ലോകകപ്പ് കിക്കോഫിന് ഇരുപത് ദിവസംമാത്രം ബാക്കിനില്‍ക്കെ കായികലോകം മുഴുവന്‍ ഫുട്‌ബോള്‍ ആരവത്തിലാണ്. 2026 ലോകകപ്പില്‍ പങ്കെടുക്കുന്ന 48 ടീമുകളുടെയും സാധ്യതാ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ 20ഓളം ടീമുകള്‍ മാത്രമാണ് 26 പേരുടെ അന്തിമ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത് .
പോര്‍ച്ചുഗല്‍ ടീമിന് ഇക്കുറി മുമ്പൊന്നുമില്ലാതിരുന്ന പ്രതേകതയാണ് 2026 വേള്‍ഡ്കപ്പ്. തങ്ങളുടെ ഇതിഹാസ താരവും നായകനുമായ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരിക്കുമിത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ എല്ലാം നേടിയിട്ടും ലോകകപ്പ്മാത്രം ഉടക്കിനിന്ന സങ്കടകഥയാണ് പോര്‍ച്ചുഗലിനും റൊണാള്‍ഡോക്കും പറയാനുള്ളത്. 41ാം വയസിലും ഇരുപതുകളിലെ ചുറുചുറുക്കോടെ കിരീടദാഹത്തിനായി പോരാടുന്ന റൊണാള്‍ഡോ ഒരു ലോകകപ്പ് അര്‍ഹിക്കുന്നുണ്ടെന്ന് എതിരാളികളും ആത്മഗതം പറയുന്നുണ്ട്. സൗദി പ്രോ ലീഗില്‍ ഇന്നലെ കിരീടം ഉയര്‍ത്തിയ റൊണാള്‍ഡോ, അടുത്തമാസം അമേരിക്കയില്‍ കണ്ടുമുട്ടാം എന്ന വെല്ലുവിളിയുംകൂടെയാണ് ലോകത്തിനു നല്‍കിയത്.
രാജ്യത്തിനായി 226 മത്സരങ്ങളില്‍ 143 ഗോളുകളും 40+ അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഇതില്‍ 10 ഹാട്രികുകളും ഉള്‍പ്പെടുന്നുണ്ട്. ടീമിന്റെ മുഖമുദ്രയായ റൊണാള്‍ഡോതന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. യൂറോപിലേയും മറ്റും മേജര്‍ ടീമുകളിലെ നെടുംതൂണുകളാണ് റൊണാള്‍ഡോക്കുപിന്നില്‍ അണിനിരക്കുന്നത് എന്നതുകൊണ്ടുതന്നെയാണ് ലോകകപ്പ് പോര്‍ച്ചുഗലിലേക്ക് പോകാന്‍ സാധ്യതയേറെയെന്ന് അനലിസ്റ്റുകള്‍ പറയുന്നതും. പരിചയസമ്പന്നരെയും യുവതാരങ്ങളെയും മികച്ച രീതിയില്‍ ചേര്‍ത്തിണക്കിയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് അന്തിമ സക്വോഡിനെ തയ്യാറാക്കിയിട്ടുള്ളത്.
എസി മിലാന്‍ പ്ലയര്‍ റാഫേല്‍ ലിയാവോ, ചെല്‍സി താരം പെഡ്രോ നെറ്റോ, അല്‍ നസറില്‍നിന്ന് ജോവോ ഫെലിക്‌സ്, പിഎസ്ജിയുടെ ഗോണ്‍സാലോ റാമോസ്, യുവന്റസ് താരം ഫ്രാന്‍സിസ്‌കോ, ട്രിന്‍കാവോ, ഗോണ്‍സാലോ എന്നിവരാണ് മുന്നേറ്റനിരയില്‍ ടീമിന് ശക്തിപകരുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിശ്വസ്ഥന്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, സിറ്റി കിങ് ബെര്‍ണാര്‍ഡോ സില്‍വ, പിഎസ്ജി റോക്കറ്റ് വിറ്റിഞ്ഞ, പിഎസ്ജിയുടെതന്നെ ജോവോ നെവസ്, അല്‍ഹിലാല്‍താരം റൂബന്‍ നെവസ്, സിറ്റിയുടെ മാത്യൂസ് നൂനസ്, സാമു കോസ്റ്റ എന്നിവരാണ് മിഡ്ഫീല്‍ഡര്‍മാര്‍.
അല്‍ഹിലാല്‍ മതില്‍ ജോവോ കാന്‍സലോ, യുണൈറ്റഡ് താരം ഡിയോഗോ ഡലോട്ട്, സിറ്റിയുടെ റൂബന്‍ ഡയസ്, പിഎസ്ജിയുടെ നൂനോ മെന്‍ഡസ്, ഗോണ്‍സാലോ ഇന്നാസിയോ, റെനാറ്റോ വെയ്ഗ, തോമസ് അറാവോ, നെല്‍സണ്‍ സെമേദോ എന്നിവരാണ് പ്രതിരോധനിര ഭദ്രമാക്കുന്നത്.
എഫ്സി പോര്‍ട്ടോ താരം ഡിയോഗോ കോസ്റ്റയാണ് പ്രധാന ഗോള്‍ കീപ്പര്‍. കൂടെ ജോസെയും റൂയി സില്‍വയും ഉണ്ട്. കഴിഞ്ഞവര്‍ഷം കാറപകടത്തില്‍ മരണപ്പെട്ട തങ്ങളുടെ പ്രിയതാരം ഡിയാഗോ ജോട്ടയേയും ആദരസൂചകമായി ടീമിലുള്‍പ്പെടുത്തിയായിരുന്നു റോബര്‍ട്ടോ മാര്‍ട്ടിനെസ് അന്തിമ സക്വോഡ് പുറത്തുവിട്ടിരുന്നത്.
English Summary: The 2026 World Cup is expected to be the final World Cup for Cristiano Ronaldo, who is still chasing the only major trophy missing from his career. Even at 41, Ronaldo continues to lead Portugal with the same hunger and passion for success. With stars like Bruno Fernandes, Bernardo Silva and Rafael Leão, Portugal have one of their strongest squads ever. Coach Roberto Martínez has blended experience and youth perfectly, raising hopes of a historic World Cup triumph.