Sports News

ലെവന്റോസ്‌കി മുതല്‍ ഡോണരുമ്മയും സോബോസ്ലായും; ലോകകപ്പില്‍ പന്തുതട്ടാന്‍ അവസരം ലഭിക്കാത്ത രാജ്യങ്ങളിലെ സൂപ്പർതാരങ്ങള്‍ ഇവരാണ്

ഇറ്റളി, പോളണ്ട്, ഹം​ഗറി തുടങ്ങിയ ടീമുകളൊന്നും 2026 ലോകകപ്പിനില്ല

Sports Desk

ലോകകപ്പ് കിക്കോഫിന് 18 നാള്‍ മാത്രമാണ് ശേഷിക്കുന്നത്. കായികലോകം മുഴുവന്‍ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ഒരുക്കത്തിലാണ്. നിലവില്‍ ക്ലബുകള്‍ക്ക് ഒപ്പമുള്ള താരങ്ങള്‍ ജൂണ്‍ രണ്ടുമുതല്‍ അമേരിക്കയിലെത്തി പരിശീലനം തുടങ്ങും. മത്സരിക്കാനുള്ള ഫൈനല്‍ സ്‌ക്വാഡിനെ ജൂണ്‍ ഒന്നിനുമുമ്പ് പ്രഖ്യപിക്കണമെന്നാണ് ഫിഫ ടീമുകളെ അറിയിച്ചിരിക്കുന്നത്.

പരിക്കുമൂലവും യോഗ്യത നേടാന്‍ കഴിയാത്തതുകൊണ്ടും ഫോമില്ലാഴ്മകൊണ്ടും ലോകകപ്പില്‍ പങ്കെടുക്കാനാകാത്ത പ്രമുഖ താരങ്ങള്‍ ഇക്കുറിയുമുണ്ട്.

രാജ്യത്തിനായി കളിക്കാന്‍ സാധിക്കാത്ത പ്രധാനതാരങ്ങള്‍ ഇവരാണ്.

റോബര്‍ട്ട് ലെവന്റോസ്‌കി

191 മത്സരങ്ങളില്‍നിന്ന് 119 ഗോളുകളടിച്ചുകൂട്ടി കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍നിന്ന് വിടപറഞ്ഞ ലെവന്റോസ്‌കി 2026 ലോകകപ്പിന്റെ വലിയ നഷ്ടങ്ങളിലൊന്നാകും. യോഗ്യത മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇത്തവണ പോളണ്ട് പുറത്തുപോയത്. 2022 ഖത്തര്‍ വേള്‍ഡ്കപ്പില്‍ റൗണ്ട് പതിനാറില്‍ ഇടംപിടിച്ച പോളണ്ടിന് പക്ഷെ, 2026 ലോകകപ്പില്‍ പ്രവേശിക്കാനായില്ല. രാജ്യത്തിനും ക്ലബുകള്‍ക്കുമായി 700ലധികം ഗോളുകള്‍ അടുച്ചുകൂട്ടിയ ലെവന്റോസ്‌കിയെ ഇത്തവണ കാണികള്‍ക്ക് ലാേകകപ്പില്‍ കാണാനാകില്ല.

ജിജിയോ ഡൊണാരുമ്മ

പിഎസ്ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുകയും ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ റണ്ണറപ്പാക്കുകയും ചെയ്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡൊണാരുമ്മയും ലോകകപ്പിനില്ല. 2006ലെ ലോകകപ്പ് ചാമ്പ്യന്‍മാര്‍ പക്ഷെ, 2014മുതല്‍ വേള്‍ഡ്കപ്പ് കളം കണ്ടിട്ടില്ല.

സാന്റ്രോ ടൊനാലി

പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ മിഡ്ഫീല്‍ഡറായ സാന്റ്രോ ടൊനാലിയും ഇറ്റലി താരമാണ്. കളിയുടെ താളം നിയന്ത്രിക്കാന്‍ കെല്‍പുള്ള ടൊനാലിയെ പുതിയ പിര്‍ളോ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കാറുണ്ട്. എസി മിലാനൊപ്പം 2021-22 സീസണില്‍ താരം സീരി എ കിരീടം നേടിയിട്ടുണ്ട്.

വിക്ടര്‍ ഒസിംഹെന്‍

നാപ്പോളിയെ 33 വര്‍ഷത്തിനുശേഷം സീരീ എ കിരീടത്തിലേക്ക് നയിച്ച നൈജീരിയന്‍ സ്‌ട്രൈക്കറാണ് വിക്ടര്‍ ഒസിംഹെന്‍. സീരീ എയില്‍ ടോപ് സ്‌കോററാകുന്ന ആദ്യ ആഫ്രിക്കന്‍ താരമാണ് ഒസിംഹെന്‍. യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ട നൈജീരിയ 2026 ലോകകപ്പില്‍ ഉണ്ടാകില്ല.

അദെമോല ലുക്മാന്‍

ഇറ്റാലിയന്‍ ക്ലബ്ബായ അറ്റലാന്റക്കായി കളിച്ച നൈജീരിയന്‍ താരമായ ലുക്മാന്‍ 2023-24 യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ ബയേണ്‍ ലെവര്‍കൂസനെതിരെ ഹാട്രിക് നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലാലിഗയിലെ അറ്റ്‌ലറ്റിക്കോ മാഡ്രിഡിലേക്ക് 360 കോടി രൂപക്ക് സ്‌ട്രൈക്കര്‍ ചേക്കേറിയിരുന്നു.

