന്റെ കണക്കുകൂട്ടലുകളെയാണ് സെവാഗ് ചോദ്യം ചെയ്തത്.

Sports Desk

ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നേരിട്ട പരാജയത്തിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. നിർണ്ണായക നിമിഷങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഗില്ലിന് പിഴവ് പറ്റിയെന്നും മത്സരത്തിൽ ജയിക്കാനുള്ള പോരാട്ടവീര്യം ഗിൽ കൈവിട്ടെന്നും സെവാഗ് തുറന്നടിച്ചു

സെവാഗിന്റെ വാക്കുകൾ

നിർണ്ണായകമായ അവസാന മൂന്ന് ഓവറുകളിൽ 22-25 റൺസ് വേണ്ടിയിരുന്ന സമയത്ത് മുഹമ്മദ് സിറാജിനെപ്പോലൊരു ബൗളറെ പരീക്ഷിക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നെങ്കിൽ കളിയുടെ ഗതി മാറിയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ലക്ഷ്യം അന്തിമ രണ്ട് ഓവറിൽ 20 റൺസ് എന്ന നിലയിലേക്ക് ചുരുങ്ങുകയും മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവിടെ കളി 20-ാം ഓവർ വരെ പോലും എത്തിയില്ല എന്നതാണ് വാസ്തവം. നിർണ്ണായക ഘട്ടത്തിൽ ധീരമായ തീരുമാനങ്ങൾ എടുക്കാൻ ശുഭ്മൻ ഗില്ലിന് സാധിച്ചില്ലെന്ന് മാത്രമല്ല, പരാജയം നേരത്തെ സമ്മതിച്ചതുപോലെയാണ് അദ്ദേഹത്തിന്റെ ശരീരഭാഷ തോന്നിച്ചത്

നായകൻ എന്ന നിലയിൽ ഗില്ലിന്റെ കണക്കുകൂട്ടലുകളിലും പിഴവ് സംഭവിച്ചു. പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും റൺസ് വഴങ്ങേണ്ടി വന്നിട്ടുണ്ടാകാം, പക്ഷേ അവരെ തിരികെ കൊണ്ടുവരേണ്ടത് ക്യാപ്റ്റന്റെ ചുമതലയാണ്. രണ്ട് ഓവറിൽ 31 റൺസ് വഴങ്ങിയതുകൊണ്ട് മാത്രം ഒരു ബൗളറെ പിന്നെ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുന്നത് ആത്മവിശ്വാസമില്ലായ്മയാണ്. അതിനർത്ഥം നിങ്ങൾ തോൽവി സമ്മതിച്ചു എന്നാണ്. അവിടെയാണ് ഗില്ലിന് തെറ്റ് പറ്റിയത്

IPL 2026 ൽ ഗുജറാത്ത് ടൈറ്റൻസ് ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം മൂന്ന് വിജയങ്ങൾ മാത്രം സ്വന്തമാക്കി നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താനുള്ളത്. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ബൗളർമാർ ഉണ്ടായിട്ടും ആർസിബി ബാറ്റർമാരെ തളയ്ക്കാൻ ഗുജറാത്തിനായില്ല. ഈ സീസണിൽ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഡെത്ത് ഓവറുകളിലെ ഈ പതർച്ച ഗുജറാത്തിന് വലിയൊരു തലവേദനയായി തുടരുകയാണ്.ആർസിബിക്കെതിരെ മികച്ച സ്കോർ ഉയർത്താൻ സാധിക്കാതിരുന്നതും ബൗളിംഗിലെ പാളിച്ചകളുമാണ് ഗില്ലിനെ വിമർശനത്തിന് ഇരയാക്കിയത്.

English Summary: Virender Sehwag has strongly criticized Shubman Gill after Gujarat Titans’ defeat to RCB in IPL 2026. Sehwag questioned Gill’s captaincy decisions, stating a lack of confidence and poor tactical choices in crucial death overs cost the team the match