ഖിച്ച ക്വറസ്‌കേല

ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ ജോര്‍ജിയ താരമാണ് ഖിച്ച ക്വറസ്‌കേല. ഈ സീസണില്‍ പിഎസ്ജിയെ ഫൈനലിലേക്കെത്തിക്കുന്നതില്‍ പങ്കുവഹിച്ച ക്വറസ്‌കേല 18 ഗോളുകള്‍ നേടിയിട്ടുണ്ട്. നാപ്പോളിയെ സീരീ എ കിരീടത്തിലേക്കെത്തിച്ച പ്രധാന താരങ്ങളില്‍ ഒരാളാണ് ഖിച്ച ക്വറസ്‌കേല.

ഡൊമിനിക് സോബോസ്ലായ്

യോഗ്യതാ റൗണ്ടില്‍ പുറത്തായി ലോകകപ്പ് 2026 നഷ്ടമായ മറ്റൊരു സൂപ്പര്‍ താരമാണ് ഹം​ഗറിയുടെ സോബോസ്ലായ്. ലിവര്‍പൂളില്‍ നിലവിലെ സീസണില്‍ പ്രധാന താരമായിരുന്നു ഈ ഫ്രീകിക്ക് ലെജന്റ്. കൃത്യമായ ലോങ് ഷോട്ടുകളും ബോള്‍ കണ്‍ട്രോള്‍കൊണ്ടും ശ്രദ്ധേയമായ താരം 2023മുതല്‍ 19 ഗോളുകളും ലിവര്‍പൂളിനായി നേടിയിട്ടുണ്ട്.

ബ്രയാന്‍ എംബ്യൂമോ

യോഗ്യത നേടാതെ പുറത്തായ കാമറൂണിന്റെ റൈറ്റ് വിങ്ങറാണ് ബ്രയാന്‍ എംബ്യൂമോ. പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡിനുവേണ്ടി കളിക്കുന്ന എംബ്യൂമോ ക്ലബിനായി 72 ഗോളുകള്‍ നേടിയിട്ടുണ്ട്.

റോഡ്രിഗോ

കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കുമൂലം ബ്രസീല്‍ ടീമില്‍നിന്നും പുറത്തായ റയല്‍മാഡ്രിഡ് സൂപ്പര്‍താരമാണ് റോഡ്രിഗോ. റയലിനായി 76 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം 2 ചാമ്പ്യന്‍സ് ലീഗ്, മൂന്ന് ലാലിഗ ഉള്‍പ്പെടെ 13 കിരീടങ്ങള്‍ റയല്‍മാഡ്രിഡിനോപ്പം നേടിയിട്ടുണ്ട്.

ഹ്യൂഗോ എകിറ്റികെ

ഈ സീസണിലെ ലിവര്‍പൂള്‍-പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ലോകകപ്പ് സാനിധ്യം നഷ്ടപ്പെട്ട താരമാണ് എകിറ്റികെ. ലിവര്‍പൂളിനായി ഈ സീസണില്‍ 17 ഗോളുകള്‍ ഫ്രാന്‍സ് താരം നേടിയിട്ടുണ്ട്.

സാവി സൈമണ്‍സ്

ടോട്ടണ്‍ഹാം അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സൈമണ്‍സ് ഡച്ച് കളിക്കാരനാണ്. കണങ്കാലിനേറ്റ പരിക്കുമൂലമാണ് താരത്തിന് ഡച്ച് ടീമിനൊപ്പം ചേരാന്‍ കഴിയാതിരുന്നത്.

എസ്റ്റേവോ

പാല്‍മിരാസില്‍ ലോക ശ്രദ്ധ നേടി ചെല്‍സിയിലെത്തിയ ബ്രസീല്‍ താരമാണ് എസ്റ്റേവോ. മെസിഞ്ഞോ എന്ന് ആരാധകര്‍ വിളിക്കുന്ന യുവ താരം പരിക്കിന്റെ പിടിയിലായിരുന്നില്ലെങ്കില്‍ ബ്രസീല്‍ സ്‌ക്വാഡില്‍ ഉണ്ടാകുമായിരുന്ന കളിക്കാരനാണ്.

പരിക്കുമൂലം സ്‌പെയിന്‍ ടീമില്‍നിന്ന് ഫെര്‍മിന്‍ ലോപെസും സെര്‍ജ് ഗ്‌നാബ്രി ജര്‍മന്‍ സ്‌ക്വാഡില്‍നിന്നും പുറത്തായിരുന്നു. കോള്‍ പാര്‍മര്‍, ഫില്‍ ഫോഡന്‍ എന്നിവരെ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ട് കോച്ച് ടുച്ചേല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കുമൂലം ബ്രസീല്‍ ടീമില്‍നിന്നും മിലിറ്റാവോയും പുറത്താണ്. പെട്രോ, റിച്ചാലിസണ്‍ എന്നിവരും കോച്ച് ആന്‍സലോട്ടിയുടെ ടീമില്‍ ഇടംപിടിച്ചില്ല.

English Summary: With just 18 days left for the 2026 FIFA World Cup, teams are preparing to arrive in the United States from June 2 for final training camps. Several star players, however, will miss the tournament due to injuries, poor form, or their nations failing to qualify. Big names absent include Robert Lewandowski, Donnarumma, Tonali, Osimhen, Lookman, Kvaratskhelia, Szoboszlai and Bryan Mbeumo after their countries missed qualification. Injuries also ruled out stars like Rodrygo, Hugo Ekitike, Xavi Simons and Estevão, while England dropped Cole Palmer and Phil Foden over poor form.